Image

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ശനിയാഴ്ച(ജോബിന്‍സ്)

ജോബിന്‍സ് Published on 20 November, 2021
വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ശനിയാഴ്ച(ജോബിന്‍സ്)
കര്‍ഷക സമരം തുടരാന്‍ സമര സമിതി തീരുമാനിച്ചു. ട്രാക്ടര്‍ റാലി അടക്കം മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം സമരം നടക്കും. കാബിനറ്റില്‍ പോലും കൂടിയാലോചന നടത്താതെയാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. നിയമം റദ്ദാക്കുന്ന സാങ്കേതിക നടപടികള്‍ സര്‍ക്കാര്‍ പൂര്‍ത്തിയാക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. കര്‍ഷകര്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കുന്നതില്‍ തീരുമാനം എടുക്കണമെന്നും സമര സമിതി ആവശ്യപ്പെട്ടു.
******************************
ജമ്മുകശ്മീരിലെ  കുല്‍ഗാമില്‍ സുരക്ഷസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. കുല്‍ഗാമിലെ ആഷ്മുജിയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ഒരു ഭീകരനെ വധിക്കാന്‍ സുരക്ഷസേനക്കായിട്ടുണ്ട് . എന്നാല്‍  ഇയാളെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ലെന്ന് ജമ്മുകശ്മീര്‍ പൊലീസ് അറിയിച്ചു. ഒരാഴ്ചക്കിടെ കുല്‍ഗാമിലുണ്ടായ ഏറ്റുമുട്ടലുകളില്‍ അഞ്ച് ഭീകരരെയാണ് സൈന്യം വധിച്ചത്.
****************************
രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് അനിവാര്യമാണെന്ന് അലഹബാദ് ഹൈക്കോടതി അറിയിച്ചു . മിശ്രവിവാഹവുമായി ബന്ധപ്പെട്ട 17 ഓളം ഹര്‍ജികള്‍ പരിഗണിക്കവേയായിരുന്നു കോടതിയുടെ ഈ പരാമര്‍ശം .അതെസമയം ആര്‍ട്ടിക്കിള്‍ 44-മായി ബന്ധപ്പെട്ട ഉത്തരവ് നടപ്പാക്കുന്നതിന് ഒരു പാനല്‍ രൂപീകരിക്കുന്നത് പരിഗണിക്കാനും കേന്ദ്ര സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട് .ഇന്ത്യയില്‍ ഉടനീളം ഏകീകൃത സിവില്‍ കോഡ് അത്യാവശ്യമാണെന്നും കോടതി നിരീക്ഷിച്ചു.
******************************
ആരെയും മത പരിവര്‍ത്തനം ചെയ്യേണ്ട ആവശ്യം ഇല്ലെന്നും ഇന്ത്യയെ വിശ്വ ഗുരു ആക്കുന്നതിന് വേണ്ടി ഏകോപനത്തോടെ ഒരുമിച്ച് മുന്നേറണം എന്നും രാഷ്ട്രീയ സ്വയം സേവക് സംഘ് മേധാവി മോഹന്‍ ഭാഗവത് . എല്ലാവരേയും ജീവിക്കാന്‍ പഠിപ്പിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഛത്തീസ്ഗഡില്‍ സംഘടന അംഗങ്ങളുടെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സംഘ് മേധാവി മോഹന്‍ ഭാഗവത്.
******************************
കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രിയങ്കാ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തച്ചു. കേന്ദ്രമന്ത്രി അജയ് മിശ്രയുമായി പ്രധാനമന്ത്രി വേദി പങ്കിടരുതെന്ന് കത്തില്‍ പറയുന്നു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതിനുപിന്നാലെ വിവാദ മന്ത്രിയോടൊപ്പം വേദി പങ്കിടുന്നത് തെറ്റാണ്. ഇന്നത്തെ ഡിജിപിമാരുടെ യോഗത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കരുതെന്നും പ്രിയങ്ക ഗാന്ധി കത്തില്‍ ആവശ്യപ്പെട്ടു.
********************************
രാജ്യത്തെ വിമാനത്താവളങ്ങളുടെ എണ്ണം ഇരട്ടിയിലധികമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതി തയ്യാറാക്കുന്നതായി കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. 2023-24 ഓടെ രാജ്യത്തെ വിമാനത്താവളങ്ങളുടെ എണ്ണം 200-ല്‍ അധികമാക്കാനാണ് പദ്ധതി.സംസ്ഥാനങ്ങളുടേയും കേന്ദ്രഭരണ പ്രദേശങ്ങളുടേയും സഹകരണത്തില്‍ ഓരോ ജില്ലയിലും ഒരു ഹെലിപോര്‍ട്ട് എങ്കിലും സ്ഥാപിക്കാന്‍ കേന്ദ്രം പദ്ധതിയിടുന്നതായും വ്യോമയാന മേഖലയുടെ ചുമതലയുള്ള സംസ്ഥാന മന്ത്രിമാരുടെ യോഗത്തില്‍ ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.
***************************
ഏറെ വിവാദമായ കൊടകര കുഴല്‍പ്പണ കവര്‍ച്ചാക്കേസിലെ പ്രതി ആത്മഹത്യക്ക് ശ്രമിച്ച്. വെള്ളാങ്ങല്ലൂര്‍ തേക്കാനത്ത് എഡ്വിനെയാണ് ഉറക്ക ഗുളിക കഴിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാളെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കേസിലെ 19-ാം പ്രതിയാണ് എഡ്വിന്‍. പൊലീസ് ക്രൂരമായി മര്‍ദിച്ചതായും കുടുംബത്തെ ഭീഷണിപ്പെടുത്തി മാനസീക സമ്മര്‍ദത്തിലാക്കി പീഡിപ്പിച്ചതായും എഡ്വിന്‍ ഡോക്ടര്‍മാര്‍ക്കും പൊലീസിനും മൊഴി നല്‍കി.
*****************************
ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ കൊലപ്പെടുത്തിയത് രാഷ്ട്രീയ വിരോധം മൂലമെന്ന് എഫ്‌ഐആര്‍. കണ്ടാലറിയാവുന്ന അഞ്ചു പേരാണ് കൃത്യം നടത്തിയത്. എഫ്‌ഐആറിന്റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി. അതിനിടെ പ്രതികളെ പിടികൂടാത്തത്തില്‍ പ്രതിഷേധിച്ച് അമ്മമാരെ അണിനിരത്തി സംസ്ഥാന വ്യാപക പ്രക്ഷോഭം നടത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു. കൊലപാതകം നടത്തിയത് എസ്ഡിപിഐയുടെ അറിവോടെയാണെന്ന് പ്രത്യോക അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്. 
*****************************
മുന്നാക്ക സംവരണം  കൊണ്ടുവന്നത് നിലവിലെ സംവരണം അട്ടിമറിക്കാനല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . സംവരണേതര വിഭാഗത്തില്‍ ഒരു വിഭാഗം ദരിദ്രരാണെന്നാണ് മുഖ്യമന്ത്രിയുടെ ഓര്‍മ്മപ്പെടുത്തല്‍. ചിലര്‍ അനാവശ്യ വിവാദം ഉണ്ടാക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെ വിവരശേഖരണത്തിനായുള്ള സാമ്പത്തിക സര്‍വ്വേ നടപടികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക