Image

സ്ട്രോക്ക് (കഥ:രമേശന്‍ കാർക്കോട്ട്)

Published on 30 October, 2021
സ്ട്രോക്ക് (കഥ:രമേശന്‍ കാർക്കോട്ട്)

ലോകത്തിൽ സംഭവിക്കുന്ന ഓരോ ദുരന്തങ്ങളും ഓരോ ജീവിതങ്ങളെയും എങ്ങനെ ബാധിക്കുമെന്ന് ആലോചിച്ച് നോക്കിയിട്ടുണ്ടോ ?

സാമ്പത്തിക മാന്ദ്യം,ആഗോളവൽക്കരണം,ഗൾഫ് യുദ്ധം,നോട്ടു നിരോധനം
തുടങ്ങി അവസാനം കൊറോണവരെയുള്ള മഹാമാരികൾ. ഓരോ ദുരന്തങ്ങളിലും നിലതെറ്റി പോയ എത്രയെത്ര കുടുംബങ്ങളുണ്ടാകണം ഓരോ നാട്ടിലും.
ഒട്ടുമേ പതറാതെ സാമ്പത്തിക ക്ലേശമോ മനഃക്ലേശമോ നേരിയതോതിലെങ്കിലും പ്രകടിപ്പിക്കാത്ത ഏതെങ്കിലും കുടുംബമുണ്ടാകുമോ ?

മുഖവുരയായി അത്രത്തോളം വർണ്ണിക്കേണ്ടുന്ന ഒരു കുടുംബമുണ്ടായിരുന്നു നമ്മുടെ നാട്ടിൽ.വിദ്യാധരൻ വാസന്തി അദ്ധ്യാപക ദമ്പതികളുടെ കുടുംബം.

ലോകം കീഴ്മേൽ മറിഞ്ഞാലും തങ്ങളെ ബാധിക്കില്ലെന്ന  രീതിയിൽ വേണ്ടുവോളം കരുതലും ജാഗ്രതയും നിറച്ച്  വേറിട്ട് നിർത്തപ്പെട്ട ഒരു ജീവിതം.

സർക്കാരുദ്യോഗം നൽകിയ സുരക്ഷിതത്വത്തിന്റെ തണലിൽ അവരുടെ ജീവിതത്തെ വിരിച്ചിടാൻ ശ്രമിച്ചപ്പോഴൊക്ക ആ ഗണത്തിൽ പെടുന്ന സൗഹൃദ കൂട്ടങ്ങൾ ആറ്റുകാലിനെ കൊടുങ്ങല്ലൂരിനോടൊപ്പം ചേർത്ത് പൊങ്കാലനേർച്ച നടത്തിട്ടുണ്ട്.
ഒരുപക്ഷേ പ്രശ്നങ്ങൾക്കുള്ള   പരിഹാരങ്ങളേല്ലാം ഇതാ ഒരു മുഴം മുൻപേ എന്ന ജീവിതശൈലിയായിരുന്നിരിക്കണം അവരുടെ വിജയ(?)രഹസ്യം  എന്ന്  സംഗ്രഹിക്കുന്നതായിരിക്കും ഉചിതമെന്ന് തോന്നുന്നു.അതുകൊണ്ടാണ് താഴിടാൻ നോക്കിയ ഹൃദയത്തെ താക്കോൽ ദ്വാരത്തിലൂടെ തുറന്ന് വിശ്രമിക്കുകയായിരുന്ന അയൽക്കാരനായ അബ്ദുൽ റസാഖിനെ കാണാൻ കൃത്യം ഒരു കിലോ വീതം മുന്തിരിയും ആപ്പിളുമായെത്തി
ടീച്ചറും മാഷും പഴയ ഉപദേശത്തെ ഓർമ്മപ്പെടുത്തിയത്.

കോൺട്രാക്ടർ ആയിരുന്ന അബ്ദുറസാഖ് രാവിലെ അഞ്ചുമണിക്ക് ബൈക്കുമെടുത്ത് സൈറ്റിലേക്ക് ഓടുമ്പോൾ എതിരെ മഫ്ളർ ചുറ്റി ഞെക്ക് വിളക്കിനെ മുന്നിലേക്കും പിന്നിലേക്കും ആട്ടീം തെളിച്ചും വിദ്യാധരൻ മാഷ് വരുന്നതുകാണാം. സ്ഥിരമായി കാണുന്നതല്ലേ എന്തേലും വിശേഷണം പറയണല്ലോന്ന് കരുതിയാണ് റസാഖ്  ബൈക്ക് നിർത്തി ദിവസവും നടക്കാറുണ്ടല്ലേ എന്നന്വേഷിച്ചത്.അപ്പോഴാണ് ലോകത്തിൽ അദ്ധ്യാപകർക്ക് മാത്രമുള്ളതെന്ന് കരുതുന്ന ഭാണ്ഡക്കെട്ടിൽ നിന്ന് വിദ്യാധരൻ മാഷ് ഉപദേശം വലിച്ചുപുറത്തിട്ടത്.
ജീവിതശൈലി രോഗങ്ങൾ എന്ന് കേട്ടിട്ടുണ്ടോ?ഇങ്ങനെ നേരവും കാലവും നോക്കാതെ ഓടി നടന്നാൽ ശരീരമുണ്ടാവില്ല അധികകാലം.
ഒരു നിമിഷം എന്തുപറയണമെന്നറിയാതെ റസാഖിന്റെ കൃഷ്ണമണികൾ വികസിച്ചു.ബാവിക്കര കടപ്പുറത്ത് പത്തരയാകുമ്പോൾ തന്നെ കത്തിയാളുന്ന സൂര്യനെയും വിയർപ്പിനോടൊട്ടിനിൽക്കുന്ന കറുത്ത ശരീരങ്ങളണിഞ്ഞ ചെളിപുരണ്ട വസ്ത്രങ്ങളെയും ഓർത്തുകൊണ്ട് ക്ലച്ച് അമർത്തി ചവിട്ടി, അവർ ചുമക്കുന്നതിനേക്കാളുമധികം അളവിൽ പുച്ഛം ചൂണ്ടിനോട് ചേർത്തുനിർത്തികൊണ്ട് റസാഖ് പറഞ്ഞു. ഇനിയിപ്പോ ദിവസവും രണ്ടുമൂവായിരം രൂപ വെറുതെ തരാമെന്ന് പറഞ്ഞാലും മാഷേ പോലൊരു ജീവിതം എനിക്ക് സാധ്യമല്ല.
ആ പുച്ഛത്തെയാണ് ശസ്ത്രക്രിയാ കത്തിയേക്കാളും മൂർച്ചയുള്ള പുഞ്ചിരിയോടെ ആശുപത്രിക്കിടക്കയിൽ വച്ച് വിദ്യാധരൻമാഷ് തിരിച്ചുപിടിച്ചത്.

മാഷിന്റെ ജീവിത ശൈലിയെ കുറിച്ച് ഒളിഞ്ഞും തെളിഞ്ഞുമുള്ള വിമർശനങ്ങൾ ഉണ്ടാകാറുണ്ട്.അകന്ന ബന്ധുകൂടിയായതുകൊണ്ട് ഏതെങ്കിലും കൂട്ടായ്മയിലെ കാഴ്ചയുടെ ചുറ്റുവട്ടത്തിലെവിടെയെങ്കിലും ഞാനുള്ളിടത്തോളം കാലം അഭിപ്രായങ്ങളെല്ലാം  സുരക്ഷിതസ്ഥാനത്തായിട്ടായിരിക്കും നിലകൊള്ളുക.അതൊരു അംഗീകാരമായോ മാഷിനെ കുറിച്ചുള്ള മതിപ്പ് പ്രകടിപ്പിച്ചുകൊണ്ടോ അവസാനിക്കും . യാദൃശ്ചയാ അത്തരമൊരു സംസാരം മറപറ്റി കേൾക്കാനിടയായപ്പോഴാണ് പലരുടെയും ഉള്ളം വെളിപ്പെട്ടത്.
 സുഖ സൗകര്യങ്ങളൊന്നും അനുഭവിക്കാതെ ഒരു ഠ വട്ടം വരച്ച് അതിന്റെയുള്ളിൽ തട്ടിയും മുട്ടിയുമുള്ള ജീവിതമാണ് മാഷിന്റേതെന്നാണ് നിരീക്ഷണം. ഏറെകരുതലെടുക്കുന്നവരെയൊക്കെ ഒരു വിധി കാത്ത് കിടപ്പുണ്ടാകും.കൊറോണയെ നിസ്സാരവൽക്കരിച്ച് വാതോരാതെ സംസാരിച്ചയാളെ കൊറോണ ബാധിച്ചതുപോലെ അലോപ്പതിയെ പരിഹസിച്ച് കരൾ രോഗത്തിന് ഒറ്റമൂലി നിർദ്ദേശിച്ചയാളിന്  ലിവർ സിറോസിസ് ബാധിച്ചപോലെ.മാഷിനെയും എന്തെങ്കിലുമൊക്കെ നേർ വിപരീതദിശയിൽ  വന്ന് ഒരിക്കൽ വാതിൽക്കൽ ചെന്ന് മുട്ടും.
ജീവിതത്തിന്റെ നാലുവരയൊപ്പിച്ചുള്ള പോക്കിൽ പിടിച്ചുലക്കുന്ന സാമ്പത്തിക പ്രതിസന്ധിയെ കുറിച്ചുള്ള സാധ്യതയാണ് കൂട്ടുകാർ ഉദ്ദേശിച്ചതെങ്കിലും അത്തരമൊരു ദുരന്തങ്ങളൊന്നും നാളിതുവരെയായി മാഷിന്റെ ജീവിതത്തിൽ സംഭവിച്ചില്ല.
നിരന്തരമായി എന്റെ നിരീക്ഷണത്തിലിരുന്നയാളെന്ന രീതിയിൽ മൂന്ന് ചെറു പ്രതിസന്ധികളെ മാഷിന്റെ ജീവിതത്തിൽ സംഭവിച്ചുള്ളൂ. അതാകട്ടെ തികച്ചും നാടകീയമായി കുടുംബനാഥൻ, കുടുംബനാഥ,മകൾ എന്നിവരെ യഥാക്രമം ബാധിക്കുകയും ചെയ്തു.

ഒന്നാം പ്രതിസന്ധി

പ്രതിസന്ധിയെന്ന് വിളിക്കാൻ സാധിക്കില്ലെങ്കിലും ചെറിയ വിഷമസന്ധിയുണ്ടാക്കിയത് വാസന്തിടീച്ചർക്കായിരുന്നു.

 രണ്ടുപേരും റിട്ടയറായതിനു ശേഷം വൈകുന്നേരങ്ങളിൽ സവാരിക്കിറങ്ങുമായിരുന്നു. നഗരമദ്ധ്യത്തിലെ പാർക്കിനെ ചുറ്റിയുള്ള വിശാലമായ നടപ്പാതയായിരുന്നു സായാഹ്ന സവാരിക്ക് തെരഞ്ഞെടുത്തിരുന്നത്. സമരമോ പ്രകടനമോ ഉണ്ടാവുകയാണെങ്കിൽ മാത്രം കുറച്ചകലെയുള്ള കടലോരം ലക്ഷ്യം വെക്കും.പുഴിയിലൂടെ കുഴകുഴഞ്ഞുള്ള നടപ്പും ലക്ഷ്യസ്ഥാനമില്ലാതെ നീണ്ടുകിടക്കുന്ന കടലോരവും അതിന്റെ ഏകാന്തതയും മാഷിനെ അതിവേഗം മടുപ്പിച്ചിരുന്നു.പാർക്കിൽ നേരെ മറിച്ചാണ്.നഗരവീഥിയിൽ വീടണയാൻ ധൃതി കൂട്ടുന്ന ആൾക്കാരുടെ തിക്കും തിരക്കും പെൻഷണറുടെ സ്വച്ഛജീവിതത്തിലിരുന്ന്  ആസ്വദിക്കാം. പാർക്കിലെ സമപ്രായക്കാരുടെ മിണ്ടിയും പറഞ്ഞുമിരിക്കാൻ കഴിയുന്ന സുഖം വേറെ.

പാർക്ക് ചുറ്റി മെയ്ഫ്ലവറിനു കീഴിലുള്ള സിമന്റ് തറയിലിരിക്കുമ്പോഴാണ് പ്രായത്തിനു നിരക്കാത്ത രീതിയിൽ നിരവധി പോക്കറ്റ് വെച്ചുപിടിപ്പിച്ച  പിഞ്ഞിയ ജീൻസും തൊപ്പിയും ധരിച്ചൊരാൾ എന്നെ മനസ്സിലായില്ലേയെന്നും ചോദിച്ച്  വാസന്തി ടീച്ചറെ സമീപിച്ചത്. സംസാരിക്കുന്നതിന് മുന്നേ അയാൾ വിദ്യാധരൻ മാഷേ കൈപ്പത്തിയുയർത്തി അഭിവാദ്യം ചെയ്തിരുന്നു.
 കൂടെപഠിച്ചതാണെന്ന് പറഞ്ഞിട്ടും വാസന്തിക്ക് ആളെ മനസ്സിലായില്ല.
“പത്ത്മുപ്പത് കൊല്ലമായില്ലേ?” വാസന്തി പറഞ്ഞു.
 “അങ്ങനെ പെട്ടെന്നൊന്നും മറക്കാൻ സാധ്യതയില്ല. ഞാൻ നിങ്ങളുടെ പുറകെ നടന്നിരുന്നു” അയാൾ കയ്യിലുള്ള ഫോൺ ഒന്ന് ഏത്തമിട്ട് പിടിച്ചു.“ മാത്രവുമല്ല എന്റെ വക ഒരു ലൗ ലെറ്റർ തരികയും ചെയ്തു.”
പെൻഷനോടടുത്ത് നിൽക്കുന്നയാളോട് പറയേണ്ട തമാശയാണെങ്കിലും ഭർത്താവ് കൂടെയിരിക്കുമ്പോൾ പറയുന്നതിലെ അനൗചിത്യം വാസന്തിയുടെ മുഖത്ത് നീരസപ്പെട്ട് വന്നു.
 അതൊന്നും കാര്യമാക്കാതെ എന്നാപിന്നെ കണ്ടുപിടിച്ചോളൂ എന്നും പറഞ്ഞ് അയാൾ ചുറുചുറുക്കോടെ ഓടിമറഞ്ഞു.

“കൊല്ലങ്ങളായിട്ട് വിദേശത്തുള്ളയാളാണെന്നല്ലേ പറഞ്ഞത്. എന്തെങ്കിലും മതിഭ്രമം ബാധിച്ചുകാണും.”വാസന്തിയുടെ മുഖത്തെ കാർമേഘം പെയ്തൊഴിയാനായി വിദ്യാധരൻ മാഷ് പറഞ്ഞു.
 വാസന്തി തൃപ്തി പോരാഞ്ഞ് കൂടെ പഠിച്ച ഒന്ന് രണ്ടുപേരോട് അന്വേഷിച്ചു. ആർക്കും അങ്ങനെയൊരാളെ പരിചയമില്ല.
പത്ത് മുപ്പത് വർഷം മുൻപുള്ളൊരാളെ തിരക്കാൻ നിനക്ക് ഭ്രാന്തുണ്ടോ എന്ന് മാഷ് നിരുത്സാഹപ്പെടുത്തിയെങ്കിലും ഡിഗ്രി വരെ കൂടെ പഠിച്ച ജാനകിയോടു കൂടി ചോദിച്ചിട്ട് അന്വേഷണം അവസാനിപ്പിക്കാമെന്ന് വാസന്തി കരുതി.
ഒരിക്കലും മറവിയുടെ കയത്തിലേക്ക് തള്ളിയിടാൻ സാധ്യതയില്ലാത്ത അങ്ങനെയൊരാളെ അവൾക്കും പിടികിട്ടിയില്ല.എങ്കിലും ഡിഗ്രി ഒന്നാം വർഷം പഠനം നിർത്തിപോയ ഒരാളെ അവൾ സൂചിപ്പിച്ചു.

“അയാൾ വിദേശത്തേക്ക് പോയി കാണുമോ?” രണ്ടാഴ്ച കഴിഞ്ഞ് അതേ മെയ് ഫ്ലവർ മരത്തിന്റെ ചുവട്ടിലിരുന്ന് വാസന്തി വിദ്യാധരൻമാഷോട് അന്വേഷിച്ചു.
“ആര്?”
“നമ്മളോടന്ന് സംസാരിച്ചയാൾ”
“എന്നും എത്രപേർ നമ്മളോട് സംസാരിക്കുന്നു?ആരെക്കുറിച്ചാണ് നീയി പറയുന്നത്?”
വാസന്തി കൂടുതലൊന്നും ഓർമപ്പെടുത്താൻ പോയില്ല. എങ്കിലും അതാരായിരിക്കുമെന്ന കുഴക്കം വാസന്തിയുടെ മനസ്സിൽ മാത്രം കുറച്ചുകാലം കല്ലിച്ചു കിടന്നു.

രണ്ടാം പ്രതിസന്ധി

രണ്ടാം പ്രതിസന്ധി ഉലച്ചത് വിദ്യാധരൻമാഷിനെയായിരുന്നു.
ഗൾഫിലെ ലാബിൽ ജോലി ചെയ്യുകയായിരുന്നു വിദ്യാധരൻ-വസന്തിയുടെ  ഏകമകൾ.
ഒരു മാസം മുന്നേ ജോയിൻ ചെയ്യാൻ ആവശ്യപ്പെട്ട് കോൾ വരുമ്പോൾ മകൾ നാട്ടിലായിരുന്നു. ഗൾഫിലെത്തിയ മകൾ ആശുപത്രിയധികൃതർ ജോയിൻ ചെയ്യിപ്പിക്കുന്നില്ലെന്ന് വിളിച്ചു പറഞ്ഞു.
രണ്ടുദിവസം കഴിഞ്ഞപ്പോൾ മകളുടെ ഫോൺ വീണ്ടും വന്നു.ഫ്ലാറ്റ് കൂടി ഒഴിഞ്ഞു കൊടുക്കേണ്ടിവരുമെന്ന് പുതിയ ഭീഷണി.
അങ്ങനെവന്നാൽ മലയാളികൾ താരതമ്യേന കുറവായ സ്ഥലത്ത് തെരുവിൽ കിടക്കേണ്ടിവരുമെന്ന് മകളറിയിച്ചപ്പോൾ അച്ഛൻറെയും അമ്മയുടെയും മനസ്സ് സംഘർഷഭരിതമായി. അടുക്കള പണിയിൽ മുഴുകിയും മകളെ ഇടയ്ക്കിടയ്ക്ക് ഫോൺ വിളിച്ചും വാസന്തി  മനോവിഷമമാറ്റിക്കൊണ്ടിരുന്നു.
വിദ്യാധരൻമാഷിന് എങ്ങനെയെങ്കിലും വീടിനു പുറത്ത് കടന്നാലെ ആശ്വാസം കിട്ടുമെന്നായി.
വൈകുന്നേരമായപ്പോൾ വാസന്തിക്ക് ഫോൺ വന്നു.
മാഷ് പാർക്ക് മൈതാനത്തിനടുത്ത് തലചുറ്റി വീണ് ആശുപത്രിയിലാക്കിയിരിക്കുകയാണ്.

മൂന്നാം പ്രതിസന്ധി

മൂന്നാം പ്രതിസന്ധി ഒരു വാർത്തയുടെ രൂപത്തിൽ മകളെയാണ് അലട്ടിയത്.ഭർത്താവിന് പരിചയമുള്ള ഒരു എംബസി ഉദ്യോഗസ്ഥന്റെ വിളിയോടെ ആശുപത്രിയധികൃതർ അയഞ്ഞു. മകൾക്ക് പുനപ്രവേശനം സാധ്യമായി. ഒരു ദിവസത്തെ ഭീഷണി വീട്ടിലറിയിച്ച് വീട്ടുകാരുടെ മനസ്സമാധാനം കെടുത്തിയതിൽ മകൾക്ക് കുറ്റബോധം തോന്നി. അച്ഛന്റെ വീഴ്ചയും ആരോഗ്യനിലയെക്കുറിച്ചുള്ള ആധിയും ഓരോ ദിവസവും മകളിൽ പെരുത്തു.
 അമ്മ മകളെ സാന്ത്വനപ്പെടുത്തി.”ഒരു പ്രശ്നവുമില്ല.ഒന്ന് തലചുറ്റി വീണതേയുള്ളൂ. ഷുഗർ നോർമലായാൽ വീട്ടിൽ പോകാം.”

യഥാർത്ഥത്തിൽ വിദ്യാധരൻമാഷ് രണ്ടുദിവസം കോമയിലായിരുന്നു.
കോമയിൽ നിന്ന് ഉണർന്ന ദിവസം മുറിയിലുള്ള ഭാര്യയെ ഇമവെട്ടാതെ
നോക്കി ആരാ? എപ്പോഴാ വന്നത്? എന്ന് തിരക്കി.
 ശരീരത്തിൽ സോഡിയത്തിന്റെ കുറവുണ്ടെന്നും അത് നോർമൽ ആകുമ്പോൾ ഓർമ്മയും തിരിച്ചുകിട്ടുമെന്ന് ഡോക്ടർ വാസന്തിയോട് പറഞ്ഞു
ഒരാഴ്ച വേണ്ടിവന്നു എഴുന്നേറ്റിരിക്കാനുള്ള ആരോഗ്യം വീണ്ടെടുക്കാൻ.
സ്ട്രോക്കും ഓർമ്മ നഷ്ടപ്പെട്ടതൊന്നും വാസന്തി മകളെ അറിയിച്ചിരുന്നില്ല. ജോലിയിൽ കയറിയെങ്കിലും ആശുപത്രിയധികൃതർ ചില സമയങ്ങളിൽ പ്രതികാരബുദ്ധിയോടെയാണ് പെരുമാറുന്നതെന്ന് മകളറിയിച്ചിരുന്നു.അതിന്റെ കൂടെ ഈ വിഷമവും അറിയിക്കേണ്ടല്ലോ എന്ന് വാസന്തി കരുതി.
ആശുപത്രിവാസത്തിന്റെ  രണ്ടാംവാരം വിദ്യാധരൻമാഷുണർന്ന് വാരികയിൽ തലവെച്ചുറങ്ങുകയായിരുന്ന വാസന്തിയെ പേര് ചൊല്ലി വിളിച്ചു.
സന്തോഷാധിക്യത്തോടെ വാസന്തി എഴുന്നേറ്റു. ഭർത്താവിനെ കിടക്കയിൽ നിന്ന് എഴുന്നേൽപ്പിച്ച് ചുമരിലേക്ക്  തലയണ വെച്ച് ചാരി കിടത്തി അയാളുടെ എഴുന്ന കൈഞരമ്പുകൾക്ക് മീതെ മൃദുവായി തലോടി
അയാൾ കിടന്നുകൊണ്ട് അവളെ നോക്കി പുഞ്ചിരിച്ചു.പൊടുന്നനെ എന്തോ ആലോചിച്ചു കൊണ്ട് അവളോട് ചോദിച്ചു.
“നീ അയാളെ പിന്നീട് കണ്ടിരുന്നുവോ?”
അവൾ ചോദിച്ചു. “ആരെ?”
“അന്ന് പാർക്കിൽ വച്ച് കണ്ടയാളെ. പഠിക്കുമ്പോൾ നിനക്ക് പ്രേമലേഖനം തന്നയാളെ.”
വാസന്തി അറിയാതെ കൈ പിൻവലിച്ചു. വീണ്ടും മനോനില വീണ്ടെടുത്ത് കൈഞരമ്പുകളിൽ വിരലോടിച്ചുകൊണ്ടിരുന്നു.
അദ്ദേഹം ഉറങ്ങി കഴിഞ്ഞപ്പോൾ വാസന്തിക്ക് വല്ലാത്തൊരു വീർപ്പുമുട്ടൽ അനുഭവപ്പെട്ടു.
ആ നേരം ഫോൺ കൈയിലിരുന്ന് വൈബ്രേറ്റ് ചെയ്യപ്പെട്ടു.
മകളുടെ മെസേജ്. ‘അച്ഛന് ഇപ്പോൾ എങ്ങനെയുണ്ട്’
വാസന്തി ഉടനെ മകളെ ഡയൽ ചെയ്തു.
“ഇനിയിപ്പോൾ നിന്നോട് പറയാതിരിക്കുന്നതിൽ കാര്യമുണ്ടെന്നു തോന്നുന്നില്ല. നീ ആദ്യം സംശയിച്ചത് പോലെ അച്ഛന് സ്ട്രോക്ക് തന്നെയാണ്.ആശുപത്രിവാസം കൊണ്ട് എനി കാര്യമുണ്ടെന്ന് തോന്നുന്നില്ല”
ഏന്തിവലിഞ്ഞ് ഭർത്താവിനെ നോക്കി ഒന്ന് നെടുവീർപ്പിട്ട് ശേഷം വാസന്തി പൂരിപ്പിച്ചു.
“കാലതാമസമെടുക്കും മാറാൻ.”
                                                    ******

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക