Image

മഴമേഘങ്ങൾ പറയാൻ ശ്രമിച്ചത് (കഥ: ജെസ്സി ജിജി)

Published on 29 October, 2021
മഴമേഘങ്ങൾ പറയാൻ ശ്രമിച്ചത് (കഥ: ജെസ്സി ജിജി)
ഉറക്കമുണർന്ന ഉടൻതന്നെ അവർ തന്റെ മെല്ലിച്ച കൈകൾ കൊണ്ട്കിടക്കയിൽ പരതി. “ആഹാ , മോളിനിയുംഎഴുന്നേറ്റില്ലേ. എഴുന്നേറ്റ് നാലക്ഷരം വായിച്ചിട്ടു ഒരുങ്ങി സ്കൂളിൽ പോകാൻ നോക്ക് "

 “അമ്മൂമ്മേഒരഞ്ചുമിനിറ്റു കൂടെ..." മീനുമോൾ ഒന്നുകൂടി പുതപ്പിനുളളിലേക്കുചുരുണ്ടു. എലിവാലു പോലെ നീണ്ടിരിക്കുന്നമുടി ഒന്നു കൈകൊണ്ടു കോതി ഒതുക്കിയിട്ടു, ഒരിത്തിരി ഉമിക്കരിയും എടുത്തു അവർ കിണറ്റുകരയിലേക്ക് നടന്നു. രണ്ടുമൂന്നു ദിവസമായിട്ടു തോരാതെ പെയ്യുന്ന മഴ ഇന്നിത്തിരി തോർന്നിട്ടുണ്ട്.കിണറ്റിലെ വെള്ളം ഒക്കെ വല്ലാതെ കലങ്ങിയിരിക്കുന്നു.

 അവർ നനഞ്ഞ വിറകു ഒന്നുകൂടി അടുപ്പിലേക്ക് തള്ളിവെച്ചു തീ  കത്തിക്കുവാനുള്ള ശ്രമം തുടങ്ങി. ഒരിത്തിരി കഞ്ഞി വെച്ച്  , ഒരുചമ്മന്തി കൂടി അരച്ചാൽ മീനുമോള്ക്കും തനിക്കും പൊതി കെട്ടാം. പിന്നെ തലേന്നത്തെ തികത്തുകപ്പ ഇത്തിരി ബാക്കിയുള്ളത് മോൾക്ക് രാവിലെ കഴിച്ചിട്ട് പോകാൻ കൊടുക്കാം.

 'മോളെ, നീ അവിടെയെന്തെടുക്കുവാ? . പെട്ടെന്നൊരുങ്ങിസ്കൂളിൽ പോകാൻ നോക്കിയേ,നാലക്ഷരം പഠിച്ചാൽ നിനക്ക്കൊള്ളാം"

 “ഈ അമ്മൂമ്മയുടെ ഒരു കാര്യം. എപ്പോൾ നോക്കിയാലും പഠിക്ക്എന്ന മന്ത്രണം മാത്രം.".

“ മീനുമോളെ , വേണ്ട, പത്തുവയസിന്റെ പിറുപിറുക്കൽ ഒക്കെ മതി. നിന്നെ ഒരു കരക്കെത്തിക്കണം, അതിനുവേണ്ടി ഈശ്വരൻ ബാക്കി വെച്ചതാ ഈ അമ്മൂമ്മയുടെ ജീവിതം.”

കവിളിലേക്ക് ഒലിച്ചിറങ്ങിയ കണ്ണുനീർ പുറംകൈ കൊണ്ട് തുടച്ചു അവർ വിറകടുപ്പിലേക്കു ഒന്നുകൂടി ഊതി.   

 “ മീനുമോളെ , വൈകിട്ട് സ്കൂൾ വിട്ടുവന്നിട്ട് അമ്മൂമ്മ വരുന്നതുവരെ ,മോൾഅപ്പുവിന്റെ വീട്ടിൽ ഇരിക്കണേ"  

“ശരിയമ്മൂമ്മേ ". മിറ്റത്തു കെട്ടികിടക്കുന്ന വെള്ളം കാലുകൊണ്ട് തട്ടിത്തെറിപ്പിച്ചു, മീനുമോൾ സ്കൂൾ ബാഗുംഎടുത്തു ഇടവഴിയിലേക്ക് ഇറങ്ങി. 'മോളെ സൂക്ഷിച്ചുപോകണേ".  

മോൾ പോയ പുറകെ തന്നെ, തന്റെ സഞ്ചിയും തൂക്കി അവരും ഇറങ്ങി. അയലത്തെ മീനാക്ഷിയുടെ വീട്ടിലേക്കു കാൽ വലിച്ചുവെച്ചു അവർ നടന്നു. 'മീനാക്ഷിയെ, വൈകിട്ട് മോൾ വരുമ്പോൾഇവിടെ ഒന്നിരുത്തിയേക്കണേ. എന്റെപണി കഴിഞ്ഞു എപ്പോൾവരും എന്ന് പറയാൻപറ്റില്ലല്ലോ".

“കാർത്തിയാനിഅമ്മെ , നിങ്ങൾ ആ പഴയ ഹോട്ടലിലേക്ക് തന്നെ ആണോ പോകുന്നത്? ".

“ അതെ മീനാക്ഷി, എത്ര നാളിനു ശേഷമാ ഹോട്ടൽ ഒക്കെ തുറക്കുന്നത്.  കോവിഡ്എന്ന വ്യാധി കാരണം എന്തൊക്കെ ദുരിതങ്ങൾ അനുഭവിച്ചു.കലികാലം  എന്നല്ലാതെ എന്താ പറയുക. അങ്ങേരെയും അത് കൊണ്ടുപോയി. എന്ന് വെച്ച് സങ്കടപ്പെട്ടിരുന്നാൽ, മീനുമോൾക്കു വേറെ ആരാ ഉള്ളത്? .

എന്റെ ശാലിനിമോൾ ഉണ്ടായിരുന്നുവെങ്കിൽ”..

 "'അമ്മപറഞ്ഞു കേട്ടിട്ടുണ്ട്, ശാലിനിയെപ്പറ്റി. ദൈവം അത്രയേ ആയുസു ശാലിനിക്ക് കൊടുത്തൊള്ളൂ എന്ന് സമാധാനിക്കാം.”  

“എങ്ങനെസമാധാനിക്കാൻ”. കാർത്യാനിയമ്മ ഒരു കൈകൊണ്ട് മൂക്ക് പിഴിഞ്ഞതിനു  ശേഷം മാസ്ക് എടുത്തു വച്ചു.

"കൂടും കിടക്കയുംആയി അതിയാനും ഞാനുംഈ മല കേറുമ്പോൾ , ചങ്കുറപ്പും അധ്വാനിക്കുവാനുള്ള മനസ്സും ആയിരുന്നു ആകെ ഉണ്ടായിരുന്ന കൈമുതൽ. രാത്രിയിൽ കാട്ടാനക്കൂട്ടം ഒക്കെ ഇറങ്ങുമ്പോൾ, തീകത്തിച്ചു അനങ്ങാതിരിക്കും, കൂടെ മലകേറിയവർക്കൊക്കെ അഞ്ചും ആറും ഒക്കെ മക്കൾ ഉണ്ടായപ്പോൾ, ഞങ്ങൾക്കും തന്നു ദൈവം മക്കൾഅഞ്ചിനെ. പക്ഷെ അവളൊരുത്തിയെ ബാക്കി വെച്ചിട്ടു ബാക്കി നാലിനേയും ഉടയതമ്പുരാൻ അങ്ങ് തിരിച്ചെടുത്തു.പിന്നെ അതിയാനും ഞാനും ജീവിച്ചത് അവൾക്കുവേണ്ടി ആയിരുന്നു. മീനാക്ഷിക്കറിയാമോ, ഈചുറ്റുവട്ടത്തുള്ള സ്ഥലം ഒക്കെ ഞങ്ങളുടെ ആയിരുന്നു. മുണ്ടു മുറുക്കിഉടുത്തു സമ്പാദിച്ചത് . എല്ലാം അവൾക്കു വേണ്ടി . അവളെ ഈ മലമൂട്ടിൽ കിടന്നു കഷ്ടപ്പെടുത്താതെ പട്ടണത്തിലേക്കു കെട്ടിച്ചു വിടണം . അതായിരുന്നു ഞങ്ങടെ ലക്‌ഷ്യം. എന്നാ പറയാനാ. കൊച്ചു നന്നായി പഠിക്കുമായിരുന്നുവെങ്കിലും പത്താം ക്ലാസ് കഴിഞ്ഞു അവളെ പഠിക്കാൻ വിട്ടില്ല. എന്റെ കുഞ്ഞു കരഞ്ഞുപറഞ്ഞതാ, "എനിക്ക് പഠിച്ചാൽ മതി, ഇപ്പംഎന്നെ കെട്ടിച്ചുവിടണ്ട" എന്ന്. അന്ന് അത്രേം വിവരമേ ഞങ്ങൾക്ക് ഉള്ളായിരുന്നുള്ളു . കൊച്ചിനെ നല്ല ഒരിടത്തു കെട്ടിച്ചുവിടണം. ഉള്ളതെല്ലാം സ്ത്രീധനം ആയികൊടുത്തു, ആ ചെറുപ്രായത്തിൽ കെട്ടിച്ചുവിട്ടു.ഞങ്ങൾ ആഗ്രഹിച്ചതുപോലെ പട്ടണത്തിലേക്കു. എന്നിട്ടോ ... ഒടുക്കം കേട്ടു, ഏതാണ്ട് പൊട്ടിത്തെറിച്ചു അവള് പോയിഎന്ന്. കുറച്ചുനാൾ കഴിഞ്ഞപ്പം അവൻ വേറെ കെട്ടി. അപ്പോൾ ഇത്തിരിപ്പോന്ന മീനുമോളെ അവനിങ്ങു കൊണ്ടുവിട്ടു. അന്ന് കൊണ്ടുവിട്ടതിനുശേഷംപിന്നെ അവൻ കൊച്ചിനെഅന്വേഷിച്ചു വന്നിട്ടില്ല.”

“ഇനിയിപ്പം ഇവളെ നന്നായി പഠിപ്പിക്കണം. അവളുടെ അമ്മയുടെ ഗതി അവൾക്കുണ്ടാകരുത്. അതിയാനും ഞാനും തീരുമാനിച്ചുറപ്പിച്ചതാ. പക്ഷെ ഉടയതമ്പുരാൻ അങ്ങേരെയുംവിളിച്ചു . മലമ്പനിക്കോ, വസൂരിക്കോ , കാട്ടാനക്കൂട്ടത്തിനോ ഒന്നും കഴിയാഞ്ഞത് , കോവിഡ് എളുപ്പത്തിൽ സാധിച്ചെടുത്തു. "  

ഇപ്പോൾ തന്നെ സമയം വൈകി. എന്നാ മോളെ ഞാൻപോട്ടെ. മീനു സ്കൂൾവിട്ടു വരുമ്പോൾ നോക്കികൊള്ളണേ"

“കാർത്യാനിയമ്മേ, നിങ്ങൾ താമസിച്ചല്ലോ. എത്രകാലംകൂടിയാ വീണ്ടും ഹോട്ടൽതുറക്കുന്നത്. കോവിഡ് കാരണം അധികംആളുകളും ഇല്ല. ഇനിയുംതാമസിച്ചാൽ നിങ്ങൾക്ക്‌ ഇവിടെ ജോലികാണില്ല കേട്ടോ. പറഞ്ഞേക്കാം. ഇപ്പോൾതന്നെ ഉള്ളവരെ ഒക്കെ എങ്ങനെ വരുമാനം ഇല്ലാതെ വെച്ചുകൊണ്ടിരിക്കും എന്ന് എനിക്കറിയില്ല”.  

"മോനെ മുരളി , നീ അങ്ങനെ പറയരുതേ.. എന്റെ അവസ്ഥ ഒക്കെ നിനക്കറിയാമല്ലോ.. വേണമെങ്കിൽ രാത്രി ഹോട്ടൽ അടക്കുന്നതുവരെ ഞാൻ ജോലിചെയ്യാം”.  

“കാർത്യാനിയമ്മേ, എനിക്ക് മനസാക്ഷി ഇല്ലാത്തതുകൊണ്ട് പറഞ്ഞതല്ല. എന്റെഅവസ്ഥ കൊണ്ട് പറഞ്ഞുപോയതാ.. ആ എവിടെ വരെ പോകും എന്ന് നോക്കാം. കണ്ടില്ലേ, എന്തൊരു മഴയാ. ഈ മഴയത്തു ഇനി എന്ത് കച്ചവടം കിട്ടാനാ..”

“മുരളിയെ, മഴ കൂടുവാണല്ലോ.. ഈ അടുത്തകാലത്തെങ്ങും ഇങ്ങനെ ഒരു മഴകണ്ടിട്ടില്ല. തുള്ളിക്കൊരുകുടം എന്ന് പറഞ്ഞുകേട്ടിട്ടേ ഉള്ളു. ഇതാ ഇപ്പോൾ കണ്ടു.”

ചൂട്കാപ്പി ഊതി കുടിച്ചുകൊണ്ട് സദാശിവൻ നായർ പറഞ്ഞു. “ശരിയാ , എന്തൊരു മഴ.”

 "ഞാൻ കട അടച്ചു വീട്ടിൽപോകുവാ മുരളിയെ, ഇനിവെള്ളം കൂടി പാലത്തിൽ ഒക്കെ വെള്ളം കേറിയാൽ പിന്നെ വീട്ടിൽ പോക്ക്നടക്കില്ല. " എന്നാൽ ശരി മുരളി. നാളെ കാണാം.”

  " ഈശ്വരാ എന്തൊരു മഴ.. മീനുമോൾസ്കൂൾ വിട്ടു എങ്ങനെവരുമോ .. . ഇനി ബസൊക്കെ കേറി താനങ്ങു എത്തുമ്പോഴേക്കും ഒരു സമയം ആകുമല്ലോ".  

“കാർത്യാനിയമ്മേ, നിങ്ങൾ വേണമെങ്കിൽ വീട്ടിൽപൊക്കോ.. ഈ മഴയുടെ ലക്ഷണം കണ്ടിട്ട്ഉടനെയെങ്ങും നിക്കുന്ന ലക്ഷണം ഇല്ല എന്ന് തോന്നുന്നു. നോക്ക്, ഉച്ച കഴിഞ്ഞതേ ഉള്ളൂ. സന്ധ്യ ആയ പ്രതീതി..”

“വളരെ ഉപകാരം മുരളി.”. കാർത്യാനിയമ്മ സഞ്ചി ഒക്കെ എടുത്തു.  

മുരളി,, ഉരുളൻപാറയിൽ ഉരുൾ പൊട്ടി എന്ന്”.. .സദാശിവൻ നായർ കട പൂട്ടി ഇറങ്ങുമ്പോൾ വിളിച്ചുപറഞ്ഞു. കേട്ടുനിന്ന കാർത്യാനിയുടെ നെഞ്ചിൽ ഇടി വെട്ടി. “ഈശ്വരാ മീനുമോൾ "

  “മുരളി ഞാൻ പോകുവാ”... അവർ മഴയിലേക്കിറങ്ങി നടന്നു.

 കാർത്യാനിയമ്മേ നിക്ക്.. നിങ്ങൾ എങ്ങനെ അവിടെയെത്തും?എല്ലായിടത്തും വെള്ളക്കെട്ട് ഒക്കെ ആയി കാണും. അങ്ങോട്ട് ബസും കാണില്ല..". കാർത്യാനിയമ്മയുടെ ചെവികൾ കൊട്ടി അടക്കപ്പെട്ടിരുന്നു

അവർ കാലുകൾ നീട്ടി വച്ച്മഴത്തുള്ളികൾക്കിടയിലൂടെ നടന്നു.  

    "ഹേയ് നോക്കടാ.. ഒരു സ്ത്രീ മഴത്തുകൂടി നനഞ്ഞു കുളിച്ചു.".   

"കിരൺ , കാർ നിർത്തടാ . പോരുന്നൊന്നുചോദിക്കാം. "

കഞ്ചാവിന്റെ  ലഹരിയിൽപ്രവീൺ ഒരു വഷളൻചിരി ചിരിച്ചു.

"മക്കളെനിങ്ങൾ ഉരുളൻപാറക്കു ആണോ ? ആണെങ്കിൽ എന്നെ കൂടികൊണ്ടുപോകാമോ? " മുൻപിൽനിർത്തിയ കാറിൽ നിന്നിറങ്ങിയ യുവാക്കളോട് കാർത്യാനിയമ്മ ചോദിച്ചു..  

“അതിനെന്താ ചേച്ചി.. ഞങ്ങൾ ചേച്ചിയെ ഉരുളൻ പാറയിൽ കൊണ്ടാക്കാം. ചേച്ചി കേറിക്കോ”.

  പ്രവീൺ അതെ വഷളൻ ചിരിയോടെ കാർത്യാനിയമ്മയെ കൈപിടിച്ച് കാറിലേക്ക് കേറ്റി. കിരൺ ആക്സിലറേറ്ററിൽ കാൽ കൊടുത്തു..  

അപ്പോൾ ഉരുളൻ പാറയിൽ നിന്നുള്ള മഴവെള്ളം   വർദ്ധിച്ച കലിപ്പോടെ അവരുടെ കാർ പോകുന്ന ദിശയിലേക്കു കുതിക്കുകയായിരുന്നു . ഉരുളൻപാറയിലെ അപ്പുവിന്റെ വീട്അവിടെ ഉണ്ടായിരുന്നുവോ . ആവോ? മഴമേഘങ്ങൾ അതിനുത്തരം പറയുവാൻ ശ്രമിച്ചത്ചക്രവാളത്തിൽ ഒരിടിയായി മുഴങ്ങിയോ?
 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക