Image

കേസ് മാറ്റിയത് തന്റെ ആവശ്യമനുസരിച്ചാണെന്ന് സമീര്‍ വാങ്കഡെ

ജോബിന്‍സ് Published on 06 November, 2021
കേസ് മാറ്റിയത് തന്റെ ആവശ്യമനുസരിച്ചാണെന്ന് സമീര്‍ വാങ്കഡെ
ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട് ലഹരിമരുന്നു കേസ് നിലവിലെ അന്വേഷണ ഉദ്യോഗസ്ഥനായ സമീര്‍ വാങ്കഡെയില്‍ നിന്നും എടുത്തുമാറ്റി എന്‍സിബിയുടെ ഡല്‍ഹി സോണിന് കൈമാറിയിരിക്കുകയാണ്. സമീര്‍ വാങ്കഡെയ്‌ക്കെതിരെ ഈ കേസുമായി ബന്ധപ്പെട്ട് കൈക്കൂലി അടക്കം ചില ആരോപണങ്ങള്‍ ഉയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് കേസ് മാറ്റിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

എന്നാല്‍ താന്‍ എന്‍സിബിയുടെ മുംബൈ യൂണിറ്റിന്റെ സോണല്‍ ഡയറക്ടറാണെന്നും അങ്ങനെ തന്നെ തുടരുമെന്നും തന്നെ ആ സ്ഥാനത്ത് നിന്ന് നീക്കിയിട്ടില്ല എന്നും സമീര്‍ വാങ്കഡെ പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

ആര്യന്‍ ഖാന്‍ കേസ് കേന്ദ്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് താന്‍ അഭ്യര്‍ത്ഥിച്ചിരുന്നതായി സമീര്‍ വാങ്കഡെ വ്യക്തമാക്കി. ''ആര്യന്‍ ഖാന്‍ കേസും നവാബ് മാലിക്കിന്റെ ആരോപണങ്ങളും കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് ഞാനും അഭ്യര്‍ത്ഥിച്ചിരുന്നു. അതിനാല്‍, ഡല്‍ഹിയില്‍ നിന്നുള്ള പ്രത്യേക അന്വേഷണ സംഘം ഇപ്പോള്‍ അന്വേഷണം നടത്തുന്നത് നല്ലതാണ്,'' ഇന്ത്യ ടുഡേക്ക് നല്‍കിയ അഭിമുഖത്തില്‍ സമീര്‍ വാങ്കഡെ പറഞ്ഞു.

എന്നാല്‍ ആര്യന്‍ ഖാനെ രക്ഷിക്കുന്നതിനായി നടക്കുന്ന ഉന്നത ഇടപെടലുകളാണ് വാങ്കഡെയ്‌ക്കെതിരെയുള്ള  അന്വേഷണങ്ങള്‍ക്കും കേസ് മാറ്റിയതിനും പിന്നിലെന്നും ആരോപണമുണ്ട്. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക