Image

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ശനിയാഴ്ച (ജോബിന്‍സ്)

ജോബിന്‍സ് Published on 06 November, 2021
വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ശനിയാഴ്ച (ജോബിന്‍സ്)
മുന്‍ മന്ത്രിയും സിപിഎമ്മിന്റെ സംസ്ഥാനത്തെ നേതാക്കളില്‍ പ്രമുഖനുമായ ജി സുധാകരനെ പരസ്യമായി ശാസിക്കാന്‍ സംസ്ഥാന കമ്മിറ്റി തീരുമാനം. ഇന്ന് ചേര്‍ന്ന സിപിഎം സംസ്ഥാന സമിതി യോഗത്തിലാണ് തീരുമാനം. സിപിഎമ്മിന്റെ അച്ചടക്ക നടപടികളില്‍ താഴേത്തലത്തില്‍ നിന്നും മൂന്നാമത്തെ ശിക്ഷാ നടപടിയാണ് പരസ്യ ശാസന. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സ്ഥാനാര്‍ത്ഥി എച്ച് സലാമിന് പിന്തുണ നല്‍കിയില്ലെന്നാണ് ജി സുധാകരനെതിരായ പ്രധാന കണ്ടെത്തല്‍.  വിജയിച്ചെങ്കിലും സുധാകരന്റെ നിഷേധ സ്വഭാവം പ്രചാരണത്തില്‍ പ്രതിഫലിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
********************************
നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ജയിലില്‍ നിന്നും പുറത്തിറങ്ങി. ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് അട്ടക്കുളങ്ങര ജയിലില്‍ നിന്നാണ് മോചനം. സ്വീകരിക്കുന്നതിനായി സ്വപ്നയുടെ അമ്മ ജയിലിന് പുറത്ത് രാവിലെ തന്നെ എത്തിയിരുന്നു. മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് എല്ലാം പിന്നീട് പറയാമെന്നാണ് പുറത്തിറങ്ങിയ സ്വപ്‌ന പ്രതികരിച്ചത്. സ്വപ്നയ്ക്ക് ചൊവ്വാഴ്ച ജാമ്യം ലഭിച്ചങ്കിലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുണ്ടായിരുന്നത് കൊണ്ടാണ് മോചനം വൈകിയത്. 
**********************************
മഹാരാഷ്ട്രയില്‍ കോവിഡ് ആശുപത്രിയില്‍ വന്‍തീപിടിത്തം. 11 രോഗികള്‍ മരണപ്പെട്ടു. അഹമ്മദ് നഗറിലെ സിവില്‍ ആശുപത്രിയിലാണ് സംഭവം. ഐസിയുവില്‍ പ്രവേശിപ്പിച്ച രോഗികളാണ് മരിച്ചത്. 25 ഓളം രോഗികള്‍ ഐസിയുവില്‍ ചികിത്സയിലായിരുന്നുവെന്നാണ് വിവരം.
*********************************
ഇന്ധനവില വര്‍ദ്ധനവിനെതിരെ എറണാകുളത്ത് കോണ്‍ഗ്രസ് നടത്തിയ സമരത്തിനെതിരെ പ്രതിഷേധിച്ച നടന്‍ ജോജു ജോര്‍ജിന്റെ കാര്‍ തല്ലിത്തകര്‍ത്ത സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷെരീഫാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ ഐഎന്‍ടിയുസി പ്രവര്‍ത്തകന്‍ ജോസഫിന്റെ ജാമ്യഹര്‍ജി ഇന്നലെ കോടതി തള്ളിയിരുന്നു. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഷെരീഫിനെ അറസ്റ്റ് ചെയ്തത്.
*********************************
തിരുവനന്തപുരത്ത് മദ്യ ലഹരിയില്‍ മകന്‍  അച്ഛനെ  അടിച്ചു കൊന്നു . നേമം സ്വദേശി  ഏലിയാസ് (80) ആണ് കൊല്ലപ്പെട്ടത്. ഏലിയാസിന്റെ മകന്‍ 52 വയസ്സുള്ള  ക്ലീറ്റസിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇന്നലെ രാത്രി നേമം പഴയ കാരയ്ക്കാമണ്ഡപം സെന്റ് ആന്റണീസ് ചര്‍ച്ചിന്റെ അടുത്താണ് സംഭവം നടന്നത്. 
*****************************
കെഎസ്ആര്‍ടിസി  ജീവനക്കാരുടെ പണിമുടക്ക് രണ്ടാം ദിവസവും പൂര്‍ണമായുരുന്നു. യാത്രാ ക്‌ളേശത്തില്‍ ജനം ഇന്നും വലഞ്ഞു. ഭൂരിഭാഗം ജീവനക്കാരും പണിമുടക്കിനെ പിന്തുണച്ചതോടെ 93 ശതമാനം സര്‍വ്വീസുകളും മുടങ്ങി. ഇതൊരു താക്കീതാണെന്നും ശമ്പള പരിഷ്‌കരണം നടപ്പാക്കിയില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിലേക്ക് പോകുമെന്നും യൂണിയനുകള്‍ മുന്നറിയിപ്പ് നല്‍കി.
*****************************
കണ്ണൂര്‍ കാഞ്ഞിരോട് സ്വകാര്യ കോളേജില്‍ വിദ്യാര്‍ത്ഥിയെ ഒരു കൂട്ടം സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചതായി പരാതി. നെഹര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥി ചെക്കിക്കുളം സ്വദേശി അന്‍ഷാദിനാണ് മര്‍ദ്ദനം ഏറ്റത്. പെണ്‍കുട്ടികളോട് സംസാരിക്കരുതെന്ന് ആവശ്യപ്പെട്ട് പതിനഞ്ചോളം സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് വിദ്യാര്‍ത്ഥിയെ ശുചിമുറിയില്‍ കൊണ്ടുപോയി മര്‍ദ്ദിക്കുകയായിരുന്നു.
******************************
എല്‍.പി.ജി. വിലവര്‍ധനയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സര്‍ക്കാരിന്റെ വികസന വാചകമടിയില്‍ നിന്ന് അകലെയുള്ള ലക്ഷക്കണക്കിന് കുടുംബങ്ങള്‍ ചൂളകള്‍ (വിറകടുപ്പ്) ഉപയോഗിക്കാന്‍ നിര്‍ബന്ധിതരാവുകയാണെന്നും നരേന്ദ്ര മോദിയുടെ വികസനവണ്ടി റിവേഴ്സ് ഗിയറില്‍ ആണെന്നും അതിന്റെ ബ്രേക്ക് തകരാറിലാണെന്നും രാഹുല്‍ ട്വിറ്റ് ചെയ്തു.
****************************
ജാതി വിവേചനം മൂലം എംജി സര്‍വ്വകലാശാലയില്‍ ഗവേഷണം നടത്താന്‍ അനുവദിക്കില്ലെന്ന് ആരോപിച്ച് ദളിത് വിദ്യാര്‍ത്ഥിനി ദീപാ പി മോഹനന്‍ നടത്തുന്ന സമരത്തോട് പ്രതികരിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു. 
വിദ്യാര്‍ത്ഥിനിയുടെ പരാതി സര്‍വ്വകലാശാല എത്രയും പെട്ടെന്ന് തീര്‍പ്പാക്കണമെന്നും മന്ത്രി പറഞ്ഞു.  ആരോപണവിധേയനായ അധ്യാപകനെ പദവിയില്‍നിന്ന് മാറ്റിനിര്‍ത്തുമെന്നും ഇതിനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി ഫേസ് ബുക്ക് പോസ്റ്റില്‍ പറഞ്ഞു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക