Image

കടത്തിണ്ണ (കവിത: അശോക് കുമാർ.കെ)

Published on 30 October, 2021
കടത്തിണ്ണ (കവിത: അശോക് കുമാർ.കെ)
മടിച്ചു മടിച്ചിരുന്നു, ഞാൻ
മറവിയുടെ മടിത്തട്ടിൽ.
മരവിച്ചു പോയ ഓർമകളിൽ
തീ കൂട്ടി കായാനിരുന്നു , ഞാൻ

പ്രഭാതങ്ങളിൽ
ഞാനൊരു പൂത്തുമ്പി ,
പറന്നു പറന്നു പാറിയോൻ 
പുഴയിറമ്പിലെ പൂന്തോട്ടത്തിൽ
പാറി പാറി പാടിയോൻ....

പക്ഷേ,
പാലുകാച്ചാനൊരോട്ട പാത്രം
കാലത്തേ മുതൽ
കാത്തിരിക്കുന്നു ....
പാലത്തേക്കുള്ളരി വേവുവാൻ
പലതിള തീർന്നകലവുമിരിക്കുന്നു..

പട്ടിണിയുടെ ചട്ടി മണത്തിൽ
പൂച്ച വെറുത്തൊരടുക്കളയിൽ
പാതി കാലവും കടന്നു , ഞാൻ
എല്ലു കോലത്തിൽ വളർന്നിരിക്കുന്നു.

വിശപ്പിന്റെ ഗഞ്ചിറത്താളത്തിൽ
സംഘഗാനത്തിന്റെ തുടികൊട്ടിൽ
പാട്ടു പാടിയവർ ഒത്തുചേർന്ന്
കടത്തിണ്ണയിലന്തിയുറങ്ങുന്നു ....


ചാരുഹാരമണിഞ്ഞൊരു
ചിന്ത തൻ പൂമരം
കടപുഴകി മറിയാതെയാവാൻ
ഞാറ്റുവേലയിലൊരു
കാറ്റു വിതച്ച ഗീതകമുണരുമോ .....?

പുതിയ കുതിരകൾ
കെട്ടിവലിച്ചൊരു
ഭക്ഷണ വണ്ടി വരുന്നതും കാത്ത്
ഉറക്കത്തിന്റെ കടത്തിണ്ണകളിൽ
ഉറങ്ങാതെ കാത്തിരിക്കുന്നവരിൽ
ഞാനും ........

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക