Image

നിഴൽവഴികൾ (കവിത: ഡോ. ഉഷാറാണി ശശികുമാർ മാടശ്ശേരി)

Published on 02 November, 2021
നിഴൽവഴികൾ (കവിത: ഡോ. ഉഷാറാണി ശശികുമാർ മാടശ്ശേരി)
നിഴലും വെളിച്ചവുമിടചേർന്നു
നിറയുന്ന മണൽ വഴികളെത്തുന്നു
കീഴ്തൃക്കോവിലിൻ
കൽവിളക്കിന്നരികിൽ;
തൊഴുകയ്യുമായി
മിഴി പൂട്ടി നിൽക്കേ
കാതിൽ മൃദുസാന്ത്വനം പോൽ
തഴുകിയണയുന്നു,
ആലിലകളിലൂടെ നിറയുന്ന
സ്നേഹഗീതങ്ങൾ.
വീണ്ടുമോരായിരം
സ്വപ്നങ്ങൾ തേടിയീ വന്ന
വഴികളിലലയുന്നു മനം വീണ്ടുമീ
മങ്ങിയ വെളിച്ചത്തിൽ.
രാവേറെയായതോ,പകലിരുളോ
ഈ വഴിയെത്തുന്ന
ബാല്യസ്മൃതികളിൽ!

മതിലുകളില്ലാത്ത മുറ്റങ്ങൾ
തൊടികൾ, വഴിയോര-
ത്താരെല്ലാം പേരു ചൊല്ലി
വിളിക്കുന്നു,വാത്സല്യമോടെ!
വേനലിൽ ചെറുതോടിൻ
വെള്ളമണൽ കുസൃതിയുമായ്
കാലിൻചുവട്ടിൽ തെന്നിയകന്നു
നൃത്തം പഠിപ്പിക്കും;
വർഷത്തിൽ  മുങ്ങി നനഞ്ഞവൾ
കുളിരോടെ കാത്തുനില്ക്കുന്നെന്നും,
കാലിൽ തഴുകിയൊഴുകുവാൻ
പിന്നെ, പാദത്തിലേറി,
തൊട്ടു തലോടി,യൊപ്പം നടന്നെത്തി
വീട്ടുമുറ്റത്തെ മണൽത്തരി
കൾക്കൊപ്പം കളിക്കാൻ!
ചെറുതോട്ടിലൊഴുകുന്ന കടലാസ്സു
വള്ളങ്ങൾ  മുന്നോട്ട് പായുന്നതിനൊപ്പം  
മുന്നോട്ടു പായുമ്പോളമ്മ പിന്നിൽ
വിലക്കുന്നു, വീഴും, കുഞ്ഞേ മെല്ലെ.

നിലാവിൽ, തോട്ടിലെ വെള്ളത്തിൽ
ചിരിച്ചു നീന്തുന്നതാരോ,
കൂട്ടിനായ് വിളിക്കുന്നതാരോ,
അമ്പിളിക്കലയുടെ കുസൃതികളോ!

Join WhatsApp News
Raju Thomas 2021-11-03 20:09:50
ഇതാ മറ്റൊരു നല്ല കവിത! അല്ലാതെ, ഒരു കൊച്ചുലേഖനം പദ്യരൂപത്തിൽ എഴുതിവച്ചാൽ കവിതയാകുന്നതെങ്ങനെ? ഇവിടെ നോക്കുക, എത്രനല്ല ഒഴുക്ക്! പാദാന്ത്യപദങ്ങൾ ചിലത്‌ മാറി അടുത്ത വരിയിൽ വന്നാലും ചൊല്ലുമ്പോൾ ഭംഗമില്ല. എഴുതിയ ആളെ മനസ്സിലായി. അപ്പോൾ കവിത ഇങ്ങനെ സുഭഗ ആയില്ലെങ്കിലല്ലേ അത്ഭുതമുള്ളു!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക