Image

ഊമക്കത്തുകൾ പോസ്റ്റ് ചെയ്യുന്നവർ (കഥ: രമണി അമ്മാൾ)

Published on 02 November, 2021
ഊമക്കത്തുകൾ പോസ്റ്റ് ചെയ്യുന്നവർ (കഥ: രമണി അമ്മാൾ)
സമയം പാതിരയോടടുക്കുന്നു..
കൊല്ലത്തുനിന്ന് നാലുമണിക്ക് തിരിച്ചെന്നു പറയുന്നയാൾ ഇതുവരെയിവിടെ എത്തിയിട്ടില്ല..
എവിടെയെത്തിയെന്നറിയാൻ  വിളിച്ചുനോക്കി..
ഔട്ടോഫ് റെയ്ഞ്ച്. 
ഉറക്കം കൺപോളകളെ അടപ്പിക്കുകയാണ്..  ഉറക്കത്തിൽ വെടിയൊച്ച കേട്ടാൽപ്പോലും അറിയാത്തയാളാണ്..
കുട്ടികളുടെയടുത്ത് വെറുതേയൊന്നു കിടക്കാൻ പേടി..
എങ്ങാനും ഉറങ്ങിപ്പോയാലോ..!
ഉറക്കം വകഞ്ഞുമാറ്റണം.. ജഗ്ഗിൽനിന്ന് വെളളമെടുത്തു കുടിച്ചു...പുസ്തകത്തിലെ അക്ഷരങ്ങളിൽ കണ്ണ് കൂർപ്പിക്കാൻ ശ്രമിച്ചു.. ഒന്നുപോയി മുഖം കഴുകിവന്നു.. 
വീടിനെതിരേ കാണുന്ന റോഡിനപ്പുറത്തെ  വലിയ കോമ്പൗണ്ടിൽ  ബിൽഡേഴ്സിന്റ ഫ്ളാറ്റു നിർമ്മാണം അവസാന ഘട്ടത്തിലാണ്.. 
അന്യസംസ്ഥാനക്കാരായ
തൊഴിലാളികളുടെ താല്ക്കാലിക ഷെൽറ്ററിൽ വെളിച്ചമുണ്ട്....
ഒച്ചയും ബഹളവും നിലച്ചിട്ടില്ല...മൊബൈൽ ഫോണിൽനിന്നാവും  ഹിന്ദിഗാനങ്ങൾ ഒഴുകിയെത്തുന്നു..
"വീടിന്റെ ജന്നലുകളൊന്നും തുറന്നിടരുത്, ആവശ്യമില്ലാതെ വീടിനു വെളിയിൽ ഇറങ്ങരുത്, .വാതിലിനു കുറ്റിയിട്ടിട്ടേ വീടനകത്താണെങ്കിലും ഇരിക്കാവൂ.. ഉദയൻ എപ്പോഴുമിതു തന്നെ പറയും
തൊഴിലാളികൾ അടുത്തുവന്നു തമ്പടിക്കുന്നതിനുമുൻപും
ഉദയൻ ഇങ്ങനെയൊക്കെത്തന്നെയായിരുന്നു....
നാട്ടിൽ, കുടുംബസ്വത്തു വീതം വയ്ക്കുന്നതിനേക്കുറിച്ചുളള ചർച്ചയിൽ പങ്കെടുക്കാൻ പലവട്ടമായി  അച്ഛൻ വിളിക്കുകയാണ്..
" നീയൊന്നു വന്നേച്ചു പോ....
"ഓരോരുത്തർക്കുമുളളത് എന്താന്നുവച്ചാൽ ഞാൻ ജീവനോടെയിരിക്കുമ്പോൾ
തന്നെ എഴുതിവയ്ക്കണം.."
ഓഫീസിലെ തിരക്കുകൾ കാരണം ലീവെടുക്കാൻപറ്റാതെ യാത്ര നീളുകയായിരുന്നു..
ഇന്നലെ വൈകുന്നേരം പെട്ടെന്നാണ് 
വെളുപ്പിന് നാട്ടിൽ പോകണമെന്നു പറഞ്ഞത്. .. 
"കുട്ടികളോടു പറയേണ്ട, ഞാനെവിടെ പോകുന്നുവെന്ന്..
ഞാനിവിടെയില്ലെന്ന കാര്യം ഇരുചെവി അറിയരുത്..എത്രയിരുട്ടിയാലും ഞാനിന്നുതന്നെ വരും.."
റോഡിൽനിന്നു വീട്ടിലേക്കു
വരുന്ന ഭാഗം ഒരു വളവാണ്..ചുറ്റുമുളള വീടുകളിലെ വിളക്കെല്ലാം അണഞ്ഞുകഴിഞ്ഞാൽ
വെളിച്ചം തീരെ കുറവും..
പുറത്തെ ലൈറ്റുകൾ അണച്ചില്ല....മുൻവശത്തെ
ഒരു ജന്നൽപ്പാളിയും തുറന്നിട്ടിരുന്നു.... 
ഉദയൻ വരുന്നുണ്ട്..
ഗേറ്റിലെത്തുന്നതിനുമുൻപ്
കതകു തുറന്നു താൻ വെളിയിലിറങ്ങി..
"പാതിര കഴിഞ്ഞിട്ടും വെളിയിലിറങ്ങി നില്ക്കുന്നോ.."
ദേഷ്യപ്പെട്ടാണ് അകത്തേക്കു കയറിയത്..
"എന്തേ ഇത്രയും താമസിച്ചത്.." മറുപടിയില്ല....കുട്ടികളുറങ്ങിക്കിടക്കുന്നതു വന്നു നോക്കി.. "ഇന്നു നേരത്തെ കിടന്നുറങ്ങിയോ....."
ആദ്യം അടുക്കളയിലും സ്റ്റെപ്പുകൾ കയറി മുകളിലത്തെ
മുറികളിലും പോയിനോക്കുന്നു..
ബാത്ത്റൂമുകൾ ഓരോന്നായി തുറന്നുനോക്കുന്നു...
"എന്തുപറ്റീ...ഒരു  പരിശോധന..." മിണ്ടുന്നില്ല;
ഡ്രസ്സുപോലും മാറാൻ നിൽക്കാത മക്കളുടെയടുത്തു വന്ന് കിടന്നുകഴിഞ്ഞു..
വസ്തു ഭാഗംവയ്പ്പു ചർച്ച വാഗ്വാദത്തിൽ കലാശിച്ചോ..!
"ലൈറ്റ് ഓഫുചെയ്യട്ടെ.." 
"വേണ്ട.."
പെട്ടെന്നായിരുന്നു ആ  ചോദ്യം..
"ഞാൻ പോയിക്കഴിഞ്ഞ് ഇവിടെയാരെങ്കിലും വന്നിരുന്നോ.."
"റീഡിങ്ങെടുക്കാൻ ആളുവന്നിരുന്നു..:
"നീ ഒന്നൂടൊന്ന് ഓർത്തുനോക്കിക്കേ..."
കക്ഷി കിടക്കയിൽ നിന്നെഴുന്നേറ്റ്  കസേരയിൽ പോയി ഇരുന്നു..
എന്തുപറ്റി...
എന്നെ ആദ്യമായി കാണുന്നതുപോലെ...
"ഇന്നെന്താ പതിവില്ലാതെ കണ്ണൊക്കെ എഴുതിയത്....."
"എന്തേ...?"
ചോദിച്ചൂന്നേയുളളൂ..
"പ്രഭു ഇന്നിവിടെ വന്നിരുന്നോ." ഇല്ല...എന്തുപറ്റി..?
ഒരു ദീർഘ
നിശ്വാസമായിരുന്നു മറുപടി..
ഉദയൻ പാന്റ്സിന്റെ പോക്കറ്റിൽനിന്ന് മടക്കിവച്ച കവറെടുത്ത്  നടുവെയും കുറുകെയും വലിച്ചുകീറിയിട്ട് വീണ്ടുമത്
തീരെ ചെറിയ കഷണങ്ങളായി
മുറിച്ച് ബാത്ത്റൂമിലേക്കു നടന്നു. ഫ്ളഷ് ചെയ്യുന്ന ശബ്ദം.. 
ഉദയൻ ആകെ അപ്സെറ്റാണ്...
"എന്തുപറ്റി..വീട്ടിൽ സ്വത്തിനേച്ചൊല്ലി തർക്കമോ ബഹളമോ മറ്റോ ഉണ്ടായോ..." 
"ഇല്ല, ഇവിടെയല്ലേ പ്രശ്നങ്ങൾ മുഴുവനും...
എനിക്കിന്നലെ ഓഫീസിലേക്കു വന്ന ഊമക്കത്ത്..അതിൽ എന്തൊക്കെയാണ് എഴുതിയിരിക്കുന്നതെന്നു നിനക്കറിയണോ.. ?
ഉദയന്റെ കണ്ണുകളിൽ ഒരിക്കലും കാണാത്ത ക്രൗര്യം..പാരവശ്യം ..
അവൻ ഈ വിട്ടിലെ നിത്യസന്ദർശകനാണെന്ന്.  കുട്ടികൾ സ്കൂളിൽനിന്നു
വരാറാവുന്നതുവരെ അവൻ ഈ വീട്ടിൽ ഉണ്ടാവാറുണ്ടെന്ന്..  ഒന്നുമില്ലാതെ വെറുതേയൊരു കഥ ആരെങ്കിലും പടച്ചുണ്ടാക്കുമോ..ആർക്കെന്തു ഗുണംകിട്ടാൻ.."
ഷോക്കേറ്റതുപോലെ താൻ തറഞ്ഞു നിന്നുപോയി...എന്തായീ കേൾക്കുന്നത്..
തനിക്കെതിരേ ഒരാരോപണമോ..! .
ഇവിടേക്ക് ട്രാൻസ്ഫറായിട്ടു വന്നപ്പോൾ ആദ്യമായി പരിചയപ്പെടാൻ വന്ന വ്യക്തി പ്രഭുവായിരുന്നു.. എന്റെ അമ്മവകയിലുളള ബന്ധുത്വവും പറഞ്ഞുകൊണ്ട്... 
പി . ഡബ്ളിയു കോൺട്രാക്ടർ..
വൈഫ് ഡോക്ടർ...രണ്ട് ആൺകുട്ടികൾ..
തനിക്ക്  അയാളെയെന്നല്ല, അയാൾ പറഞ്ഞ
ബന്ധുക്കളെ ആരേയും
അറിയില്ലായിരുന്നു..
പിന്നീട്, ഉദയൻ വീട്ടിൽ ഉണ്ടായിരുന്നപ്പോൾ ഒരുവട്ടം അയാൾ ഭാര്യയും മക്കളുമായി വന്നിട്ടുണ്ട്..
"പൊതുമരാമത്തിലെ എഞ്ചിനീയരുടെ ബന്ധുത്തം
മുതലെടുത്ത് വർക്കുകൾ
പിടിക്കാനുളള ഗൃഢോദ്ദേശ്യമുണ്ടാവും, അയാളെ കൂടുതൽ അടുപ്പിക്കേണ്ട.."
ഞാനന്ന് ഉദയനോടു പറയുകയും ചെയ്തിരുന്നു..
ദൈവമേ ആരായിരിക്കും ഒരു പാവം മനുഷ്യന്റെ മനസ്സിൽ സംശയത്തിന്റെ
നിഴലുകൾ വീഴ്ത്താൻ പരിശ്രമിക്കുന്നത്...
അതുകൊണ്ട് ആ ആൾക്ക് എന്തുനേട്ടമാണ് കിട്ടാൻ പോകുന്നത്..
"അതൊക്കെ പോകട്ടെ.. സാരമില്ല." ഔദ്യോഗികമായി ഉയർന്ന പോസ്റ്റിലിരിക്കുന്നവരേക്കുറിച്ച് മേലധികാരികൾക്കു ധാരാളം പരാതികൾ കീട്ടാറുണ്ട്...ഇതു.. പക്ഷേ
എനിക്ക് നേരിട്ട് തപാലിൽ വന്നതാണ്.. നിന്നോടിതിനേക്കുറിച്ചു പറയേണ്ടെന്നാണു വിചാരിച്ചത്...
കുറച്ചുസമയം ഇവിടുന്നൊന്നു മാറിനിന്നു ചിന്തിക്കാൻ..പെട്ടെന്നു നാട്ടിൽപോകാൻ തീരുമാനിച്ചത് അങ്ങനെയാണ്.. 
ആർക്കും ആരേപ്പറ്റിയും എന്തുവേണമെങ്കിലും പറയാമെന്നായിട്ടുണ്ട്.. എന്തായാലും
പ്രഭുവിനെ ഇവിടിനി അടുപ്പിക്കാതിരിക്കാൻ
ശ്രദ്ധിക്കണം.
 
തലയിൽ ഒരുകുടം തീകോരിയിട്ടു തന്നിട്ട്
സമാധാനിക്കാൻ പറ്റുമോ..

ആരായിരിക്കും ഊമക്കത്തയച്ചിരിക്കുന്നത് ?
ഇതിന്റെ പിന്നിലുളള ഗൂഢോദ്ദേശ്യം എന്തായിരിക്കും..?

അപ്പുറവും ഇപ്പുറവും തിരിഞ്ഞുകിടന്ന് രണ്ടാത്മാവുകൾ തല പുകയുമ്പോൾ നേരം വെളുക്കാനിനി അധികനേരമില്ലെന്ന് അടുത്തെവിടെ നിന്നോ  പൂവൻകോഴി ഇടവിട്ട് കൂകിയറിയിച്ചു കൊണ്ടിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക