Image

തമിഴ്‌നാടിന് മരം മുറിക്കാന്‍ അനുമതി നല്‍കിയതാര് ?; അറിഞ്ഞില്ലെന്ന് മന്ത്രി

ജോബിന്‍സ് Published on 07 November, 2021
തമിഴ്‌നാടിന് മരം മുറിക്കാന്‍ അനുമതി നല്‍കിയതാര് ?;  അറിഞ്ഞില്ലെന്ന് മന്ത്രി
മുല്ലപ്പെരിയാറിന് പകരം പുതിയ ഡാം പണിയുക, നിലവിലെ ഡാമിലെ ജലനിരപ്പ് പരമാവധി താഴ്ത്തുക ഇതാണ് മുല്ലപ്പെരിയാര്‍ സംബന്ധിച്ച് കേരളത്തിന്റെ പ്രധാന ആവശ്യങ്ങള്‍ . കേരളത്തിലെ ഒരു വിഭാഗം ജനതയെ സംബന്ധിച്ച് ജീവല്‍പ്രശ്‌നവും വൈകാരികമായ ആവശ്യം കൂടിയാണിത്. എന്നാല്‍ മുല്ലപ്പെരിയാറ്റിയെ ജലനിരപ്പ് പരമാവധി ഉയര്‍ത്തുക എന്നതാണ് തമിഴ്‌നാട് ലക്ഷ്യം വയ്ക്കുന്നത്. 

ഇതിനായി ആദ്യം ചെയ്യേണ്ടത് ബേബി ഡാം ബലപ്പെടുത്തുക എന്നതാണ്. ഇപ്പോള്‍ ബേബി ഡാം ബലപ്പെടുത്തുന്നതിനായി ഈ പ്രദേശത്തെ 15 ഓളം മരങ്ങള്‍ മുറിക്കാന്‍ കേരളം അനുമതി നല്‍കി കഴിഞ്ഞു. ജനവികാരം മാനിക്കാതെയുള്ള ഈ നടപടി ആരുടെ ഭാഗത്തു നിന്നാണ് ഉണ്ടായതെന്നാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ പറയുന്നത് താന്‍ അറിഞ്ഞിട്ടില്ലെന്നാണ്. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും ഇതറിഞ്ഞിട്ടില്ല.

മന്ത്രി അറിയാതെ ചീഫ് ലൈല്‍ഡ് ലൈഫ് വാര്‍ഡനാണ് അനുമതി നല്‍കിയതെന്നാണ് മന്ത്രി പറയുന്നത്. അദ്ദേഹത്തോട് റിപ്പോര്‍ട്ടും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ മുഖ്യമന്ത്രിയറിയാതെ ഇതൊന്നും നടക്കില്ലെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. നയപരമായ തീരുമാനം എടുക്കേണ്ട കാര്യത്തില്‍ ഒരു ഉദ്യോഗസ്ഥന് തന്നെ എങ്ങനെ തീരുമാനം എടുക്കാന്‍ കഴിയും എന്നാണ് ഉയരുന്ന ചോദ്യം. 

എന്നാല്‍ ഇതിനെക്കുറിച്ച് മുഖ്യമന്ത്രിയും താനും അറിയുന്നത് തമിഴ്‌നാട് മുഖ്യമന്ത്രിയുടെ കത്ത് കിട്ടിയപ്പോളാണെന്നും ഇതിനാലാണ് ഉദ്യോഗസ്ഥരോട് വിശദീകരണം തേടിയതെന്നും എ.കെ. ശശീന്ദ്രന്‍ പറയുന്നു.

നിലവില്‍ 142 അടി വരെ ജലനിരപ്പുയര്‍ത്താന്‍ തമിഴ്‌നാടിന് സുപ്രീം കോടതി അനുമതി നല്‍കിയിട്ടുണ്ട്. ഇത് 152 അടിയിലെത്തിക്കുക എന്നതാണ് തമിഴ്‌നാടിന്റെ ലക്ഷ്യം. ഈ ആവശ്യം സുപ്രീം കോടതിയില്‍ ഉന്നയിക്കാനുള്ള മുന്നൊരുക്കമാണ് ബേബി ഡാം കൂടുതല്‍ ബലപ്പെടുത്തുക എന്നത്. കേരളത്തിലെ നാല്‍പ്പത് ലക്ഷത്തോളം ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന തീരുമാനം കൂടിയാണിത്. മരംമുറിക്കാന്‍ അനുമതി നല്‍കിയ വിഷയത്തില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ തീരുമാനം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക