Image

കര്‍ഷക വിജയം ; വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചു

ജോബിന്‍സ് Published on 19 November, 2021
കര്‍ഷക വിജയം ; വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചു
വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ച് കേന്ദ്ര സര്‍ക്കാര്‍. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതായി പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ തുടരുന്ന സമരം അവസാനപ്പിക്കണമെന്ന് കര്‍ഷകരോട് അഭ്യര്‍ത്ഥിച്ചു.

കാര്‍ഷിക മേഖലയെ കൂടുതല്‍ പരിഷ്‌കരിക്കുന്നതിനായാണ് മൂന്ന് പുതിയ കാര്‍ഷിക നിയമങ്ങള്‍ കൊണ്ടുവന്നത്. വിദഗ്ധരുമായി കൂടിയാലോചിച്ച ശേഷമാണ് ഇവ കൊണ്ടുവന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ പുതിയ നിയമത്തെ സ്വാഗതം ചെയ്തു. 

എന്നിരുന്നാലും, എത്ര ശ്രമിച്ചിട്ടും ചില കര്‍ഷകര്‍ക്ക് നിയമങ്ങളെക്കുറിച്ച് ബോധ്യപ്പെട്ടില്ല. ഒരു വിഭാഗം കര്‍ഷകരെ വിശ്വാസത്തിലെടുക്കാന്‍ സാധിച്ചില്ല എന്നതില്‍ താന്‍ ക്ഷമ ചോദിക്കുന്നു എന്നും മോദി പറഞ്ഞു. ഗുരുനാനാക്ക് ദിനത്തിലാണ് നിര്‍ണായക പ്രഖ്യാപനം പ്രധാനമന്ത്രി നടത്തിയത്.  കര്‍ഷകരുടെ പ്രതിസന്ധി തനിക്ക് മനസിലാക്കാനായെന്നും  കര്‍ഷകരുടെ അഭിവൃദ്ധിക്കാണ് പ്രധാന്യം നല്‍കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇതോടു കൂടി രാജ്യത്ത് മാസങ്ങളായി നടന്നുവരുന്ന കര്‍ഷക സമരത്തിന് പരിസമാപ്തിയാകുമെന്നാണ് കരുതുന്നത്. ലഖിംപൂര്‍ഖേരി കൂട്ടക്കൊലയടക്കമുള്ള പല അനിഷ്ട സംഭവങ്ങള്‍ക്കും കര്‍ഷക സമരം സാക്ഷ്യം വഹിച്ചിരുന്നു. എങ്കിലും തീര്‍ത്തും സമാധാനപരമായി കര്‍ഷകര്‍ നടത്തിയ സമരത്തിന്റെ വിജയം കൂടിയാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. 

കര്‍ഷക സമരവേളയില്‍ നിരവധി കര്‍ഷകര്‍ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസുകള്‍ പിന്‍വലിക്കുമോ എന്നതാണ് മറ്റൊരു പ്രശ്‌നം. പഞ്ചാബ് , ഉത്തര്‍ പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തില്‍ കൂടിയാണ് സര്‍ക്കാരിന്റെ തീരുമാനം എന്നാണ് വിലയിരുത്തല്‍. 

മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം വിവാദപരമായ പല തീരുമാനങ്ങളും എടുക്കുകയും ഇതിനെതിരെ പ്രക്ഷോഭങ്ങള്‍ ഉണ്ടാവുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിന്റെ പേരില്‍ ഒരു തീരുമാനത്തില്‍ നിന്നും പൂര്‍ണ്ണമായി പിന്‍മാറുന്നത് ആദ്യമായാണ്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക