Image

ദൂരം : റോസ് ജോർജ്ജ്

Published on 28 October, 2021
ദൂരം : റോസ് ജോർജ്ജ്
ഈ നഗരത്തിൽ വന്നു താമസമാക്കിയപ്പോൾ നീന്തലറിയാത്ത ഒരുവളെ കടലിലോട്ട് തള്ളിവിട്ടതുമാതിരിയാണ് ആദ്യമേ തോന്നിയത്.  ഒരു സുരക്ഷിതവലയത്തിനുള്ളിൽ ചിറകുകൾക്കടിയിൽ രണ്ട് കുഞ്ഞുങ്ങളെയും ഒതുക്കിവച്ചിരിക്കുമ്പോഴാണ് അവർ വളരുന്നു എന്ന ചിന്ത ഞങ്ങൾക്ക് വന്നത് .പിന്നെ വേറൊന്നും ആലോചിച്ചില്ല .അടുക്കളയുടെ ഭിത്തിയിലും മുറിയുടെ വാതിൽപ്പുറകിലും ഫ്രിഡ്ജിലും ഒക്കെ കുറേ ചിത്രങ്ങൾ ഒട്ടിച്ചു വച്ചു ഞങ്ങളിങ്ങു പോന്നു .

ഏറ്റവും മധുരമായ ഓർമ്മ ഇതാണ് . പണി തീർന്ന ഒരു ചെറിയ ഫ്ലാറ്റിൽ വന്നുകേറിയ ദിവസം . യാത്രയിൽ കൂടെ വന്ന പെട്ടി നിലത്ത് കമിഴ്ത്തി ഇട്ട് അതിന്മേൽ ഇരുന്ന്‌ എവിടെ തുടങ്ങണമെന്ന ആലോചന . മേശ , കസേര , കട്ടിൽ  ഒന്നുമേ ഇല്ലാ . പക്ഷെ ആ വീട് മുഴുവൻ ഞങ്ങൾ നിറഞ്ഞു നിന്നപോലെ . അതൊരു ഉച്ച സമയം ആയിരുന്നു . അടുത്തുള്ള വീട്ടിൽ നിന്ന് പൊരിച്ച മത്തിയുടെ മണം വന്നപ്പോൾ ആണ് ജീവിതത്തിന് ആരോ ഫ്ലാഗ് ഓഫ് തന്നതു പോലെ തോന്നിയത് .പിന്നെയങ്ങോട്ട് കാര്യങ്ങൾ പെട്ടെന്ന് നീങ്ങി .

സ്കൂൾ അഡ്മിഷൻ ആയിരുന്നു ആദ്യത്തെ പ്രധാന കാര്യം . ഒരേ സ്കൂളിൽ തന്നെയാണ് മകനും മകൾക്കും അഡ്മിഷന് ശ്രമിച്ചത് . നവാസിന്റെ ഓട്ടോയിൽ ആണ് അന്ന്‌ പോയത് . തിരക്കിനിടയിലൂടെ ശ്രദ്ധയോടെ അയാൾ വണ്ടി ഓടിക്കുന്നതും ഷോട്ട് കട്ടുകളിലൂടെ  ഓടിച്ചു വിചാരിച്ചു വച്ച ദൂരം കുറച്ചു തന്നതും  അത്ഭുതപെടുത്തിയെന്നു തന്നെ പറയാം .

ഇന്റർവ്യൂന് മകനോട്  ചോദ്യങ്ങൾ ചോദിച്ചത് പ്രധാനാധ്യാപിക തന്നെയാണ് . കൂടെ കയറിയ എന്നെ അവർ ഒരു കൈകൊണ്ട് തടഞ്ഞു പുറത്തിരുത്തി .

ഏതാണ്ട് അതെ സമയത്ത് തന്നെ മകളെയും പ്രൈമറി സെക്ഷനിലെ ഒരു റൂമിലേക്ക് വിളിച്ചു . എന്റെ അടുത്തൂന്നു ഒരു ടീച്ചർ വന്നു അവളെ കയ്യിൽ പിടിച്ചു കൊണ്ടുപോയപ്പോൾ പിന്നാലെ പോകാൻ എനിക്കൊട്ടു തോന്നിയതുമില്ല . അതെ സമയം മകനോട് ചോദ്യങ്ങൾ ചോദിക്കുന്ന അന്തസ്സും ധാർഷ്ട്യവും കൂടിക്കലർന്ന ഒരു രൂപം എന്നെ അലട്ടികൊണ്ടും ഇരുന്നു .

മകനാണ് ആദ്യം തിരിച്ചു വന്നത് 
വന്നതേ എന്റെ കയ്യിലിരുന്ന ടപ്പർ വെയറിന്റെ ബോട്ടിൽ വാങ്ങി അവൻ മടുമട വെള്ളം കുടിച്ചു.

പിന്നെ ആവേശത്തിൽ പറഞ്ഞു ,
കുട്ടിക്കാലത്ത് രണ്ട് വർഷമെങ്കിലും നാട്ടിലെ സ്കൂളിൽ പഠിക്കാൻ പറ്റിയത് ഭാഗ്യം തന്നെ .
എന്തോന്ന് ? തെളിച്ചു പറെടാ .
മാഡം ചോദിച്ച ചോദ്യം കേൾക്കണോ 
അമ്മക്ക് ?
പുരികമൊന്നു വിടർത്തി ഞാനവനെ പ്രോത്സാഹിപ്പിച്ചു .
“എന്തുകൊണ്ടാണ് വിദേശത്തെ സ്കൂളിൽ നിന്ന് നാട്ടിൽ വന്നു പഠിക്കാൻ തീരുമാനിച്ചതെന്ന് “?

ഇവിടുള്ളവരൊക്കെ പുറത്തോട്ട് ആണ് പിന്നീട് പഠിക്കാൻ പോകുന്നതെന്ന് ?

അപ്പോൾ നീ എന്തു പറഞ്ഞു ?അതായിരുന്നു എനിക്കറിയേണ്ടത് 

ചെക്കൻ അവന്റെ അമ്മയാണ് ഞാനെന്ന ഭാവം പോലും കാണിക്കാതെ  അറ്റെൻഷൻ ആയി നിന്ന് പറഞ്ഞു തുടങ്ങി.

" മാഡം , ഞാൻ കേട്ടിട്ടുണ്ട് ഇന്ത്യയിലെ സ്കൂൾ വിദ്യാഭ്യാസത്തെപ്പറ്റി . രണ്ടാം ക്ലാസ്സ് വരെ നാട്ടിൽ ഒരു ഗ്രാമപ്രദേശത്ത് പഠിച്ചിട്ടുണ്ട് . പിന്നെ അച്ഛൻ  പലപ്പോഴായി പറഞ്ഞു തന്നിട്ടുണ്ട് പ്രായോഗിക ജീവിതം അറിഞ്ഞുള്ള വിദ്യാഭ്യാസം ആണ് ഭാവിയിലേക്ക് ഉതകുന്നതെന്ന് "

ഒരു കയ്യടി കിട്ടാൻ അവൻ  ആഗ്രഹിച്ചതുപോലെ . ഞാൻ ഒന്ന് പുഞ്ചിരിച്ചതേ ഉള്ളു അപ്പോൾ . 

മകളെ വിളിച്ചോണ്ട് പോയ ടീച്ചർ അല്ല തിരികെ കൊണ്ടു വിട്ടത് . വേറേ ഒരു ടീച്ചർ .പോണി  ടെയ്ൽ കെട്ടിയ മുടിയും ഡോട്ട് ഉള്ള സൽവാറും ആയിരുന്നു അവരുടെ വേഷം . 
അവൾ പറഞ്ഞപ്രകാരം  ചോദിച്ച ചോദ്യം ഏതാണ്ട് ഇത് പോലെ തന്നെ ?

എന്തിനാണ്  നാട്ടിലേക്ക് വന്നത് ?

"അതേയ് , ഞങ്ങൾ ഇവിടെ ഒരു വീട് വാങ്ങി . അതുകൊണ്ട് ഇങ്ങോട്ടേക്ക് പോന്നു ."

ശുഭം !!

ലോബിയിൽ അക്ഷമരായി ഇരുന്ന മാതാപിതാക്കളുടെ കൂട്ടത്തിൽ നിന്ന് എണീറ്റ് പുറത്തേക്ക് നടക്കുമ്പോൾ ഒരേ ചോദ്യത്തിന് രണ്ട് രീതിയിൽ ഉത്തരം പറഞ്ഞു  മുന്നിൽ നീങ്ങുന്നവരെ അവരുടെ പ്രായം കൊണ്ട് അളക്കുകയും എന്റെ സ്നേഹം കൊണ്ട്‌ ഉഴിയുകയും ചെയ്തു .

അത് പറഞ്ഞില്ലല്ലോ , മകന് ആറിലേക്കും 
മകൾക്ക് രണ്ടാം ക്ലാസ്സിലേക്കുമായിരുന്നു പ്രവേശനം വേണ്ടിയിരുന്നത് .

ഓട്ടോറിക്ഷക്കു കാത്തു നിൽക്കുമ്പോൾ കുട്ടികൾ പറഞ്ഞു . 
ഇനി നമുക്കൊരു കാറും കൂടി വേണം . സ്വന്തമായി ഒന്ന് . 'അമ്മ അത് ഓടിക്കുകയും വേണം .
സ്കൂളിന്റെ ഗേറ്റിറങ്ങി കടന്നു പോവുന്ന വാഹനങ്ങളിൽ നിന്ന് അവർ അന്ന്‌ കണ്ടു മുട്ടിയ കൂട്ടുകാർ തല നീട്ടി കൈ വീശുന്നുണ്ടായിരുന്നു .

അധികം കാത്തു നിൽക്കേണ്ടി വന്നില്ല . നട്ടുച്ചക്ക് വന്നു നിർത്തിയ ഓട്ടോയുടെ പേര് "സൂര്യ കാന്തി "എന്നായിരുന്നു . ഉച്ചക്കലത്തെ ചൂടും അതിനോടൊപ്പം കത്തുന്ന വയറും കുറച്ചു കൂടി സമാധാനപൂർണമായ ജീവിതത്തെപ്പറ്റി ചിന്തിപ്പിച്ചു . അങ്ങനെ ആണ് ഡ്രൈവിംഗ് വേഗം പഠിക്കണമെന്ന തീരുമാനത്തിലെത്തിയത് .അത് കേട്ടപ്പോൾ  മക്കളുടെ കണ്ണുകൾ വലുതായി .

രാവിലെ അഞ്ചു മുപ്പതിന് ഞങ്ങളുടെ താമസസ്ഥലത്തിന് മുൻപിലുള്ള റോഡിൽ ആശാന്റെ  കൊച്ചു മാരുതി വരും . എന്നെ കൂടാതെ രണ്ട് പേർ കൂടി ഉണ്ട് . അവർ രണ്ട് പേരും കോളേജിൽ ചേരുന്നതിന് മുൻപുള്ള ഗ്യാപ്പിൽ സമയം പ്രയോജനപ്പെടുത്തുന്നവരാണ് . 

പിൻസീറ്റിൽ ബലം പിടിച്ചിരിക്കുന്ന എന്നെ നോക്കിയിട്ട് ആശാൻ പറഞ്ഞു 
ചേച്ചി , കണ്ടില്ലേ പിള്ളേര് ഓടിക്കുന്നത് ?
ഇക്കാലമത്രയും എവിടാരുന്നു ?
ഞാൻ പറഞ്ഞു .
പതിനഞ്ചു വർഷം മുമ്പ് എടുത്തതാ ആശാനേ . ഒക്കെ മറന്നു പോയി .
അത് ശരി വച്ചു കൊണ്ട് വണ്ടി അപ്പോൾ ഓടിച്ചിരുന്ന പെൺകുട്ടിയോട് ആശാൻ പറഞ്ഞു 
കേട്ടില്ലേ , പഠിച്ചുവെന്നു പറഞ്ഞിട്ട് ഒരു കാര്യവുമില്ലന്നേ . ഉപയോഗിച്ചില്ലേൽ തുരുമ്പു പിടിക്കുമെ . പിന്നെയങ്ങു ദ്രവിച്ചു ഇല്ലാതാകുമെ .

അത് പറയേണ്ടായിരുന്നു എന്ന് എനിക്ക് തോന്നി . വർഷങ്ങൾക്ക് മുൻപെടുത്ത ലൈസൻസ് അത് പറയാതിരിക്കാൻ സമ്മതിച്ചുമില്ല . 

പിന്നിലിരുന്ന് രണ്ട് ദിവസം എല്ലാം നോക്കിയും കണ്ടും മനസ്സിലാക്കാൻ അയാൾ പറഞ്ഞപ്പോൾ ആശ്വാസമാണ് തോന്നിയത് .

അന്നേ ദിവസം പലവ്യജ്ജനങ്ങളും പച്ചക്കറിയും കയ്യിൽ തൂക്കി വന്നു കയറിയപ്പോൾ കൈക്കുഴ വിട്ടു പോകുന്നപോലെ തോന്നി . ഒരു പരിഹാരത്തിലെത്താൻ വഴി ഉടൻ ഉണ്ടാകുമെന്ന വിചാരത്തിൽ ഇരിക്കുമ്പോഴാണ് സ്കൂളിൽ നിന്ന് മെസ്സേജ്‌ വന്നത് .

മകന് മാത്രമാണ് അഡ്മിഷൻ കിട്ടിയത് 
മകൾ ഇന്റർവ്യൂ ൽ പരാജയപ്പെട്ടിരിക്കുന്നു .

അഡ്മിഷൻ കിട്ടിയ ആൾ അതൊരു വല്യ നേട്ടമല്ലാത്ത ഭാവം മുഖത്തൊട്ടിച്ചു വച്ച് എന്തോ വായിച്ചോണ്ടിരുന്നു . പെങ്ങള്ക്കുട്ടി അവൾ കിടക്കുന്ന റൂമിന്റെ ഭിത്തിയിൽ രാത്രിയിൽ തിളങ്ങുന്ന നക്ഷത്രങ്ങൾ ഒട്ടിച്ചു കൊണ്ടും ആ സന്ദേശത്തെ നിർവീര്യമാക്കി . അവൾ ഇന്റർവ്യൂ വിന് പറഞ്ഞ  ഉത്തരം സത്യം പോലെ പ്രകാശിക്കുന്ന  ഒന്നായിരുന്നല്ലോ എന്ന്‌ എനിക്കും തോന്നാതിരുന്നില്ല . 

താമസിയാതെ അടുത്തു തന്നെയുള്ള സ്കൂളിൽ കുഞ്ഞവൾക്കു അഡ്മിഷൻ കിട്ടി . ഒരേ സ്കൂളിൽ പഠിക്കണമെന്നുള്ള മോഹമൊന്നും അതുങ്ങൾക്ക് ഇല്ലായിരുന്നു താനും .

അങ്ങനെ ഡ്രൈവിംഗ് പരിശീലനത്തിന്റെ മൂന്നാം ദിനം ആശാൻ എന്നെ മുന്നോട്ട് വിളിച്ചു . മറ്റ് രണ്ട് പേരും അവർക്ക് ബസ് കിട്ടുന്ന ജംഗ്ഷനുകളിൽ ഇറങ്ങിയിരുന്നു . ആ ചെറിയ വാഹനത്തിന്റെ നിലം പറ്റുന്ന പോലുള്ള സീറ്റിൽ ഇരുന്നപ്പോൾ വണ്ടിയൊന്നു താന്നു .

ചേച്ചിയെ ,
എന്താ ഒരു അങ്കലാപ്പ് ?
പേടിച്ചാൽ ഓടിക്കാൻ പറ്റില്ലാ 
അതല്ലാ 
പിന്നേയ് , ഒരു സോപ്പുട്ടി പോലെ കൊണ്ട്‌ നടക്കാവുന്ന വിദ്യാ . അതിനെ വിരണ്ട്‌ കാണിച്ചു കൊളമാക്കല്ല് 

എന്നെക്കാളും എത്രയോ പ്രായം ചെന്ന ആ മനുഷ്യന്റെ ചേച്ചി വിളി ആയിരുന്നു വാസ്തവത്തിൽ എന്റെ അങ്കലാപ്പിന്റെ സൂത്രധാരൻ .

വളവുകളും തിരിവുകളും ഊടുവഴികളും ഒരോ ദിവസത്തെയും പാഠമായി . ആ രണ്ട് പെൺകുട്ടികൾ കഴിഞ്ഞുള്ള ഊഴമാണ് എന്നും എന്റേതെന്നതിനാൽ അല്പസ്വല്പം പരിഹാസവും വിരട്ടലും ആശാൻ എന്റെമേൽ പൂശികൊണ്ടിരുന്നു . എങ്കിലും കേറിയേടത്ത് കൊണ്ടിറക്കി വിടുമ്പോൾ എത്തി വലിഞ്ഞു നോക്കി പറയും 
ചേച്ചിയെ ..
ഇന്നുണ്ടല്ലോ നല്ല ഭേഷായി ഓടിച്ചു .

എന്നിട്ടയാൾ ആക്സിലറേറ്റർ ആഞ്ഞു ചവിട്ടി പറന്നങ്ങു പോവും . അത് കണ്ണിൽ നിന്ന് മറഞ്ഞിട്ടെ ഞാൻ വീട്ടിലേക്കുള്ള വഴിയിലേക്ക് തിരിയൂ .

ഇനി എത്ര ദിവസം കൂടി വേണം പഠിച്ചു തീരാൻ? 
നമ്മൾ ബുക്ക് ചെയ്ത വണ്ടി എന്ന്‌ വരും ?
'അമ്മ ആദ്യ ദിവസം തന്നെ ഓടിച്ചു 
തുടങ്ങുമോ ?
ആരാണ് മുന്നിൽ ഇരിക്കുന്നത് ?

നിർത്താതെ ഉള്ള ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞു കഴിയുമ്പോഴേക്കും അവർ ഉറങ്ങിയിരിക്കും . അന്തഃകരണത്തിൽ  ക്ലച്ചും ബ്രേക്കും ആക്സിലറേറ്ററും മാറി മാറി ഇട്ട് ഉറക്കത്തിന്റെ വഴികളിൽ നേരം വെളുത്തുകൊണ്ടിരുന്നു .

ടൗണിലെ ഊടുവഴികൾക്കും  പാർക്കിംഗ്  സ്പേസുകൾക്കും യോജിച്ച ഒന്നായിരുന്നു ആ വാഗൺ ആർ . അതിനുള്ളിലെ പ്ലാസ്റ്റിക് കവറുകൾ ഒക്കെ രണ്ടാളും കൂടി ശ്രദ്ധയോടെ വലിച്ചെടുത്തു , ആ രാത്രി മുഴുവൻ മെനക്കെട്ടിരുന്ന്  തുന്നിയുണ്ടാക്കിയ ടിഷ്യു ബോക്സ് കവർ പിൻസീറ്റിനു പിറകിൽ വച്ചു .
അത് കാണാൻ രസമുള്ള ഒന്നാണ് . കമ്പിളി നൂലിൽ നെയ്തെടുക്കുമ്പോൾ മനസ്സിൽ ബഹുദൂരം എവിടെയൊക്കെയോ യാത്ര പോയ പ്രതീതി . ഒന്ന് ഭംഗി കൂട്ടാൻ സേഫ്റ്റി പിന്നിൽ സാറ്റിൻ റിബ്ബണിന്റെ തുമ്പു കേറ്റിയിട്ട് ഒരു നുഴഞ്ഞുകയറ്റം ഉണ്ട് . തിരക്കിനിടയിൽ ഇങ്ങനെയൊക്കെ നുഴഞ്ഞു കയറാമല്ലോ എന്നൊരു ബുദ്ധിയും അപ്പോൾ തോന്നി .

എല്ലാം കഴിഞ്ഞു കഴിഞ്ഞപ്പോൾ മുന്നിലൊരു ധൈര്യത്തിന് കർത്താവിന്റെ കുരിശും വച്ചു .

മൊത്തത്തിൽ ഒന്ന് വലം വച്ചിട്ട് ആശാൻ പറഞ്ഞു 

ഇനി എന്നാ വേണം ചേച്ചി . റോഡിൽ മിന്നിച്ചോണം .

പിന്നേയ് , അയാൾ ദൂരേക്ക് വിരൽ ചൂണ്ടി . 
അങ്ങോട്ട് ഓടിച്ചോ ആദ്യം . വിശ്വാസമുണ്ടെൽ മതി . മൊത്തം സെറ്റ് അപ്പ് അവിടെന്നാ .
പുലർകാലത്തെ മഞ്ഞിൽ തൊട്ടുനിൽക്കുന്ന 
ദേവാലയം എനിക്ക് കാണാവുന്ന ദൂരത്തിൽ ആയിരുന്നു . 
എന്നിട്ടയാൾ ആഞ്ഞു ചവിട്ടി പറന്നു .

പിറ്റേന്ന് പുതിയ വർഷത്തെ പുസ്തകങ്ങൾ വാങ്ങിക്കേണ്ട ദിവസമായിരുന്നു . കാറിൽ തന്നെ പോയി അത് വാങ്ങാം എന്നും നവാസ് അങ്കിൾനെ ഇനി നമ്മൾ ബുദ്ധിമുട്ടിക്കരുതെന്നും രണ്ട് തത്വജ്ഞാനികൾ പറഞ്ഞു കൊണ്ടിരുന്നു .

കാര്യം ഒക്കെ ശരിയാണ് . 
നിങ്ങൾ വിചാരിക്കുന്നത് പോലെ എളുപ്പമല്ല ഒന്നും .
വീട്ടിലെ കലപിലയും കഴിഞ്ഞു ഓടിപോയി നടത്താവുന്ന ഒന്നല്ല ഈ ഡ്രൈവിംഗ് എന്ന്‌ പറയുന്നത് . അതിന് സമാധാനം വേണം .
മനസ്സ് ശാന്തമായി ഇരിക്കണം 

രണ്ടാളും മിണ്ടാതിരുന്നു . 
എളുപ്പമുള്ള ഭക്ഷണം മതി -ഒരാൾ പറഞ്ഞു .
ഇന്ന് നേരത്തെ കിടന്നേക്കാം  -മറ്റെയാൾ 

നോക്കൂ , ആദ്യകാലങ്ങളിൽ നാം തിരക്കുള്ള സമയം , സ്ഥലങ്ങൾ ഒക്കെ ഒഴിവാക്കണം . അതിന് സമയത്തിന് മുന്നേ ഓടാൻ പഠിക്കണം ,

മനസ്സിലാവുന്നുണ്ടോ . എല്ലാം നേരത്തെ പ്ലാൻ ചെയ്യണമെന്ന് 
ശരി ശരി എന്തുവേണേലും ആകാം . 
വണ്ടി ഓടിച്ചൊന്നു കണ്ടാൽ മതി .

പിറ്റേന്ന് അവർ നേരത്തെ പറഞ്ഞു വച്ചതനുസരിച്ചു മകൻ മുന്നിലും മകൾ പിന്നിലും ഇരുപ്പുറപ്പിച്ചു ,

വണ്ടി മുന്നോട്ടുരുളുമ്പോൾ ഗിയർ എന്താണ് മാറ്റാത്തത് എന്ന ചോദ്യം ഇടതു വശത്തു നിന്ന് ഉണ്ടായി . 
അതിപ്പോൾ മാറ്റിയാൽ ഓടിക്കുന്നതിന്റെ ഏകാഗ്രത പോകുമെന്ന് അവനോട് പറഞ്ഞു .

മൂന്നോട്ട് ഓടുന്ന വണ്ടിയുടെ ഞരക്കം കരയുന്ന കുഞ്ഞിനെ പാലുള്ളൂ എന്ന ചിന്തയിലേക്ക് വഴി തെളിച്ചു . നെഞ്ചിലേക്ക് എന്തോ ചുരന്നിറങ്ങുന്നപോലെ .പൊടുന്നനെ കൈ അറിയാതെ സെക്കന്റ് ഗിയറിലേക്ക് ഇറങ്ങി . പല സമയങ്ങളിലെ  വണ്ടിയുടെ വിമ്മിഷ്ടങ്ങൾക്ക്‌ അനുസരിച്ചു ആയിരുന്നു ഗിയർ മാറിയിരുന്നത് .അങ്ങനെ ഒന്നാം ദിനം മുക്കിയും മൂളിയും ആ വാഹനം വിശാലമായ ഒരു സ്ഥലത്ത് എത്തിച്ചേർന്നു .ഓടിച്ചു വന്നു കേറിക്കോന്നു പറഞ്ഞു കിടക്കുന്ന ഗ്രൗണ്ട്. 
ഓടി പോയി കട്ടിലിലേക്ക് ചായുന്നതു പോലെ 
ആദ്യാനുഭവം .

ഗേറ്റ് പോലും തുറന്നതേ ഉള്ളു . 

ഏറെ നേരം കാത്തു നിന്നതിന് ശേഷമാണ് ക്രമനമ്പർ അനുസരിച്ചു പേര് വിളിച്ചു പുസ്തകങ്ങളും ബുക്കുകളും തന്നത് .ബിഗ് ഷോപ്പറിൽ അത് താങ്ങിപ്പിടിച്ചു നടക്കുമ്പോൾ അതിന്മേൽ  ഒട്ടിക്കാനുള്ള നിറമുള്ള ലേബലുകളെപ്പറ്റിയും വാങ്ങേണ്ട സ്റ്റേഷനറിയും ഒക്കെ മകൾ ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു . 
പിൻസീറ്റിൽ തന്നെ പുതിയ പുസ്തകങ്ങളെ ചേർന്ന് അവളിരുന്നു . 

അപ്പോഴേക്കും ആ കോമ്പൗണ്ട് നിറയെ വാഹനങ്ങളാൽ നിറഞ്ഞിരുന്നു . എൻട്രൻസിന് അടുത്ത് തന്നെ പാർക്ക് ചെയ്യാൻ പറ്റിയത് നേരത്തെ എത്തിയതിന്റെ മിടുക്ക് കൊണ്ടാണെന്ന് പറഞ്ഞുകൊണ്ടാണ് ഞാൻ  വണ്ടി സ്റ്റാർട്ട് ചെയ്തത് 

പൊടുന്നനെ ഒരു വശത്തേക്ക് ചെരിഞ്ഞിരുന്ന സ്റ്റിയറിംഗ് വണ്ടിയെ പ്രതീക്ഷിക്കാത്ത ഒരു ദിശയിലേക്കു കൊണ്ടു പോയപ്പോൾ ബ്രേക്ക് ബ്രേക്ക് എന്ന്‌ മകൻ വിളിച്ചു പറഞ്ഞു . ആഞ്ഞു ചവിട്ടി  ആക്സിലറേറ്ററിൽ . പിന്നെ ഒന്നും അറിഞ്ഞില്ല . സൈഡിൽ പാർക്ക് ചെയ്തിരുന്ന വാഹനത്തിൽ ചെന്നിടിച്ച അപൂർവ കാഴ്ച്ച കാണാൻ പരിസരം ഇളകി . പിന്നിലത്തെ സീറ്റിനടിയിൽ ഒളിച്ചിരുന്ന ആളെയും മുന്നിലത്തെ സീറ്റിലെ ജാള്യത നിറഞ്ഞ മുഖവും അവർ കണ്ടില്ല . 

ദാഹിച്ചു വരണ്ട അവരുടെ ചുണ്ടുകൾ എന്നോട് വെള്ളം എന്ന്‌ പറഞ്ഞു കൊണ്ടിരുന്നു .  
മൊബൈൽ ചിത്രങ്ങൾ പകർത്തുമ്പോൾ ഒരാൾ ചോദിച്ചു .

എന്താ പറ്റിയെ ..
അറിയാൻ മേലാതെയാണോ കുഞ്ഞുങ്ങളെ വച്ചു ഓടിക്കുന്നത് ..

പെട്ടെന്ന് ഒരു അബദ്ധം പറ്റി . വെപ്രാളപ്പെട്ട് ബ്രേക്കിന് പകരം ആക്സിലറേറ്റർ കൊടുത്തു പോയി . 

ങ്ഹാ , നിങ്ങടെ വണ്ടീടെ മോന്തായം അങ്ങ് പോയല്ലോ . ചെന്നിടിച്ച വണ്ടീടെ ഉടമസ്ഥൻ സാറ് ഇപ്പോ ക്ലാസിലാ . അങ്ങേര് വന്നിട്ട് പോയാ മതി . അല്ലേലും ഈ കോലത്തില് നിങ്ങളുടെ വണ്ടി ഓടുമോ . 

അയാൾ നടന്നകന്നു . 
ആള് കുടുന്നതനുസരിച്ചു എന്റെ കാഴ്ച മങ്ങി വന്നു .

ഇത്തരം വിഷയങ്ങളിൽ ജനത്തിന് പൊതുവെ ഉള്ള ആകാംഷ കെട്ടടങ്ങാതെ കത്തി നിന്നു . മതിലിൽ ചാരി ഞാനും .

ഫോൺ ബെല്ലടിച്ചു .സ്കൂളിൽ പോയ ഞങ്ങൾ തിരിച്ചു വന്നോന്നു തിരക്കുകയായിരുന്നു ഭർത്താവ് .വിക്കി വിക്കിയാണ് പറഞ്ഞൊപ്പിച്ചത് .
ആർക്കെങ്കിലും എന്തേലും പറ്റിയോ ..

ഞാൻ പറഞ്ഞു ഇല്ലാ ,ആർക്കും ഒന്നും പറ്റിയില്ല 
അത് കേട്ടാൽ മതി 
ബാക്കിയുള്ളതൊക്കെ എങ്ങനെയും നമുക്ക് സോൾവ് ചെയ്യാം . 

മനസ്സിൽ ഒരു മഞ്ഞു തുള്ളി . അത് ശരീരമാകെ തണുപ്പിച്ചു .

മെലിഞ്ഞു ഉയരമുള്ള മധ്യവയസ്‌കൻ ആയിരുന്നു കാറിന്റെ ഉടമസ്ഥൻ .
തന്റെ മുന്തിയ വാഹനത്തിന്റെ ബലപ്പെരുമയിൽ അയാൾ ആ ചെറിയ വാഹനത്തെ ഒന്ന് അളന്നു .

പിന്നെ എന്റെ നേർക്ക് തിരിഞ്ഞു .

ഇത്ര ഇറെസ്പോൻസിബിൾ ആയി ആരേലും ഡ്രൈവ് ചെയ്‌മോ .
നോക്കൂ , പുതിയ കാർ ആണ് എന്റേത് . പിൻവശം ചളുങ്ങിയിട്ടുണ്ട് . ഇതിന്റെ പേരിൽ ഇൻഷുറൻസ് ക്ലെയിം ഒന്നും ഞാനെടുക്കൂല്ല . എനിക്കതിനൊട്ട് നേരോം ഇല്ലാ , ക്ഷമയും ഇല്ലാ സർവീസ് സെന്റർ ൽ ന്നു ആള് വന്നു കണ്ടിട്ട് ഒരു തുക വച്ചിട്ട് പോയാ മതി .

ഇതിനിടയിൽ അദ്ദേഹം വണ്ടിയിലോട്ട് എത്തി നോക്കി . നാലു കണ്ണുകൾ അയാളുടെ നോട്ടത്തിൽ പതുങ്ങുന്നത് ഞാനറിഞ്ഞു .

സർവീസ് സെന്ററിൽ നിന്നും വന്ന ചെറുപ്പക്കാരൻ ശ്രദ്ധിച്ചത് മുഴുവൻ ഞങ്ങളുടെ വാഹനത്തെ ആണ് എന്നത് എന്റെ ആധി കൂട്ടി ഇടി കിട്ടിയ വണ്ടിയോട് ചേർന്ന് നിന്ന് അയാൾ  മോന്തായം ചളുങ്ങിയ വണ്ടിയോട് എന്തൊക്കെയാവും പറഞ്ഞിട്ടുണ്ടാവുക .

പതിനായിരം രൂപയാണ് അവർ തമ്മിൽ സംസാരിച്ച ശേഷം എന്നോട് ആവശ്യപ്പെട്ടത് അത് കേട്ടപാടെ കയ്യിലെ പേഴ്‌സ് ഒന്ന് ചുളുങ്ങി കൈത്തണ്ടയിലെ മെലിഞ്ഞ വളകൾ ഒന്ന് പിടച്ചു .

നാളെ മതിയോ സാറെ , 
ഇപ്പോൾ കൈയിൽ ഇല്ലല്ലോ . വീടുവരെ ഒന്ന് പോണം . 

ങ് .. ങ്ഹാ  അതൊന്നും ഒക്കത്തില്ല .
ഇത് ഇന്ന് നടന്നില്ലേൽ പിന്നെ നടക്കൂല്ല .

എന്താണൊരു വഴി .  .  

ആയിക്കോട്ടെ സാറെ ,ഈ വണ്ടി സ്റ്റാർട്ട് ആകുമോന്നു ആദ്യം നോക്കട്ടെ . അങ്ങനെയെങ്കിൽ എന്റെ പിന്നാലെ വന്നോളൂ .

അത് നല്ല തീരുമാനം ...ഞാൻ പിന്നാലെ വന്നോളാം . 
അത്രേം ഉത്സാഹം ഞാൻ ഒരു മനുഷ്യനിൽ ഇതുവരെ കണ്ടിട്ടില്ലായിരുന്നു .

സ്കൂളിൽ നിന്നും ഇറങ്ങി തിരക്ക്  എറിയേറി വരുന്ന നഗരവീഥിയിലൂടെ മുഖക്ഷതമേറ്റ ആ മിണ്ടാപ്രാണി ജാഗ്രതയോടെ നീങ്ങി . അപമാനത്തിന്റെ അടയാളവും പേറി 
ടാറിട്ട പരുത്ത പ്രതലങ്ങളിലൂടെ തൂവൽ സ്പര്ശത്തോടെ അത്  ഓടിക്കൊണ്ടിരുന്നു.പിന്നിലിരുന്ന കുട്ടി ഇടക്കൊക്കെ പിന്നോട്ട് തിരിഞ്ഞു നോക്കി അങ്കിൾ പിന്നാലെ ഉണ്ടെന്ന് ഓർമ്മപ്പെടുത്തിക്കൊണ്ടിരുന്നു .

പറഞ്ഞ തുക കൈപറ്റി അദ്ദേഹം മടങ്ങി .

പകലും രാവും ഞാൻ എന്റെ വിചാരങ്ങളിൽ എവിടെയൊക്കെയോ പോയി ഇടിച്ചു നിന്നു . 
രണ്ടാഴ്ചക്ക് ശേഷം എനിക്ക് വന്ന ഫോൺ കോളിൽ നിന്ന് അത് അദ്ദേഹം ആണെന്ന് മനസ്സിലായി .

"എന്തേലും ആവശ്യങ്ങൾക്കായി ഇത് വഴി വന്നാൽ ഒന്ന് കേറാമോ ."

"വരാമല്ലോ ".
"അടുത്ത ആഴ്ച്ച  പുതുതായി ചേർന്ന കുട്ടികൾക്ക് ഓറിയന്റേഷൻ ഉണ്ട് . ഞാൻ വരുന്നുണ്ട് . അപ്പോൾ കാണാം "

“ലോബ്ബിയിൽ വന്ന് പേര് പറഞ്ഞാൽ മതി "
ഓ ശരി ആയിക്കോട്ടെ 

ഫോൺ വച്ചു കഴിഞ്ഞു ഞാൻ ആലോചിച്ചു 
അയാൾക്ക്‌ കുറ്റബോധം ഉണ്ടായിട്ടുണ്ടാവും . അന്ന്‌ ഒട്ടും സാവകാശം തന്നില്ലല്ലോ .

എന്നാലും അന്നുണ്ടായത് ഇനി ഒരിക്കലും ആവർത്തിക്കാൻ പാടില്ലാത്ത ഒന്നല്ലേ 

എന്റെ ഉള്ളം കാലിൽ നിന്നൊരു തീ മേലാകെ പടർന്നു . 
ക്ലച്ച് ..ബ്രേക്ക് .പിന്നെ അങ്ങേ അറ്റത്ത് ആക്സിലറേറ്റർ .

ദീർഘശ്വാസം വിട്ടുള്ള ആ ഇരുപ്പിലെ എന്റെ നോട്ടം ചെന്ന് നിശ്ചദാർഢ്യത്തിന്റെ ഒരു വഴിത്താരയിലേക്കു എന്നെ കൂട്ടികൊണ്ട് പോയി 

പറഞ്ഞു വച്ച ദിവസം സമയത്തു തന്നെ അവിടെ എത്തിച്ചേർന്നു .അന്നു വണ്ടികൾ ഇടിച്ച സ്ഥലത്തു തന്നെ പാർക്ക് ചെയ്തു .ഉള്ളിൽ ഒരു ആനന്ദം ഉണ്ടാകാതിരുന്നില്ല .ആ പുരാതന നിർമ്മിതിക്കുള്ളിലേക്കു കാലെടുത്തു വച്ചപ്പോൾ ബോർഡിലെ പ്രധാനപെട്ടവരുടെ ലിസ്റ്റിൽ ആ മുഖം കണ്ടു . ഉന്നതവിദ്യാഭ്യാസവും മാനവികശാസ്ത്രത്തിൽ ഉള്ള ഗവേഷണമികവും 

ഞാൻ അന്തിച്ചു നിന്നപ്പോൾ പിന്നിലെ ഡോർ തുറന്ന് അദ്ദേഹം വന്നു . 

വണ്ടിയേൽ ആണോ വന്നത് . 

അതെ , അന്നത്തെ സംഭവം കഴിഞ്ഞു ഒന്ന് വർക്ക്ഷോപ്പിൽ കേറി ഇറങ്ങേണ്ട താമസം ഞാൻ  വണ്ടി ഓടിക്കാൻ റെഡി ആയിക്കഴിഞ്ഞിരുന്നു . പഠിച്ച വിദ്യ ഇതിന്റെ പേരിൽ പാഴാക്കരുതെന്നു തോന്നി  .  

അത് നന്നായി . ങ് ഹാ , പിന്നെയൊരു ആയിരം രൂപ തിരികെ തരാനുണ്ട് . വല്യ പ്രശ്നമൊന്നും എന്റെ വണ്ടിക്ക്‌  ഉണ്ടായില്ലായിരുന്നു . പിന്നെ പോയ ഭാഗത്തെ പെയിന്റ് മാറ്റിയപ്പോൾ അവര് മൊത്തമൊന്നു അടിച്ചു വെളുപ്പിച്ചു . 

അദ്ദേഹം പറഞ്ഞത് ഏറ്റവും ശരിയായ പ്രവൃത്തിയാണ് തന്റെ ഭാഗത്തു നിന്നും ഉണ്ടായതെന്ന പൂർണബോധ്യത്തിൽ തന്നെയാണ് എന്നത് ഞാൻ ശ്രദ്ധിച്ചു .
ആ കറങ്ങുന്ന കസേര ആ സംസാരത്തിന് 
ഒരു പദവിയും കൊടുത്തു .

“അത് നന്നായി .  വളരെ നന്നായി “

ഞാൻ അറിയാതെ തന്നെ കൈകൂപ്പി വന്ദനം പറഞ്ഞു തിരികെ ഇറങ്ങി .അപ്പോൾ 
ഏറെ ദൂരം പോകാൻ തയ്യാറായി എന്നെക്കാത്ത് ഒരാൾ പൊരി വെയിലത്ത് കിടക്കുന്നുണ്ടായിരുന്നു.
എനിക്കപ്പോൾ ആശാനെ കാണണമെന്നും തോന്നി ..
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക