Image

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം ; എസ്ഡിപിഐ പ്രവര്‍ത്തകരെ കേന്ദ്രീകരിച്ച് അന്വേഷണം

ജോബിന്‍സ് Published on 20 November, 2021
ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം ; എസ്ഡിപിഐ പ്രവര്‍ത്തകരെ കേന്ദ്രീകരിച്ച് അന്വേഷണം
പാലക്കാട് മമ്പറത്ത് ആര്‍എസ്എസ് പ്രവര്‍ത്തകനായ യുവാവിനെ ഭാര്യയുടെ മുന്നിലിട്ട് അതിദാരുണമായി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. കേസുമായി ബന്ധപ്പെട്ട് പോലീസ് കോടതിയില്‍ സമര്‍പ്പിച്ച എഫ്‌ഐആറിലും പ്രതികളുടെ പേരില്ല. 

കണ്ടാലറിയാവുന്ന അഞ്ച് പേര്‍ എന്നാണ് പ്രതികളെക്കുറിച്ച് സൂചന നല്‍കിയിരിക്കുന്നത്. വെളുത്ത കാറിലാണ് ഇവര്‍ എത്തിയതെന്നും രാഷ്ട്രീയ വിരോധമാണ് കൊലപാതകത്തിന് കാരണമെന്നും എഫ്‌ഐആറില്‍ പറയുന്നു. എസ്ഡിപിഐ ആണ് കൊലപാതകത്തിന് പിന്നിലെന്നാണ് ബിജെപിയുടെ ആരോപണം. 

കേസുമായി ബന്ധപ്പെട്ട് എസ്ഡിപിഐ പ്രവര്‍ത്തകരേയും പോലീസ് ചോദ്യം ചെയ്‌തെങ്കിലും പ്രതികളെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. പ്രതികള്‍ക്കായി തമിഴ്‌നാട്ടിലെ എസ്ഡിപിഐ ശക്തി കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം തുടങ്ങിയിട്ടുണ്ട്. തൃശ്ശൂരിലേക്ക് പോകാതെ സര്‍വ്വീസ് റോഡില്‍ നിന്നും തമിഴ്‌നാനാട് ഭാഗത്തേക്ക് പ്രതികള്‍ കടന്നുവെന്ന സംശയത്തെത്തുടര്‍ന്നാണ് എസ്ഡിപിഐയുടെ ശക്തി കേന്ദ്രങ്ങളായ കോയമ്പത്തൂരിലെ ഉക്കടം, കരിമ്പുകട എന്നിവിടങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചത്.

അതിനിടെ പ്രതികള്‍ സഞ്ചരിച്ച മാരുതി 800 വാഹനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടു. പഴയ വാഹനമാണ്. അതിന്റെ ചില്ലുകളില്‍ കൂളിങ് ഗ്ലാസ് ഒട്ടിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ 9 മണിക്ക് ഭാര്യയ്‌ക്കൊപ്പം ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെയാണ് കാറിലെത്തിയ അഞ്ചംഗസംഘം സഞ്ജിത്തിനെ ഇടിച്ചുവീഴ്ത്തി ആക്രമിച്ചത്. തലയിലേറ്റ വെട്ടാണ് മരണത്തിലേക്ക് നയിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം പ്രാഥമിക പരിശോധനയില്‍ വ്യക്തമാക്കിയിരുന്നു. മുപ്പതിലേറെ വെട്ടുകളാണ് സഞ്ജിത്തിന്റെ ശരീരത്തിലേറ്റത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക