Image

അഞ്ചു വയസ്സു മുതലുള്ളവര്‍ക്ക് ഫൈസര്‍ വാക്‌സിന്‍ നല്‍കാന്‍ അനുമതി

Published on 27 October, 2021
അഞ്ചു വയസ്സു മുതലുള്ളവര്‍ക്ക് ഫൈസര്‍ വാക്‌സിന്‍ നല്‍കാന്‍ അനുമതി

രാജ്യത്ത് അഞ്ച് വയസ്സുമുതല്‍ 11 വയസ്സുവരെ പ്രായപരിധിയിലുള്ളവര്‍ക്കും  ഫൈസര്‍ വാക്‌സിന്‍ നല്‍കാന്‍  എഫ്ഡിഎ  ഉപദേശക സമിതിയുടെ  അനുമതി. അടുത്തയാഴ്ച ആദ്യം മുതല്‍ വാക്‌സിന്‍ നല്‍കി തുടങ്ങാനാണ്  നീക്കം. 
5-11 പ്രായപരിധിയിലുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കാനുള്ള ആദ്യ കടമ്പയാണ് ഇപ്പോള്‍ പിന്നിട്ടിരിക്കുന്നത്. ഉപദേശക സമിതിയുടെ അംഗീകാരം  ലഭിച്ചതിനാല്‍ എഫ്ഡിഎ എയുടെ അനുമതിക്കു തടസ്സമുണ്ടാവില്ല. ഇതിനുശേഷം സെന്റേര്‍ ഓഫ് ഡിസീസ് കണ്‍ട്രോളാണ് അവസാന അനുമതി നല്‍കേണ്ടത്.

ഫൈസര്‍ വാക്‌സിന്‍ കുട്ടികളില്‍ വലിയ പ്രതിരോധശേഷി നല്‍കുമെന്ന പഠന റിപ്പോര്‍ട്ട് പരിഗണിച്ചാണ് എഫ്ഡിഎ ഉപദേശക സമിതിയുടെ നടപടി.

12 വയസ്സിന് മുകളിലേയ്ക്കുള്ളവര്‍ക്ക് നല്‍കാന്‍ ഫൈസര്‍ വാക്‌സിന് ഇതിനകം അനുമതി ലഭിച്ചിട്ടുണ്ട്. ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ , മൊഡേണ എന്നീ വാക്‌സിനുകള്‍ക്ക് 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് നല്‍കാനാണ് അനുമതി ലഭിച്ചിരിക്കുന്നത്.

6-11 വയസ്സുള്ള കുട്ടികളിൽ മോഡേണ വാക്സിൻ സുരക്ഷിതമാണെന്ന് കമ്പനി 

6-11 വയസ്സുള്ള കുട്ടികളിൽ മോഡേണയുടെ കോവിഡ്  വാക്സിൻ സുരക്ഷിതമാണെന്നും കൂടുതൽ പ്രതിരോധ ശക്തി ഏർപ്പെടുത്താൻ സഹായകമാണെന്നും  കമ്പനി തിങ്കളാഴ്ച അറിയിച്ചു. പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ വാക്സിന്റെ ഇരു ഡോസുകൾ  പൂർത്തീകരിച്ച് ഒരു മാസം പിന്നിടുമ്പോൾ ഈ പ്രായക്കാരിൽ, ആന്റിബോഡുകളുടെ അളവ് മുതിർന്നവരേക്കാൾ 1.5 ഇരട്ടിയാണെന്ന് കണ്ടെത്തിയതായും മോഡേണ വൃത്തങ്ങൾ പറഞ്ഞു. 4753 കുട്ടികളിൽ 28 ദിവസങ്ങൾ നീണ്ട പരീക്ഷണമാണ് ഈ കണ്ടെത്തലിലേക്ക് എത്തിച്ചത്. 

ഗുരുതരപാർശ്വഫലങ്ങൾ ഒന്നും കണ്ടില്ലെന്നതും പ്രതീക്ഷ നൽകുന്നു. എല്ലാ വിവരങ്ങളും പുറത്തുവിട്ടിട്ടില്ലെങ്കിലും ട്രയലിന്റെ ഫലങ്ങൾ അനുമതിക്കായി ഉടൻ സമർപ്പിക്കുമെന്നാണ് അറിയുന്നത്.  നിലവിൽ 18 വയസ്സിന് മുകളിലുള്ളവർക്ക് മാത്രമേ മോഡേണ വാക്സിൻ സ്വീകരിക്കുന്നതിന് അംഗീകാരം നൽകിയിട്ടുള്ളൂ.

ഉപയോഗിച്ച ഗ്ലൗസ് അമേരിക്കയിലേക്ക് 

കോവിഡ് പൊട്ടിപ്പുറപ്പെട്ടതുമുതൽ, മെഡിക്കൽ സാമഗ്രികൾക്ക് ലോകമെമ്പാടും കടുത്ത ക്ഷാമം നേരിടുന്നുണ്ട്.

കൊറോണ ബാധയുടെ  പ്രഭവ കേന്ദ്രമായിരുന്ന സമയത്ത്  സമ്പന്ന രാജ്യമായ അമേരിക്കപോലും ആവശ്യത്തിന് കയ്യുറകൾ പോലും ലഭിക്കാതെ വലഞ്ഞു. ആ അവസരത്തിൽ സഹായിച്ച നിരവധി രാജ്യങ്ങളുണ്ട്. എന്നാൽ, അവസരം മുതലെടുക്കുകയും മനസ്സാക്ഷി ഇല്ലാതെ പെരുമാറുകയും ചെയ്ത ചില രാജ്യങ്ങളുമുണ്ടെന്നാണ് പുതിയ റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. മെഡിക്കൽ ഗ്ലൗസ് പരിമിതമായപ്പോൾ തായ്‌ലൻഡിൽ നിന്നുള്ള ഗ്ലൗസിനെ ആശ്രയിച്ചിരുന്നു.  ഉപയോഗിച്ചതും രക്തക്കറയുള്ളതുമടക്കം മോശം ഗ്ലൗസുകളാണ്  അവർ അയച്ചതെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.ഏറ്റവും അപകടകരമെന്ന് വിശേഷിപ്പിക്കുന്ന നൈട്രൈൽ ഗ്ലൗസും തായ്‌ലാൻഡ് കമ്പനികൾ അമേരിക്കയിലേക്ക് അയച്ചിരുന്നു.

ഒരു മാസം കൊണ്ട് സിഎൻഎൻ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം അറിയുന്നത്.  
ആവശ്യം ഉയരുന്നതിനനുസരിച്ച് ലഭ്യത ഇല്ലാതെ വരുമ്പോൾ സെക്കൻഡ് ഹാൻഡ് സാധനങ്ങൾ കയറ്റിവിടുന്ന കീഴ്വഴക്കം പുതിയതല്ല. എന്നാൽ, മെഡിക്കൽ സാമഗ്രികളുടെ കാര്യത്തിൽ, കോവിഡ് പോലെയൊരു മഹാമാരിയുടെ പശ്ചാത്തലത്തിൽ, ഇങ്ങനെ ചെയ്യുന്നത് പൊറുക്കാനാവില്ലെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.

ഇത് സംബന്ധിച്ച് അമേരിക്കയിലെയും തായ്ലൻഡിലെയും അധികൃതർ അന്വേഷിക്കുന്നുണ്ട്.
മയാമിയിൽ നിന്നൊരു വ്യവസായി 2 മില്യൺ ഡോളറിന്റെ ഗ്ലൗസിനാണ് തായ്‌ലൻഡിലെ കമ്പനിക്ക് ഓർഡർ നൽകിയത്. എന്നാൽ, ലഭിച്ചത് ഉപയോഗിച്ചവ ആയിരുന്നെന്ന് ഉപഭോക്താക്കൾ പരാതിപ്പെട്ടതോടെ തായ് കമ്പനി ചതിച്ചെന്ന് ബോധ്യപ്പെട്ടതായി വ്യവസായി  പറഞ്ഞു.ഇതേ തുടർന്ന് അദ്ദേഹം ഫെബ്രുവരി 2021 ൽ എഫ്ഡിഎ യ്ക്ക് പരാതി നൽകി.

യു എസ്  കസ്റ്റംസ് നിലവാരമില്ലെന്ന് ബോധ്യപ്പെട്ട്  40 മില്യൺ ഫേസ് മാസ്കുകളും ആയിരക്കണക്കിന് പിപിഇ കിറ്റുകളും കണ്ടുകെട്ടി.

ഉപയോഗശൂന്യമായതും നിലവാരമില്ലാത്തതുമായ പിപിഇ കിറ്റുകൾ യു എസിലേക്ക് മറ്റു രാജ്യങ്ങളിൽ നിന്ന് എത്തുന്നത് തടയാൻ ഡിപ്പാർട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി (ഡിഎച്ച്എസ്) ഓപ്പറേഷൻ സ്റ്റോളൻ പ്രോമിസ് എന്നൊരു മിഷൻ ആരംഭിച്ചു. കോവിഡിന്റെ പശ്ചാത്തലത്തിൽ, സാധനങ്ങൾ കൈമാറുമ്പോൾ നേരും നെറിവും പുലർത്താത്ത കള്ള നാണയങ്ങളെ തുരത്താൻ ഈ ഉദ്യമം ഏറെ സഹായകമായെന്നാണ് അറിയുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക