Image

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ഞായറാഴ്ച (ജോബിന്‍സ്)

ജോബിന്‍സ് Published on 07 November, 2021
വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ഞായറാഴ്ച (ജോബിന്‍സ്)
മുല്ലപ്പെരിയാര്‍ ബേബിഡാമിന് സമീപത്തെ മരം മുറിക്കുന്നതിന് തമിഴ്‌നാട് സര്‍ക്കാരിന് അനുമതി നല്‍കിയ ഉത്തരവ് കേരളം മരവിപ്പിച്ചു. അസാധാരണ നടപടിയാണ് ഉണ്ടായത്. ഉദ്യോഗസ്ഥതലത്തില്‍ സ്വീകരിക്കേണ്ട തീരുമാനമല്ല ഇതെന്നും ഫോറസ്റ്റ് ചീഫ് കണ്‍സര്‍വേറ്റര്‍ ഗുരുതരമായ വീഴ്ച വരുത്തിയെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
******************************************
എം.ജി സര്‍വകലാശാലയില്‍ ജാതിവിവേചനത്തിനെതിരെ ഗവേഷക ദീപ പി മോഹനന്‍ നടത്തുന്ന നിരാഹാര സമരം പത്താം ദിവസത്തിലേക്ക് കടന്നു. ആരോപിതനായ അധ്യാപകന്‍ നന്ദകുമാറിനെ സംരക്ഷിക്കാന്‍ ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍.ബിന്ദു കൂട്ടുനില്‍ക്കുകയാണെന്ന് സമരം നടത്തുന്ന വിദ്യാര്‍ത്ഥിനി ദിപാ പി. മോഹനന്‍ ആരോപിച്ചു. വിദ്യാര്‍ത്ഥിനിക്ക് പിന്തുണയുമായി കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ പ്രസ്താവനയിറക്കിയപ്പോള്‍ . കെ.കെ. രമ എംഎല്‍എ സമരപന്തലിലെത്തി പിന്തുണ അറിയിച്ചു.
*******************************************
ഗുജറാത്ത് തീരത്ത് ഒരു ഇന്ത്യന്‍ മത്സ്യത്തൊഴിലാളിയെ പാകിസ്ഥാന്‍ നാവികസേന വെടിവെച്ചുകൊന്നു. ഗുജറാത്തിലെ ദ്വാരകയില്‍ ഓഖ പട്ടണത്തിന് സമീപം 'ജല്‍പരി' എന്ന ബോട്ടില്‍ പാകിസ്ഥാന്‍ മറൈന്‍ വെടിവയ്പ്പ് നടത്തുകയായിരുന്നു.
വെടിവെപ്പില്‍ ഒരു മത്സ്യത്തൊഴിലാളി മരിക്കുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്.
*******************************************
പെട്രോളിനും   ഡീസലിനും  നികുതി കുറച്ച് പഞ്ചാബ് സര്‍ക്കാര്‍. പെട്രോളിന്റെ മൂല്യവര്‍ദ്ധിത നികുതി   10 രൂപയാണ് കുറച്ചത്. ഡീസലിന് അഞ്ചുരൂപയും കുറച്ചു. ഇതോടെ ഡീസലിന് 84 രൂപയും പെട്രോളിന് 96 രൂപയുമാകും. ഇന്ന് അര്‍ധരാത്രി മുതല്‍ മുതല്‍ ഇളവ് പ്രാബല്യത്തില്‍ വരും. കേന്ദ്ര സര്‍ക്കാര്‍ എക്‌സൈസ് തീരുവ   കുറച്ചതിന് ശേഷം മൂല്യവര്‍ധിത നികുതി കുറയ്ക്കുന്ന കോണ്‍ഗ്രസ് ഭരിക്കുന്ന ആദ്യ സംസ്ഥാനമാണ് പഞ്ചാബ്.
******************************************
അരുണാചല്‍ പ്രദേശില്‍ ചൈന കടന്നു കയറിയെന്നും ഗ്രാമം നിര്‍മ്മിച്ചെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിച്ച് അരുണാചല്‍ സര്‍ക്കാര്‍. നേരത്തെ അമേരിക്കയായിരുന്നു ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇതാണ് ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ സ്ഥിരീകരിച്ചിരിക്കുന്നത്. ചൈന ഗ്രാമം ഉണ്ടാക്കിയിരുന്നുവെന്നും ഇപ്പോള്‍ ഇത് സൈനീക ക്യാമ്പായി ഉപയോഗിക്കുകയാണെന്നുമാണ് സ്ഥിരീകരണം. 
*****************************************
അന്യസംസ്ഥാന തൊഴിലാളികള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. പാലക്കാട്ടാണ് സംഭവം. രണ്ട് പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. ഉത്തര്‍പ്രദേശ് സ്വദേശി വാസിം ആണ് കൊല്ലപ്പെട്ടത് . മുണ്ടൂരിലെ ഒരു ഫര്‍ണ്ണീച്ചര്‍ സ്ഥാപനത്തിലെ ജീവനക്കാര്‍ തമ്മിലുണ്ടായ സംഘര്‍ഷമാണ് തൊഴിലാളിയുടെ മരണത്തിലേക്ക് നയിച്ചത്. ഒരേ കുടുംബത്തില്‍പ്പെട്ടവര്‍ തമ്മിലാണ് സംഘര്‍മുണ്ടായത്.
***************************************
മണ്ണൂത്തി കാര്‍ഷിക സര്‍വ്വകലാശാല  ഹോസ്റ്റലില്‍ വിദ്യാര്‍ഥിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശി മഹേഷിനെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മണ്ണൂത്തി കാര്‍ഷിക സര്‍വ്വകലാശല ക്യാമ്പസിലെ ഹോര്‍ട്ടികള്‍ച്ചര്‍ കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു മഹേഷ്. റാഗിംങ്ങിനെ തുടര്‍ന്നാണ് ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.
***************************************
മുല്ലപ്പെരിയാറില്‍ മരം മുറിക്ക് അനുമതി നല്‍കിയതിന് പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസെന്നു കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വകുപ്പ് മന്ത്രി അറിഞ്ഞില്ലെന്ന വാദം വിചിത്രമാണ്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിയും കള്ളക്കളി നടത്തുകയാണ്. ഉദ്യേഗസ്ഥരുടെ തലയില്‍ കെട്ടിവെച്ച് സര്‍ക്കാരിനു രക്ഷപ്പെടാനാകില്ലെന്നും ചെന്നിത്തല പറഞ്ഞു. 
*****************************************
സംസ്ഥാനത്ത് ചൊവ്വാഴ്ചയോടെ മഴ കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. വ്യാഴാഴ്ച അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. ചൊവ്വാഴ്ചയും ബുധനാഴ്ചയും ഒറ്റപ്പെട്ട ശക്തമായ മഴ കിട്ടും. ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതച്ചുഴി ന്യൂനമര്‍ദ്ദമായി മാറുന്നതോടെയാണ് മഴ ശക്തമാകുന്നത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക