Image

ബാലഗോപാലിന്റെ മണ്ടത്തരങ്ങള്‍ സിപിഎമ്മുകാര്‍ പോലും വിശ്വസിക്കില്ല: ബി.ജെ.പി

Published on 06 November, 2021
ബാലഗോപാലിന്റെ മണ്ടത്തരങ്ങള്‍ സിപിഎമ്മുകാര്‍ പോലും വിശ്വസിക്കില്ല: ബി.ജെ.പി


കോഴിക്കോട്: കേന്ദ്രം ഇന്ധന നികുതി കുറച്ചപ്പോള്‍ കേരളത്തില്‍ ആനുപാതികമായി കുറയാന്‍ കാരണം സംസ്ഥാന സര്‍ക്കാരും നികുതി കുറച്ചതാണെന്ന ധനമന്ത്രി കെഎന്‍ ബാലഗോപാലിന്റെ മണ്ടത്തരം സ്വന്തം അണികളായ സിപിഎം പ്രവര്‍ത്തകര്‍ പോലും വിശ്വസിക്കില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. 


കേന്ദ്രസര്‍ക്കാര്‍ കുറച്ച നികുതിയുടെ ക്രെഡിറ്റ് അടിച്ചെടുക്കാന്‍ നോക്കാതെ പാവപ്പെട്ട ജനങ്ങള്‍ക്ക് ആശ്വാസകരമായ നടപടി കൈക്കൊള്ളുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ടത്. എന്നാല്‍ തന്റെ മുന്‍ഗാമിയായ തോമസ് ഐസക്കിനെ പോലെ താത്ത്വികമായ വിവരക്കേട് പറഞ്ഞ് ജനങ്ങളെ പറ്റിക്കാനാണ് ഇപ്പോഴത്തെ ധനമന്ത്രിയും ശ്രമിക്കുന്നതെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു. 

പെട്രോളിന് 30.08 ശതമാനവും ഡീസലിന് 22.76 ശതമാനവും വരുന്ന ഭീമന്‍ നികുതിയാണ് സംസ്ഥാനം ജനങ്ങള്‍ക്ക് മേല്‍ ചുമത്തുന്നത്. ഇത് കുറച്ച് മറ്റു വരുമാനമാര്‍ഗം കണ്ടെത്തുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്യേണ്ടത്. എന്നാല്‍ വന്‍കിട മുതലാളിമാരുടെ നികുതി പിരിക്കാതെ പാവങ്ങളുടെ പോക്കറ്റില്‍ നിന്നും കയ്യിട്ടുവാരുകയാണ് തൊഴിലാളിവര്‍ഗ മേനി പറയുന്ന ഇടതു സര്‍ക്കാര്‍ ചെയ്യുന്നത്. തന്റെ കഴിവില്ലായ്മ ജനങ്ങളുടെ തലയില്‍ കെട്ടിവെക്കാമെന്ന് ബാലഗോപല്‍ കരുതരുത്. ധൂര്‍ത്തിന് വേണ്ടി പാവങ്ങളെ കൊള്ള ചെയ്യുന്ന മനുഷ്യത്വവിരുദ്ധമായ സമീപനമാണ് ഈ സര്‍ക്കാരിനുള്ളത്. ചെലവ് കുറച്ച് ലോട്ടറിയും മദ്യവുമല്ലാതെ മറ്റു വരുമാന മാര്‍ഗം കണ്ടെത്താന്‍ ധനമന്ത്രി ശ്രമിക്കണം. കൊള്ള തുടരാനാണ് നീക്കമെങ്കില്‍ ശക്തമായ ജനരോഷം സര്‍ക്കാര്‍ നേരിടേണ്ടി വരുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക