Image

ഡോ. ഇര്‍ഷാദ് കമ്മക്കകത്തിന് ഗവേഷണത്തിനുള്ള യുഎസ് സര്‍ക്കാരിന്റെ പേറ്റന്റ്

Published on 27 October, 2021
 ഡോ. ഇര്‍ഷാദ് കമ്മക്കകത്തിന് ഗവേഷണത്തിനുള്ള യുഎസ് സര്‍ക്കാരിന്റെ പേറ്റന്റ്
ന്യൂയോര്‍ക്ക്: ആധുനിക ജീവിതത്തിലെ അതിനൂതനമായ വ്യാവസായിക ആവശ്യങ്ങള്‍ക്കുള്ള പോളിബെന്‍സിമിഡാസോളുകളുടെ നിര്‍മാണവുമായുള്ള പഠനത്തിന് ഡോ. ഇര്‍ഷാദ് കമ്മക്കകത്തിന് യുഎസ് സര്‍ക്കാരില്‍ നിന്നു പേറ്റന്റ് ലഭിച്ചു. അമേരിക്കയിലെ അലബാമ യൂണിവേഴ്‌സിറ്റിയില്‍ കഴിഞ്ഞ മൂന്നു വര്‍ഷകാലത്തേ റിസര്‍ച്ച് സയന്റിസ്റ്റ് ജോലിയുമായ് ബന്ധപെട്ടു നിര്‍മിച്ച പോളിമെറുകള്‍ക്കാണ് ഡോ. ഇര്‍ഷാദിനെ തേടി ഈ അവാര്‍ഡ് എത്തിയത്.

പ്രഫ. ജേസണ്‍ ബാറയും ആയി ചേര്‍ന്നു നാസായുടെ 11 കോടി രൂപയുടെ സ്‌കോളര്‍ഷിപ്പില്‍ ഇത്തരത്തിലുള്ള പോളിമറുകളില്‍ 2018-2021 കാലങ്ങളില്‍ പ്രവര്‍ത്തിച്ച ഡോ. ഇര്‍ഷാദ്  ഈ ഓഗസ്റ്റില്‍ സൗദി അറേബ്യയയിലെ കിംഗ് അബ്ദുള്ളാഹ് യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ പോസ്റ്റ് ഡോക്ടറല്‍ സയന്റിസ്റ്റ് ആയി ചുമതലയേറ്റു ജോലി ചെയ്യുകയാണ്. ഇപ്പോള്‍ സൗദി അറേബിയയിലെ ആരാംകോ പോലുള്ള കമ്പനികള്‍ക്കുവേണ്ടി പുതിയതരം ജലശുദ്ധീകരണത്തിന് ഉപയോഗിക്കുന്ന പോളിമര്‍ സ്തരങ്ങള്‍ വികസിപ്പിച്ചെടുക്കുന്ന തിരക്കിലാണ് ഈ യുവ സയന്റിസ്റ്റ്.

കോഴിക്കോട് എംഎംവിഎച്ച്എസ്എസ് സ്‌കൂളില്‍ തുടങ്ങി, രാമകൃഷ്ണാ മിഷന്‍ ഹയര്‍സെക്കണ്ടറിയില്‍ നിന്ന് പ്ലസ്ടു കഴിഞ്ഞ് കെമിസ്ട്രിയില്‍ ഫാറൂക്ക് കോളജില്‍ നിന്ന് ബിരുദവും കോട്ടയം മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി ക്യാംപസ്സില്‍ നിന്ന് ബിരുധാനാന്തര ബിരുദവും നേടിയ ഇര്‍ഷാദ്, പി.ജി പഠനത്തി?ന്റെ ഭാഗമായി ഐഐടി ബോംബെയില്‍ ഒരു വര്‍ഷകാലം റിസര്‍ച്ച് ചെയ്തിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ ഇന്ത്യന്‍ അക്കാദമി ഓഫ് സയന്‍സ് ഫെല്ലോഷിപ്പ് നേടിയായിരുന്നു ഈ ഗവേഷണം.

തുടര്‍ന്ന് 2015 ല്‍ ദക്ഷിണ കൊറിയയിലെ ഇഞ്ചിയോണ്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഓര്‍ഗാനിക് പോളിമര്‍ മെറ്റീരിയല്‍ സിന്തസിസില്‍ പിഎച്ച്ഡി നേടി. ശേഷം രണ്ട് വര്‍ഷകാലം കെമിക്കല്‍ എഞ്ചിനീറിങ്ങില്‍ ദക്ഷിണ കൊറിയയിലെതന്നെ കൊറിയ ഇന്‍സ്റ്റിട്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ വിസിറ്റിംഗ് സയന്റിസ്റ്റായും ഫ്രാന്‍സിലെ മോണ്ട്‌പെല്ലിയര്‍ സര്‍വകലാശാലയില്‍ ഒരു വര്ഷം പോസ്റ്റ്‌ഡോക്കായും ജോലി ചെയ്തു, അവിടെ അദ്ദേഹം വേര്‍തിരിക്കല്‍ സാങ്കേതികവിദ്യയ്ക്കായി നിരവധി നൂതന പോളിമെറിക് മെറ്റീരിയലുകള്‍ വികസിപ്പിച്ചു, പ്രത്യേകിച്ച് ഒലെഫിന്‍/പാരഫിന്‍ വേര്‍തിരിക്കലിനും വാട്ടര്‍ ഫില്‍ട്ടറേഷന്‍ ആപ്ലിക്കേഷനുകള്‍ക്കുമായി അനവധി ലോകപ്രസക്തരായ സയന്റിസ്റ്റുകളുമായ് ചേര്‍ന്ന് പ്രവര്‍ത്തിച്ചു. ഗവേഷണ കണ്ടത്തലുകള്‍ അമേരിക്ക, ഫ്രാന്‍സ്, ഇംഗ്ലണ്ട്, കൊറിയ, സ്‌പെയിന്‍, ചെക്ക് റിപ്പബ്ലിക്ക് തുടങ്ങിയ രാജ്യങ്ങളില്‍ അവതരിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ 10 വര്‍ഷക്കാലമായി ഡോ. ഇര്‍ഷാദ് ഗ്യാസ് വേര്‍തിരിക്കലിനും ജല ശുദ്ധീകരണ സാങ്കേതികവിദ്യയ്ക്കുമുള്ള അയോണിക് പോളിമറുകളില്‍ ഗവേഷണ രംഗത്ത്  ചെയ്ത് അനേകം അംഗീകാരങ്ങള്‍ കൈവരിച്ചിട്ടുണ്ട് : 23 അന്താരാഷ്ട്ര ശാസ്ത്ര പ്രബന്ധങ്ങള്‍, 7 പേറ്റന്റ്‌സ് (അമേരിക്കന്‍ ആന്‍ഡ് കൊറിയന്‍), പോളിമര്‍സ് ജേണലിന്റെ എഡിറ്റോറിയല്‍ ബോര്‍ഡ് അംഗം, പോളിമര്‍സ് പ്രത്യേക ലക്കത്തിന്റെ ഗസ്റ്റ് എഡിറ്റര്‍, മെംബ്രേന്‍സുകള്‍ക്കുള്ള പ്രത്യേക ലക്കത്തിന്റെ ഗസ്റ്റ് എഡിറ്റര്‍, ങഉജക ജേണലുകളുടെ വിഷയ എഡിറ്റര്‍, ആര്‍എസ്സി പ്രസിദ്ധീകരണങ്ങളുടെ നിരൂപകന്‍, അമേരിക്കന്‍ കെമിക്കല്‍ സൊസൈറ്റി അംഗം, നോര്‍ത്ത് അമേരിക്കന്‍ മെംബ്രന്‍ സൊസൈറ്റി അംഗം, രാജ്യാന്തര വിദ്യാര്‍ഥി പോസ്റ്റര്‍ മത്സരത്തിന്റെ വിധികര്‍ത്താവ്, ദക്ഷിണ കൊറിയയിലെ സിയോളിലെ മെംബ്രന്‍ സൊസൈറ്റി ഓഫ് കൊറിയ കോണ്‍ഫറന്‍സ് 2014-സ്പ്രിംഗിലെ മികച്ച പോസ്റ്റര്‍ അവാര്‍ഡ്, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, ട്രിച്ചി -2009 ലെ നാഷണല്‍ സിമ്പോസിയത്തില്‍ രസതന്ത്ര ക്വിസില്‍ ഒന്നാം സമ്മാനം തുടങ്ങി ഒട്ടനവധി നേട്ടങ്ങള്‍ ഈ യുവ ശാസ്ത്രജ്ഞനെ തേടി എത്തിയിട്ടുണ്ട്. അമേരിക്കന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കല്‍ എഞ്ചിനീയര്‍മാരുടെ വിദ്യാഭ്യാസ വിഭാഗം സ്‌പോണ്‍സര്‍ ചെയ്യുന്ന 2020 ഫ്യൂച്ചര്‍ ഫാക്കല്‍റ്റി മെന്ററിംഗ് പ്രോഗ്രാമിലേക്ക് ലോകമെമ്പാടുമുള്ള ഏറ്റവും പ്രശസ്തരായ ശാസ്ത്രജ്ഞരില്‍ നിന്ന് 9 -ാം റാങ്കോടെ തിരഞ്ഞെടുത്തത് ഏറ്റവും വലിയ നേട്ടങ്ങളില്‍ ഒന്നാണ്.

ലോകത്തിലെ തന്നെ മികച്ച എഞ്ചിനീയറിംഗ് ഗവേഷണ ഫണ്ടിംഗ് സംഘടനകളായ നാസയുടെയും അമേരിക്കന്‍ ഊര്‍ജ്ജ വകുപ്പും നല്‍കുന്ന സ്‌കോളര്‍ഷിപ്പ് നേടിയ ഈ കോഴിക്കോടുകാരന്‍ പുതിയ ലക്ഷ്യങ്ങളിലേക്കുള്ള കുതിപ്പിലാണ്, കൂടെ കരുത്തായി കുടുംബവും. പരേതനായ പുത്തന്‍ വീട്ടില്‍ മുഹമ്മദാലിയാണ് പിതാവ്, മാതാവ് കമ്മകക്കത്ത് സഫിയ. കോഴിക്കോട് കുറ്റ്യാടി സ്വദേശിനിയും കമ്പ്യൂട്ടര്‍ സയന്‍സ് എഞ്ചിനീറിങ്ങില്‍ ബിരുദവും ഉള്ള ഭാര്യ നബീലയാണ് ഇദ്ദേഹത്തിന്റെ സ്വപ്നങ്ങള്‍ക്ക് കൂട്ടായ് എന്നും കൂടെ. സൗദ്യ അറബിയയിലെ കൗസ്റ്റ് സ്‌കൂളില്‍ കെ-3 യില്‍ പഠിക്കുന്ന 5 വയസുകാരന്‍ മകന്‍ ഐന്‍ ഇര്‍ഷാദ് കമ്മക്കകവും സയന്‍സ് വിഷയങ്ങളില്‍ പ്രാമുഖ്യം തെളിയിച്ചിട്ടുണ്ട്. പീരിയോഡിക് ടേബിളിലെ മൂലകങ്ങള്‍ മനഃപാഠമാക്കല്‍, ലോക ശാസ്ത്രജ്ഞരെ തിരിച്ചറിയല്‍, ഗ്രഹങ്ങളിലെ താല്‍പര്യം, കടല്‍ ജീവികളുടെ നാമം തുടങ്ങി വിവിധയിനം മേഖലകളിലെ പ്രകടനങ്ങള്‍ക്കായ് ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്സും ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്സും അവാര്‍ഡ് നല്‍കി ആദരിച്ചത് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക