Image

ഇടുക്കി ഡാമില്‍ വന്‍ മരം ഒഴുകിയെത്തി ; അപകടം ഒഴിവായത് തലനാരിഴയ്ക്ക്

ജോബിന്‍സ് Published on 22 November, 2021
ഇടുക്കി ഡാമില്‍ വന്‍ മരം ഒഴുകിയെത്തി ; അപകടം ഒഴിവായത് തലനാരിഴയ്ക്ക്
ഇടുക്കി ഡാമില്‍ ഒരു വന്‍ അപകടം ഒഴിവാക്കിയത് തലനാരിഴയ്ക്ക്. ഷട്ടര്‍ തുറന്നുകിടന്ന ചെറുതോണി ഡാമിലേയ്ക്കാണ് മരം ഒഴുകിയെത്തിയത്. പ്രളയവും കെഎസ്ബിയ്ക്ക് ഉണ്ടാകാമായിരുന്ന വന്‍ നഷ്ടവുമാണ് കൃത്യമായ ഉദ്യോഗസ്ഥ ഇടപെടല്‍ മൂലം ഒഴിവായത്. 

ശനിയാഴ്ച രാത്രി ഒന്‍പതരയോടെയാണ് സംഭവം. അണക്കെട്ടിന്റെ സുരക്ഷ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരിലൊരാളാണ് വെള്ളത്തിലൂടെ എന്തോ ഒഴുകി വരുന്നത് കണ്ടത്. ആന നീന്തുന്നതാണെന്നാണ് അദ്ദേഹം ആദ്യം കരുതിയത്. കൂടുതല്‍ പരിശോധിച്ചപ്പോള്‍ വലിയ മരമാണെന്ന് മനസ്സിലായി. ഉടന്‍ തന്നെ അണക്കെട്ടിലുണ്ടായിരുന്ന കെഎസ്ഇബി അസ്സിസ്റ്റന്റ് എന്‍ജിനീയര്‍ എം പി സാജുവിനെ അറിയിച്ചു. ഷട്ടര്‍ തുറന്നിരിക്കുന്നതിനാല്‍ ഇതിനിടയില്‍ മരം കുടങ്ങാനുള്ള സാധ്യത ഏറെയായിരുന്നു.  

അതിനാല്‍ ഇദ്ദേഹം  വേഗം ഡാം സേഫ്റ്റി ചീഫ് എഞ്ചിനീയറെ വിളിച്ചു. ഉടന്‍ ഷട്ടറടയ്ക്കാന്‍ ചീഫ് എന്‍ജിനീയര്‍ നിര്‍ദേശം നല്‍കിയെങ്കിലും ജില്ലാ കളക്ടറുടെ അനുമതി ഇല്ലാതെ അടക്കാനാകില്ല. തുടര്‍ന്ന് ചെയര്‍മാന്‍ ഉള്‍പ്പെടെ ഇടപെട്ട് കളക്ടറെ കാര്യം പറഞ്ഞ് ബോധ്യപ്പെടുത്തി അരമണിക്കൂറിനുള്ളില്‍ ഷട്ടറടച്ചു.  ഈ സമയം മരം ഏതാണ്ട് ഷട്ടറിനടുത്ത് വരെ എത്തിയിരുന്നു. തുടര്‍ന്ന് അഗ്‌നി രക്ഷാ സേനയുടെ സഹായത്തോടെ ബോട്ടിലെത്തി മരം കെട്ടി വലിച്ച് കരക്കടുപ്പിച്ചു.  മരത്തിന്റെ വേര് ഭാഗത്തിന് 1.5 മീറ്ററോളം വീതിയുണ്ട്. 

തടിക്ക് എട്ടടിയിലധികം നീളവുമുണ്ട്. ഈ മരം  കുടുങ്ങിയിരുന്നെങ്കില്‍ ഷട്ടര്‍ പിന്നീട് 4 മീറ്ററോളം ഉയര്‍ത്തേണ്ടി വന്നേനെ. മരം ഷട്ടറില്‍ ഉടക്കിയാല്‍  ജലനിരപ്പ് 2373 ന് താഴെ എത്തിച്ചാലേ പുറത്തെടുക്കാന്‍ കഴിയൂ. ഇത് വന്‍ നഷ്ടത്തിനും പ്രളയത്തിനും കാരണമാകുമായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക