Image

ദര്‍ശനം വായനമുറിയില്‍ അമേരിക്കന്‍ വായനോത്സവം (കെ.കെ. ജോണ്‍സണ്‍)

Published on 30 October, 2021
ദര്‍ശനം വായനമുറിയില്‍ അമേരിക്കന്‍ വായനോത്സവം (കെ.കെ. ജോണ്‍സണ്‍)
കോഴിക്കോട് ചേവായൂര്‍ ദര്‍ശനം സാംസ്‌കാരികവേദി അമേരിക്കന്‍ മലയാളികള്‍ക്കായി തുറന്നുകൊടുത്ത ഓണ്‍ലൈന്‍ വായനമുറിയുടെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് അമേരിക്കന്‍ മലയാളി എഴുത്തുകാരുടെ രചനകളുടെ വായനോത്സവം സംഘടിപ്പിക്കുന്നു. കേരളപ്പിറവി ദിനമായ നവംബര്‍ 1 മുതല്‍ 12 വരെയാണ് വായനോത്സവം. കേന്ദ്ര- കേരള-വയലാര്‍ അവാര്‍ഡ് ജേതാവായ പ്രമുഖ കഥാകൃത്ത് കെ.പി. രാമനുണ്ണി ഒക്‌ടോബര്‍ 31 ഞായറാഴ്ച ന്യൂയോര്‍ക്ക് സമയം രാവിലെ 11 മണിക്ക് (സെന്‍ട്രല്‍ സമയം രാവിലെ 10 മണി) വായനോത്സവം ഉദ്ഘാടനം ചെയ്യുന്നതാണ്.

അമേരിക്കന്‍ മലയാളി എഴുത്തുകാരായ എതിരന്‍ കതിരവന്‍, എസ്. അനിലാര്‍, തമ്പി ആന്റണി, ബിന്ദു ടിജി, കെ.വി. പ്രവീണ്‍, പി.ടി. പൗലോസ്, ബിജോ ജോസ് ചെമ്മാന്ത്ര, പ്രിയ ജോസഫ്, കാനഡയില്‍ നിന്നുള്ള എഴുത്തുകാരായ നിര്‍മ്മല, കുഞ്ഞൂസ്, ഫാത്തിമ ഹുസൈന്‍, സുരേഷ് നെല്ലിക്കോട് എന്നിവരുടെ രചനകളാണ് 12 ദിവസങ്ങളിലായി വായനക്കാര്‍ക്കായി പ്രസിദ്ധീകരിക്കുന്നത്. രചനകള്‍ വായനമുറിയില്‍ പ്രസിദ്ധീകരിക്കുന്നതോടൊപ്പം വായനസംവാദം എന്ന ഗ്രൂപ്പില്‍ ഓരോ ദിവസവും ചര്‍ച്ച ചെയ്യപ്പെടുന്നതാണ്.

2020 നവംബര്‍ ഒന്ന്, കേരളപ്പിറവി ദിവസത്തിലാണ് പ്രമുഖ കഥാകൃത്ത് അശോകന്‍ ചരുവില്‍ അമേരിക്കന്‍ വായനമുറി ഉദ്ഘാടനം ചെയ്തത്. കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് ഡോ. ഖദീജ മുംതാസ്, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കെ.വി. കുഞ്ഞികൃഷ്ണന്‍, കവി പി.കെ. ഗോപി, നോവലിസ്റ്റ് കെ.വി. മോഹന്‍കുമാര്‍ തുടങ്ങി നിരവധി സാഹിത്യകാരന്മാര്‍ പ്രസ്തുത ചടങ്ങില്‍ പങ്കെടുത്തിരുന്നു.

അമേരിക്കന്‍ വായനമുറിയില്‍ നാനൂറില്‍കൂടുതല്‍ വായനക്കാര്‍ അമേരിക്കയില്‍ നിന്നുമുണ്ട്. കുട്ടികളുടെ വായനമുറി, അധ്യാപകരുടെ വായനമുറി തുടങ്ങി വിവിധ വായനക്കൂട്ടങ്ങളില്‍ കൂടി 4500-ല്‍ പരം മലയാളി വായനക്കാര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി ദര്‍ശനം സാംസ്‌കാരികവേദിയുടെ ഈ സൗജന്യ സേവനം നിത്യേന ഉപയോഗിക്കുന്നു. സാസ്‌കാരികവേദി പ്രസിഡന്റ് ടി.കെ. സുനില്‍കുമാര്‍, സെക്രട്ടറി എം.എ ജോണ്‍സണ്‍, ഐടി ചുമതല വഹിക്കുന്ന പി. സിദ്ധാര്‍ത്ഥന്‍, രക്ഷാധികാരി കവി പി.കെ. ഗോപി എന്നിവരെ കൂടാതെ 12 അംഗ ഐടി ടീമും, അമേരിക്കയില്‍ നിന്നുള്ള എട്ട് കോര്‍ ഗ്രൂപ്പ് അംഗങ്ങളുമാണ് അമേരിക്കന്‍ വായനമുറിയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക