Image

ഹലാല്‍ വിഷയത്തില്‍ സന്ദീപ് വാര്യരെ തള്ളി സുരേന്ദ്രന്‍; പോസ്റ്റ് പിന്‍വലിക്കുകയാണെന്ന് സന്ദീപ്

Published on 21 November, 2021
ഹലാല്‍ വിഷയത്തില്‍ സന്ദീപ് വാര്യരെ തള്ളി സുരേന്ദ്രന്‍; പോസ്റ്റ് പിന്‍വലിക്കുകയാണെന്ന് സന്ദീപ്


തിരുവനന്തപുരം: ഹലാല്‍ വിഷയത്തില്‍ പാര്‍ട്ടി വക്താവ് സന്ദീപ് വാര്യരുടെ നിലപാടിനെ തള്ളി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. ഹലാല്‍ ഭക്ഷണത്തിനു പിന്നില്‍ തീവ്രവാദ ശക്തികളാണെന്ന് കെ. സുരേന്ദ്രന്‍ പറഞ്ഞു. ഇതോടെ ഹലാല്‍ വിവാദത്തില്‍ താന്‍ നേരത്തെ ഇട്ട ഫേയ്‌സ്ബുക്ക് പോസ്റ്റ് പിന്‍വലിക്കുകയാണെന്ന് വ്യക്തമാക്കി സന്ദീപ് വാര്യരും രംഗത്തെത്തി. ഹലാല്‍ ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത് നിഷ്‌കളങ്കമായല്ലെന്നും ഹലാല്‍ സംസ്‌കാരം ഉണ്ടാക്കുന്നതിന് പിന്നില്‍ കൃത്യമായ അജണ്ടയുണ്ടെന്നും കെ. സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് പറഞ്ഞതാണ് പാര്‍ട്ടി നിലപാടെന്ന് വ്യക്തമാക്കിയ സംസ്ഥാന നേതൃത്വം, സന്ദീപ് വാര്യരെ ശക്തമായി വിമര്‍ശിച്ചു. പാര്‍ട്ടി ഭാരവാഹികള്‍ ഇത്തരം വിഷയത്തില്‍ എടുക്കുന്ന നിലപാടുകള്‍ പാര്‍ട്ടി നിലപാടുമായി ചേര്‍ന്നുനില്‍ക്കുന്നതാകണ
മെന്ന് ബി.ജെ.പി  സംസ്ഥാന സെക്രട്ടറി പി. സുധീര്‍ പറഞ്ഞു. 

ഇതോടെ പോസ്റ്റ് പിന്‍വലിക്കുകയാണെന്ന് വ്യക്തമാക്കി സന്ദീപ് വാര്യര്‍ രംഗത്തെത്തി. കോഴിക്കോട്ടെ പ്രമുഖ റസ്റ്റോറന്റിനെതിരെ മത മൗലികവാദികള്‍ നടത്തുന്ന സംഘടിത സാമൂഹിക മാധ്യമ ആക്രമണം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് ഇത്തരത്തിലുള്ള നിലപാട് സ്വീകരിച്ചതെന്നും സന്ദീപ് ഫെയ്സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. തന്റെ ഉദ്ദേശ്യശുദ്ധി മനസ്സിലാക്കാതെ മാധ്യമങ്ങള്‍ അത് പാര്‍ട്ടി നിലപാടിന് വിരുദ്ധമാണെന്ന് വരുത്തിത്തീര്‍ക്കുകയും പ്രവര്‍ത്തകര്‍ തെറ്റിദ്ധരിക്കാനിടയാവുകയും ചെയ്തിട്ടുണ്ട്. പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് നിലപാട് വ്യക്തമാക്കിയതോടെ നേരത്തെ ഇട്ട പോസ്റ്റ് പിന്‍വലിക്കുകയാണെന്നും സന്ദീപ് വാര്യര്‍ വ്യക്തമാക്കി. ഹലാല്‍ ഭക്ഷണത്തിനെതിരെ ബി.ജെ.പിയും മറ്റ് ശക്തികളും പ്രചാരണം ശക്തമാക്കിയ സാഹചര്യത്തില്‍ ഈ നിലപാട് തെറ്റാണെന്ന് പരസ്യമായി പ്രഖ്യാപിച്ച് സന്ദീപ് വാര്യര്‍ രംഗത്തെത്തിയത് ബി.ജെ.പിയെ വെട്ടിലാക്കിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക