Image

ബിനീഷിന്റെ ജാമ്യ ഉത്തരവ് പുറത്ത് ; അന്വേഷണ ഏജന്‍സിക്ക് തിരിച്ചടി

ജോബിന്‍സ് Published on 21 November, 2021
ബിനീഷിന്റെ ജാമ്യ ഉത്തരവ് പുറത്ത് ; അന്വേഷണ ഏജന്‍സിക്ക് തിരിച്ചടി
ബിനീഷ് കോടിയേരിക്ക് ജാമ്യം നല്‍കി കൊണ്ടുള്ള കര്‍ണ്ണാടക ഹൈക്കോടതിയുടെ ഉത്തരവിന്റെ പകര്‍പ്പ് പുറത്ത്. ലഹരിയിടപാടുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ ബിനീഷ് കോടിയേരിക്കെതിരെ  നേരിട്ടുള്ള തെളിവ് ഹാജരാക്കാന്‍ അന്വേഷണ ഏജന്‍സിക്ക് കഴിഞ്ഞിട്ടില്ലെന്ന് കര്‍ണാടക ഹൈക്കോടതി ജാമ്യ ഉത്തരവില്‍ പറഞ്ഞിട്ടുണ്ട്.  സംശയം വെച്ച് മാത്രം ജാമ്യം നല്‍കാതിരിക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.

ഇപ്പോള്‍ ജാമ്യം ലഭിച്ചെങ്കിലും ബിനീഷിന് പൂര്‍ണമായും ആശ്വസിക്കാനായിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്. നാര്‍ക്കോട്ടിക് കണ്ട്രോള്‍ ബ്യൂറോ രജിസ്റ്റര്‍ ചെയ്ത മയക്കുമരുന്ന് കേസില്‍ അന്വേഷണം ഏതെങ്കിലും സാഹചര്യത്തില്‍ ബിനീഷിലേക്കെത്തിയാല്‍ വീണ്ടും കുരുക്ക് മുറുകും. ബിനീഷിന് ജാമ്യം നല്‍കിയതിനെതിരെ ഇഡി സുപ്രീം കോടതിയെ സമീപിച്ചേക്കും. കോടതിയില്‍ രണ്ട് കേന്ദ്ര ഏജന്‍സികളും ഇനി സ്വീകരിക്കുന്ന നിലപാടും നിര്‍ണായകമാണ്.

2020 നവംബര്‍ 11 നാണ് രണ്ടാം വട്ട ചോദ്യം ചെയ്യലിനായി ബിനീഷ് കോടിയേരിയെ ബെംഗളൂരുവിലേക്ക് വിളിച്ചുവരുത്തി ഇഡി നാടകീയമായി അറസ്റ്റ് ചെയ്യുന്നത്. കോടിയേരി ബാലകൃഷ്ണന്റെ മകനായത് കൊണ്ട് വേട്ടയാടുകയാണെന്നും ലഹരി ഇടപാട് കെട്ടിച്ചമച്ച ആരോപണം മാത്രമാണെന്നും ആയിരുന്നു കോടതിയില്‍ തുടക്കം മുതലേ ബിനീഷിന്റെ നിലപാട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക