Image

യുവതിക്ക് അശ്ലീല സന്ദേശമയച്ചയാളെ തട്ടിക്കൊണ്ട് പോയി മര്‍ദ്ദിച്ചു

ജോബിന്‍സ് Published on 22 November, 2021
യുവതിക്ക് അശ്ലീല സന്ദേശമയച്ചയാളെ തട്ടിക്കൊണ്ട് പോയി മര്‍ദ്ദിച്ചു
ഇന്‍സ്റ്റഗ്രാമിലൂടെ യുവതിയ്ക്ക് അശ്ലീല സന്ദേശമയച്ചെന്ന് ആരോപിച്ച് തൊടുപുഴ സ്വദേശിയായ യുവാവിനെ ആറംഗസംഘം തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചു. സംഭവത്തില്‍ പൊലീസ് 4 പേരെ കസ്റ്റഡിയില്‍ എടുത്ത് റിമാന്‍ഡ് ചെയ്തു. സന്ദേശമയച്ച യുവാവിനെതിരെയും കേസെടുത്തു.

തൊടുപുഴ കാളിയാര്‍ സ്വദേശിയായ അനുജിത്തിന്റെ ഭാര്യക്ക് ഇന്‍സ്റ്റഗ്രാമിലൂടെ 23കാരനായ യുവാവ് അശ്ലീല സന്ദേശമയച്ചിരുന്നു. ഇതേ തുടര്‍ന്ന് അനുജിത്തും മറ്റ് അഞ്ച് പേരും ചേര്‍ന്ന് യുവാവിനെ വെള്ളിയാഴ്ച്ച വൈകുന്നേരം തൊടുപുഴ കെഎസ്ആര്‍ടിസി ജംക്ഷനില്‍ നിന്നും യുവാവിനെ കാറില്‍ തട്ടിക്കൊണ്ടു പോകുകയായിരുന്നു. ഇവര്‍ ഇയാളെ കോലാനി, മണക്കാട്, കാളിയാര്‍, ഏഴല്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളിലൂടെ രാത്രി കൊണ്ടുപോകുകയും മര്‍ദ്ദിക്കുകയും ചെയ്തു. ഇതിനിടെ പ്രതികള്‍ യുവാവിനെ ലൈംഗികമായി പീഡിപ്പിച്ചതായും പൊലീസ് പറഞ്ഞു.

ശനിയാഴ്ച രാവിലെ അശ്ലീല സന്ദേശം അയച്ച സംഭവത്തില്‍ പരാതിയുമായി പ്രതികള്‍ യുവാവിനൊപ്പം തൊടുപുഴ പൊലീസ് സ്റ്റേഷനില്‍ എത്തി. യുവാവിന്റെ ഫോണ്‍ പരിശോധിച്ചപ്പോള്‍ ഇയാള്‍ അയച്ച സന്ദേശങ്ങള്‍ പൊലീസ് കണ്ടെത്തുകയും കേസെടുക്കുകയും ചെയ്തു. അവശനിലയിലായിരുന്ന യുവാവിനെ ജില്ലാ ആശുപത്രിയില്‍ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ ലൈംഗിക പീഡനത്തിന് ഇരയായെന്ന് കണ്ടെത്തി. തുടര്‍ന്ന് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക