Image

' ഐശ്വര്യ ഊതല്‍ ' വനിതാ ഡോക്ടറുടെ 45 പവനുമായി ഉസ്താദ് മുങ്ങി

ജോബിന്‍സ് Published on 07 November, 2021
 ' ഐശ്വര്യ ഊതല്‍ ' വനിതാ ഡോക്ടറുടെ 45 പവനുമായി ഉസ്താദ് മുങ്ങി
കുടുംബത്തിന്റെ ഐശ്വര്യത്തിന് വേണ്ടി മന്ത്രവാദത്തിനെത്തിയ ഉസ്താദ് വനിതാ ഡോക്ടറുടെ 45 പവനുമായി മുങ്ങി. കോഴിക്കോട്ടാണ് സംഭവം. ഫറോക്ക് സ്വദേശിനിയായ ഡോക്ടറാണ് തട്ടിപ്പിനിരയായത്. സംഭവത്തില്‍ മലപ്പുറം സ്വദേശി കോയ ഉസ്താദിനും ഇയാളുടെ സഹായികളായ രണ്ടുപേര്‍ക്കുമെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ചികിത്സക്ക് സ്ഥിരമായി ക്ലിനിക്കില്‍ വന്നയാളാണ് ഡോക്ടര്‍ക്കും കുടുംബത്തിനും ഐശ്വര്യവും സമ്പദ് സമൃദ്ധിയും സമാധാനവും ലഭിക്കാനായി  മന്ത്രവാദം നടത്താന്‍ പ്രേരണ നല്‍കി ഉസ്താദിനെ പരിചയപ്പെടുത്തി കൊടുത്തത്. പരീക്ഷണാര്‍ത്ഥമാണ് അത്ര വിശ്വാസമില്ലാതിരുന്നിട്ടും ഉസ്താദിനെ ഡോക്ടര്‍ സമീപിച്ചത്. 

ഐശ്വര്യ ചികിത്സയ്ക്ക് സ്വര്‍ണ്ണം ആവശ്യപ്പെട്ടതോടെ ഡോക്ടര്‍ മന്ത്രവാദത്തില്‍ നിന്നും പിന്‍വാങ്ങി. എന്നാല്‍ സ്വര്‍ണ്ണം കൈമാറേണ്ടെന്നും ക്ലിനിക്കിലെ അലമാരിയില്‍ വച്ചാല്‍ മതിയെന്നും പറഞ്ഞ് വീട്ടിലെ ഓരോരുത്തരുടേയും സ്വര്‍ണം ഓരോ പൊതിക്കുള്ളിലാക്കി അലമാരിയില്‍ വച്ചു. 

ഇടയ്ക്കിടയ്ക്ക് ക്ലിനിക്കിലെത്തുന്ന ഉസ്താദ് സ്വര്‍ണ്ണമെടുത്ത് ഊതിയ ശേഷം തിരിച്ച് വയ്ക്കുമായിരുന്നു. ഒരു മാസം കഴിഞ്ഞാല്‍ തിരിച്ചെടുക്കാമെന്നാണ് ഉസ്താദ് പറഞ്ഞിരുന്നത്. തിരിച്ചെടുക്കാനായി അലമാര തുറന്ന് പൊതിയഴിച്ചപ്പോഴാണ് പൊതികള്‍ കാലിയാണെന്നും 45 പവനുമായി ഉസ്താദ് മുങ്ങിയെന്നും അറിയുന്നത്. 

തുടര്‍ന്ന് ഉസ്താദിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കണ്ടെത്താനായില്ല. ഇതോടെയാണ് പൊലീസില്‍ പരാതി നല്‍കുന്നത്. തട്ടിപ്പ് നടത്തിയവരുടെ പൂര്‍ണ വിവരങ്ങള്‍ പരാതിക്കാരിക്ക്  അറിയാത്തതിനാല്‍ ഇവരെ കണ്ടെത്താനായിട്ടില്ല. ഡോക്ടര്‍ നല്‍കിയ മൊബൈല്‍ നമ്പര്‍  കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.  പ്രതികള്‍ ഉടന്‍ പിടിയിലാവുമെന്നും പൊലീസ് പറയുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക