Image

സമരമവസാനിപ്പിക്കില്ലെന്ന് ദളിത് വിദ്യാര്‍ത്ഥി ; പിന്തുണയുമായി കെ.കെ. രമ സമരപന്തലില്‍

ജോബിന്‍സ് Published on 07 November, 2021
സമരമവസാനിപ്പിക്കില്ലെന്ന് ദളിത് വിദ്യാര്‍ത്ഥി ; പിന്തുണയുമായി കെ.കെ. രമ സമരപന്തലില്‍
എം.ജി. സര്‍വ്വകലാശാലയിലെ ദളിത് വിദ്യാര്‍ത്ഥിയുടെ നിരാഹാര സമരം പത്താം ദിവസത്തിലേയ്ക്ക് കടന്നു. ആരോപണവിധേയനായ ഡോ. നന്ദകുമാര്‍ കളരിക്കലിനെ നാനോ സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റിയെങ്കിലും ഇദ്ദേഹത്തെ നാനോ സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും മാറ്റാതെ സമരമവസാനിപ്പിക്കില്ല എന്ന നിലപാടിലാണ് സമരം ചെയ്യുന്ന വിദ്യാര്‍ത്ഥി. സമരത്തില്‍ നിന്നും പിന്‍മാറണമെന്ന് ഇന്നലെ വൈകിയും മന്ത്രി ആര്‍. ബിന്ദു വിദ്യാര്‍ത്ഥിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. 

വിഷയത്തില്‍  ഗവര്‍ണ്ണര്‍ക്ക് പരാതി നല്‍കാനും നീക്കം നടക്കുന്നുണ്ട്. വിസിയും നന്ദകുമാറും ചട്ടങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിച്ചതിന്റെ രേഖകള്‍ പുറത്തുവിടുമെന്നും വിദ്യാര്‍ത്ഥിനി പറയുന്നു. നന്ദകുമാറിനെതിരെയുള്ള ഇപ്പോളത്തെ നടപടി കണ്ണില്‍ പൊടിയിടാനുള്ളത് മാത്രമാണെന്നും വിദ്യാര്‍ത്ഥി പ്രതികരിച്ചു. 

അതിനിടെ സമരത്തിന് പിന്തുണ കൂടുകയാണ്. ഇന്നലെ രാത്രി ആര്‍എംപി നേതാവ് കെകെ രമ സമരപ്പന്തലിലെത്തി. വിഷയം നിയമസഭയില്‍ സബ്മിഷനായി അവതരിപ്പിക്കുമെന്ന് രമ പറഞ്ഞു. നന്ദകുമാറിനെതിരെ ഗുരുതര
ആരോപണങ്ങളാണ് സര്‍വ്വകലാശാലയില്‍ സമരം നടത്തുന്ന ദളിത് ഗവേഷക ഉന്നയിച്ചിരുന്നത്. പ്രോജക്ട് ചെയ്യാനുള്ള സൗകര്യം അനുവദിക്കാതെയും ടിസി തടഞ്ഞുവച്ചും നാനോ സയന്‍സ് ഡയറക്ടര്‍ നന്ദകുമാര്‍ കളരിക്കലിന്റെ നേതൃത്വത്തില്‍ സര്‍വകലാശാല അധികൃതര്‍ ദ്രോഹിച്ചുവെന്നും ജാതിയുടെ പേരില്‍ വിവേചനമുണ്ടായെന്നുമായിരുന്നു ദളിത് വിദ്യാര്‍ത്ഥി ദീപയുടെ പരാതി.

പിഎച്ച്ഡി പ്രവേശനം നല്‍കാതിരിക്കാനും പരമാവധി ശ്രമിച്ചു. പക്ഷേ ഗേറ്റ് യോഗ്യതയുണ്ടായിരുന്നതിനാല്‍ ദീപയുടെ പ്രവേശനം തടയാന്‍ കഴിഞ്ഞില്ല. 2012 ല്‍ പൂര്‍ത്തിയാക്കിയ എംഫിലിന്റെ സര്‍ട്ടിഫിക്കറ്റ് പല കാരണങ്ങള്‍ നിരത്തി താമസിപ്പിച്ചു. ഒടുവില്‍ 2015 ലാണ് ദീപയ്ക്ക് സര്‍ട്ടിഫിക്കറ്റ് കിട്ടിയത്. സ്വന്തമായി ദീപ തയ്യാറാക്കിയ ഡാറ്റാ മോഷ്ടിച്ചതാണെന്ന് ആരോപിച്ചും പീഡിപ്പിച്ചു. പിഎച്ച്ഡിക്ക് ഇരിപ്പിടം നിഷേധിച്ചും ലാബില്‍ പൂട്ടിയിട്ടും ലാബില്‍ നിന്ന് ബലമായി ഇറക്കിവിട്ടും പ്രതികാരം ചെയ്തുവെന്നും ദീപ പരാതി ഉന്നയിച്ചിരുന്നു. നീതി ലഭിക്കാഞ്ഞതോടെയാണ് ദീപ നിരാഹാര സമരത്തിനിറങ്ങിയത്. ദീപയുടെ സമരം ശ്രദ്ധ നേടിയതോടെ സര്‍വ്വകലാശാലയ്ക്ക് നടപടിയെടുക്കേണ്ടി വരികയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക