Image

വേരുകൾ പച്ച ( കവിത : സിന്ധു സതീഷ്)

Published on 22 November, 2021
 വേരുകൾ പച്ച ( കവിത : സിന്ധു സതീഷ്)
വേരുകൾക്ക് പച്ചയാണ്
ഇലകൾ  കരിഞ്ഞുവെങ്കിലും
ശാഖകൾ അസ്ഥിയായ്
നീണ്ട കരങ്ങൾ വിടർത്തിയെങ്കിലും !

ഉൾക്കാമ്പു പച്ചയായ്
കാതൽ ജീവനിൽ
ഉയിർ പൊടിച്ച ഞരമ്പുകൾ
ഉർവിയെ തുളച്ചു പടർന്നു കുതിർന്നു !

ഉള്ളം തുടിപ്പുണ്ട്
ജീവശ്വാസം ധമനിയെ
നീരു വറ്റാത്തൊരുറവയെ
പെറ്റു പുൽകാൻ കൊതിച്ചു !

വേരു കുതിർന്ന നിശാശയ്യയിൽ
ഉപ്പുനീരിന്റെയാദ്യ തുള്ളിയിൽ
പച്ച വേരു പടർന്ന വേഗത്തിൽ
ഭൂമി പുഷ്പിണിയായ്  !

ജീവ ജലവും കനിവും ലവണവും
പച്ചയിൽ ജീവൻ പിടിച്ചു നിർത്തി
വേരുപടർന്ന മഹാവൃക്ഷശാഖിയെ
വെട്ടി വീഴ്ത്താനിനിയാർക്കു പറ്റും?

പടർന്ന ശാഖിയിൽ ഇടതൂർന്ന ചില്ലയിൽ
വസന്തം പണിത നെയ്ത്തുശാലകൾ
വർഷത്തേരിലിറങ്ങീ മനോഹരമാം
പൂക്കൾ പൂമ്പാറ്റച്ചിറകു പോലെ !

പീതവർണ്ണം കർണ്ണികാര കുസുമങ്ങൾ
പാതിയിൽ പൂത്തതും പാതി വിടർന്നതും
വേരുകൾ പച്ചയിൽ മണ്ണിൻ ചുവപ്പിലായ്
കൈകോർത്തു നിന്നു നീലാകാശവും !

ഇവിടെയിരുളിന്റെ തായ് വേരു
ശാഖകളായ്പ്പിരിഞ്ഞുൾക്കുടന്നയിൽ
നീരു വറ്റാത്ത പുതുനാമ്പുകൾ
ജീവന്റെ വേരുകൾ അസ്ഥികൾ !!

വേരുകളുറച്ചു പടർന്നു പോയ്
കഴിയില്ലവയെയടർത്തിമാറ്റാൻ
നോവുതീരില്ലിനിയീ ചെറു വേരുകൾ
വാക്കാലടർത്തിക്കളഞ്ഞിടല്ലേ ....

താങ്ങില്ല ഈ മഹാ വൃക്ഷമിനിയീ
വേരിന്റെ താങ്ങു നിലച്ചു പോയാൽ
വേരറ്റു വീണു കിടക്കുവാനല്ല ഞാൻ
ഭൂമിയിൽ പച്ചപ്പിലൂടെ ചരിക്കാൻ!

ചിരിക്കാൻ കരയാതിരിക്കാൻ
കരച്ചിലിന്നുപ്പുരസം പകർന്നാൽ
പച്ച വേരുകൾ വാടിപ്പിടയു -
മതിന്നുള്ള മാർഗ്ഗം നടന്നു കൂടാ ...

അകലെ നിന്നെത്തുന്ന പക്ഷികൾ
രാത്രിയിൽ കടലോളം സ്നേഹ
കനികൾ ഭക്ഷിച്ചെന്റെ ശിഖരത്തിലിത്തിരി
നേരമിരുന്നു പറന്നു പോട്ടേ

അതിലൂടെ ഈ ലോക സുകൃതങ്ങളൊക്കെയും
അരുമയായ് ഞാനൊന്നറിഞ്ഞിടട്ടെ
ഒരു മാത്രയെങ്കിലും ഒരു മാത്രയെങ്കിലും !

പോയി വരുന്ന വസന്തവും ഞാനും
നേർക്കുനേർ കണ്ണുകൾ കൂട്ടിമുട്ടേ
ഇനിയുമൊരായിരം വസന്ത ശാഖകൾ
പൂത്തു നിറയുമെൻ ചില്ലയിൽ ഞാൻ!

ആടിയുലഞ്ഞ ഹിമകണികകൾ
എന്റെ മേൽ ഇന്ദ്രചാപങ്ങൾ വിരിയിക്കവേ
ഈ പ്രപഞ്ച വിഹായസും ഞാനും
വേറെയല്ലൊന്നെന്നത്തോർത്തു പോകും!
 വേരുകൾ പച്ച ( കവിത : സിന്ധു സതീഷ്)
Join WhatsApp News
ആനി ജോർജ്ജ് 2022-07-21 11:24:37
നന്നായിട്ടുണ്ട്, സിന്ധു... ഇനിയുമിനിയും എഴുതൂ 👍🏼
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക