Image

പോലീസ് പീഡനമെന്ന് പരാതി ; കൊടകരക്കേസിലെ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു

ജോബിന്‍സ് Published on 20 November, 2021
പോലീസ് പീഡനമെന്ന് പരാതി ; കൊടകരക്കേസിലെ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു
ഏറെ വിവാദമായ കൊടകര കുഴല്‍പ്പണ കവര്‍ച്ചാക്കേസിലെ പ്രതി ആത്മഹത്യക്ക് ശ്രമിച്ച്. വെള്ളാങ്ങല്ലൂര്‍ തേക്കാനത്ത് എഡ്വിനെയാണ് ഉറക്ക ഗുളിക കഴിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാളെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കേസിലെ 19-ാം പ്രതിയാണ് എഡ്വിന്‍. 

പൊലീസ് ക്രൂരമായി മര്‍ദിച്ചതായും കുടുംബത്തെ ഭീഷണിപ്പെടുത്തി മാനസീക സമ്മര്‍ദത്തിലാക്കി പീഡിപ്പിക്കുന്നതായും എഡ്വിന്‍ ഡോക്ടര്‍മാര്‍ക്കും പൊലീസിനും മൊഴി നല്‍കിയിട്ടുള്ളത്. കവര്‍ച്ചാ മുതലില്‍ തനിക്ക് ലഭിച്ച വിഹിതം മുഴുവന്‍ പൊലീസ് പിടികൂടി കൊണ്ടുപോയെന്നും ബാക്കിയൊന്നും കയ്യിലില്ലെന്നുമാണ് എഡ്വിന്‍ അന്വേഷണ സംഘത്തിനോടും വീട്ടുകാരോടും പറഞ്ഞിട്ടുള്ളത്. അതേസമയം, മര്‍ദിച്ചെന്ന ആരോപണം അന്വേഷണ സംഘം നിഷേധിച്ചു.

കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച കേസാണ് കൊടകര കുഴല്‍പ്പണ കേസ്. ഏപ്രില്‍ മൂന്നിന്  കൊടകര ദേശീയ പാതയില്‍ വെച്ച് കാറില്‍ കൊണ്ടു പോവുകയായിരുന്ന മൂന്നര കോടി രൂപ ക്രിമിനല്‍ സംഘം തട്ടിയെടുക്കുകയായിരുന്നു. കവര്‍ച്ച ചെയ്യപ്പെട്ട മൂന്നര കോടി രൂപ ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടാണെന്നായിരുന്നു അന്വേഷണത്തിലെ കണ്ടെത്തല്‍.

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനടക്കം നിരവധി നേതാക്കള്‍ ഈ കേസില്‍ സാക്ഷികളാണ്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക