Image

എറണാകുളം സെന്റ് മേരീസ് ബസിലിക്കയില്‍ പുതിയ കുര്‍ബാന ചൊല്ലാന്‍ ആലഞ്ചേരി; പറേക്കാട്ടില്‍ ദിനാചരണവുമായി വൈദികര്‍

Published on 21 November, 2021
എറണാകുളം സെന്റ് മേരീസ് ബസിലിക്കയില്‍ പുതിയ കുര്‍ബാന ചൊല്ലാന്‍ ആലഞ്ചേരി; പറേക്കാട്ടില്‍ ദിനാചരണവുമായി വൈദികര്‍


കൊച്ചി: സീറോ മലബാര്‍ സഭയിലെ പുതുക്കിയ ആരാധനക്രമം അനുസരിച്ചുള്ള പുതിയ കുര്‍ബാന എറണാകുളം ബസിലിക്കയില്‍ ഉദ്ഘാടനം ചെയ്യാനൊരുങ്ങി കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. മേജര്‍ ആര്‍ച് ബിഷപിന്റെ സ്ഥാനിക ദേവാലയമെന്ന നിലയില്‍ സെന്റ് മേരീസ് ബസിലിക്കയില്‍ തന്നെ കുര്‍ബാന ചൊല്ലാന്‍ കര്‍ദിനാളിന്റെ തീരുമാനം. ഇക്കാര്യം ബസിലിക്ക വികാരി തന്നെ ഇന്നത്തെ കുര്‍ബാന മധ്യേ പള്ളിയില്‍ അറിയിച്ചു. ഞായറാഴ്ച രാവിലെ 8 മണിക്കായിരിക്കും കുര്‍ബാന അര്‍പ്പിക്കുക. മറ്റ് ഇടങ്ങളില്‍ പുതുക്കിയ ആരാധനക്രമം നടപ്പിലാക്കാന്‍ ഈസ്റ്റര്‍ വരെ സിനഡ് സാവകാശം അനുവദിച്ചിട്ടുണ്ട്.

എന്നാല്‍ ഇതിനകം വത്തിക്കാനില്‍ നിന്നും പുതുക്കിയ കുര്‍ബാന നടപ്പാക്കുന്നത് വൈകിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് വരുമെന്ന പ്രതീക്ഷയിലാണ് എറണാകുളത്തെ വൈദികരും വിശ്വാസികളും. തൃശൂര്‍, താമരശേരി അടക്കമുള്ള രൂപതകളിലെ ഭുരിപക്ഷം വൈദികരും ജനാഭിമുഖ കുര്‍ബാനയ്ക്ക് വേണ്ടി നിലകൊള്ളുകയാണ്. ഇതിനകം തന്നെ വിവിധ രൂപതകളുടെ പ്രതിനിധികള്‍ വത്തിക്കാന്‍ സ്ഥാനപതിയെ കണ്ട് വിയോജിപ്പ് അറിയിച്ചു. 

അതേസമയം, 28ന് വൈകിട്ട് 3ന് എറണാകുളത്തെ 400ല്‍ ഏറെ വരുന്ന വൈദികര്‍ ഒത്തുചേര്‍ന്ന് സെന്റ് മേരീസ് ബസിലിക്കയില്‍ ജനാഭിമുഖ കുര്‍ബാന നടത്തും. ജനാഭിമുഖ കുര്‍ബാനയുടെ വക്താവായ കര്‍ദിനാള്‍ മാര്‍ ജോസഫ് പാറേക്കാട്ടില്‍ അനുസ്മരണ പരിപാടിയോടെയായിരിക്കും ചടങ്ങ്. അതിരൂപതയിലെ വിശ്വാസികളും ചടങ്ങില്‍ പങ്കെടുക്കും. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക