Image

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - വെള്ളിയാഴ്ച (ജോബിന്‍സ്)

ജോബിന്‍സ് Published on 05 November, 2021
വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - വെള്ളിയാഴ്ച (ജോബിന്‍സ്)
ബേബി ഡാം ബലപ്പെടുത്തിയ ശേഷം മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കാന്‍ നടപടിയെടുക്കുമെന്ന് തമിഴ്‌നാട്. കോടതി നിര്‍ദ്ദേശിച്ച ബേബി ഡാം ബലപ്പെടുത്തല്‍ പൂര്‍ത്തിയായ ശേഷം, ജലനിരപ്പ് 152 അടിയാക്കാന്‍ നടപടിയെടുക്കുമെന്ന് തമിഴ്‌നാട് ജലസേചന വകുപ്പ് മന്ത്രി ദുരൈമുരുഗനാണ് അറിയിച്ചത്. മുല്ലപ്പെരിയാര്‍ അണക്കെട്ട് സന്ദര്‍ശിച്ച് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
******************************
ജമ്മു കശ്മീരിലെ ശ്രീനഗറില്‍ വീണ്ടും വെടിവെപ്പ്. സുരക്ഷ സേനക്ക് നേരെയാണ് ഭീകരാക്രമണം  ഉണ്ടായത്. ബെമിനയിലെ എസ് കെ ഐ എം എസ് ആശുപത്രിക്ക് സമീപമാണ് ആക്രമണം നടന്നത്. സ്ഥലത്ത് അതീവ ജാഗ്രത തുടരുകയാണ്.
**********************************
സംസ്ഥാന ഇന്ധന നികുതി  കുറയ്ക്കില്ലെന്ന നിലപാടിലുറച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ . കൊവിഡ് കാലത്ത് പല സംസ്ഥാനങ്ങളും ഇന്ധന നികുതി കൂട്ടുകയും സെസ് കൊണ്ടുവരികയും ചെയ്തപ്പോഴും കേരളം  അങ്ങനെ ചെയ്തിട്ടില്ലെന്നും കേന്ദ്രം ജനങ്ങളെ പറ്റിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
*************************************
കോണ്‍ഗ്രസിന്റെ റോഡ് ഉപരോധത്തിനെതിരെ പ്രതിഷേധിച്ച നടന്‍ ജോജു ജോര്‍ജിനെ ആക്രമിക്കുകയും വാഹനം തകര്‍ക്കുകയും ചെയ്‌തെന്ന കേസില്‍ കോണ്‍ഗ്രസിന്റെ സമവായ സാധ്യതകള്‍ മങ്ങുന്നു. കേസുമായി തന്നെ മുന്നോട്ട് പോകാനാണ് ജോജു ജോര്‍ജിന്റെ തീരുമാനം. കേസില്‍ അറസ്റ്റിലായ ജോസഫിന്റെ ജാമ്യഹര്‍ജിയില്‍ കക്ഷി ചേരാന്‍ ജോജു ജോര്‍ജ് തീരുമാനിച്ചു. നേതാക്കളടക്കം ജാമ്യമില്ലാ വകുപ്പു പ്രകാരം അറസ്റ്റ് ചെയ്യപ്പെട്ടേക്കും എന്ന സാഹചര്യത്തിലായിരുന്നു കോണ്‍ഗ്രസ് സമവായ സാധ്യതകള്‍ തേടിയത്.
*****************************************
തലശ്ശേരി ഫസല്‍ വധക്കേസില്‍ സിബിഐ തുടരന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു.ആര്‍എസ്എസ് പ്രവര്‍ത്തകരാണ് വധത്തിന് പിന്നിലെന്ന വാദം തെറ്റെന്ന് തെളിഞ്ഞുവെന്നാണ് സിബിഐ റിപ്പോര്‍ട്ടില്‍ വാദിക്കുന്നത്. ടിപി വധക്കേസില്‍ കുറ്റവാളികളായ കൊടിസുനിയും സംഘവുമാണ്  കൊലപാതകത്തിന് പിന്നിലെന്നും സിപിഎം നേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും  കേസില്‍ പങ്കുണ്ടെന്നും സിബിഐ ആവര്‍ത്തിക്കുന്നു.
******************************************************
സര്‍ക്കാര്‍ പ്രഖ്യാപിച്ച ഡയസ്നോണും തള്ളി കെഎസ്ആര്‍ടിസി തൊഴിലാളികള്‍ സമരം ആരംഭിച്ചു. ഇതോടെ സംസ്ഥാനത്താകമാനം കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ നിലച്ചു. യാത്രക്കാര്‍ ദുരിതത്തിലായ അവസ്ഥയാണ്. ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് സമരമാരംഭിച്ചത്. ശമ്പളവര്‍ദ്ധനവാശ്യപ്പെട്ടാണ് സമരം. കെഎസ്ആര്‍ടിസിയെ അത്യാവശ്യ സേവനങ്ങളുടെ ഗണത്തില്‍ പെടുത്തുന്ന കാര്യം ആലോചിക്കുമെന്ന് മന്ത്രി പറഞ്ഞു.
******************************************
കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ ശൈലിക്കെതിരെ വീണ്ടും പ്രതിഷേധിച്ച് ഗ്രൂപ്പുകള്‍. കഴിഞ്ഞ ദിവസം കെപിസിസി നേതൃയോഗത്തില്‍ നടന്ന ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും സുധാകരന്‍ വാര്‍ത്താ സമ്മേളനത്തില്‍ മറുപടി പറഞ്ഞതാണ് ഗ്രൂപ്പുകളെ ഇപ്പോള്‍ ചൊടിപ്പിച്ചിരിക്കുന്നത്. ഇതാണോ പ്രസിഡന്റ് സ്വപ്നം കാണുന്ന സെമി കേഡര്‍ എന്നും ഗ്രൂപ്പുകള്‍ പരിഹസിക്കുന്നു. നേതൃത്വത്തിന്റെ ഏകാധിപത്യശൈലിയുടെ ഉദാഹരണമാണിതെന്നും നേതാക്കള്‍ ആരോപിക്കുന്നു.
**************************************
അരുണാചല്‍ പ്രദേശില്‍ ചൈന നടത്തുന്ന കടന്നുകയറ്റ ശ്രമങ്ങളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തി അമേരിക്ക. അമേരിക്കന്‍ വിദേശകാര്യ, പ്രതിരോധ മന്ത്രാലയങ്ങളുടെ റിപ്പോര്‍ട്ടിലാണ് വെളിപ്പെടുത്തല്‍. ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളില്‍ അരുണാചല്‍ പ്രദേശില്‍ ചൈന 100 വീടുകള്‍ അടങ്ങുന്ന ഗ്രാമം നിര്‍മിച്ചതായി യുഎസ് കോണ്‍ഗ്രസിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. യഥാര്‍ഥ നിയന്ത്രണ രേഖയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങളുടെ വിവരവും റിപ്പോര്‍ട്ടിലുണ്ട്.
***************************************
മമത ബാനര്‍ജി സര്‍ക്കാരില്‍ പഞ്ചായത്ത് വകുപ്പ് മന്ത്രിയായിരുന്ന മുതിര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സുബ്രത മുഖര്‍ജി (75) അന്തരിച്ചു. ഏതാനും ദിവസങ്ങളായി ചികിത്സയിലായിരുന്നു. നേരത്തെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനായ മുഖര്‍ജിയെ കടുത്ത ശ്വാസതടസ്സത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക