Image

പ്രവാസി പുനരധിവാസ പാകേജ്; 2,000 കോടി രൂപയുടെ പ്രൊപോസല്‍ ഉടന്‍ കേന്ദ്രസര്‍കാരിന് സമര്‍പിക്കുമെന്ന് മുഖ്യമന്ത്രി

Published on 27 October, 2021
പ്രവാസി പുനരധിവാസ പാകേജ്; 2,000 കോടി രൂപയുടെ പ്രൊപോസല്‍ ഉടന്‍ കേന്ദ്രസര്‍കാരിന് സമര്‍പിക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം:  പ്രവാസി  പുനരധിവാസത്തിന് കേരള സര്‍ക്കര്‍ നടപ്പിലാക്കിയ പദ്ധതികള്‍ക്ക് പുറമെ സമഗ്രമായ പുനരധിവാസ പാകേജ് നടപ്പിലാക്കുന്നതിന് 2,000 കോടി രൂപയുടെ വിശദമായ പ്രൊപ്പസല്‍ ഉടന്‍ കേന്ദ്രസര്‍കാരിന് സമര്‍പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. മഞ്ഞളാംകുഴി അലിയുടെ ശ്രദ്ധക്ഷണിക്കലിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി .

കോവിഡ്   പശ്ചാത്തലത്തില്‍ 2021 ഒക്ടോബര്‍ 26 വരെ 17,51,852 പ്രവാസി മലയാളികളാണ് കോവിഡ് 19 ജാഗ്രതാ പോര്‍ടല്‍ പ്രകാരം തിരികെ എത്തിയിട്ടുള്ളത്. എന്നാല്‍ എയര്‍പോര്‍ട് അതോറിറ്റി ലഭ്യമാക്കുന്ന വിവരങ്ങള്‍ പ്രകാരം മെയ് 2020 മുതല്‍ ഒക്ടോബര്‍ 2021 വരെയുള്ള കാലയളവില്‍ കേരളത്തിലെ എയര്‍പോര്‍ടുകള്‍ വഴി 39,55,230 പേര്‍ വിദേശങ്ങളിലേക്ക് യാത്ര ചെയ്തിട്ടുണ്ട്. തിരിച്ചുപോകാന്‍ ആഗ്രഹിച്ചവരില്‍ ഭൂരിഭാഗം പേരും തിരിച്ചുപോയിട്ടുണ്ട് എന്ന് ഈ കണക്കുകള്‍ പ്രകാരം കരുതാവുന്നതാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

വിവിധ രാജ്യങ്ങളില്‍ നിന്നും വാലിഡ് പാസ്‌പോര്‍ട്, വാലിഡ് ജോബ് വിസ എന്നിവയുമായി തിരിച്ചെത്തി തിരികെപോകാന്‍ സാധിക്കാത്ത പ്രവാസികള്‍ക്ക് 5,000/ രൂപ വീതം അടിയന്തിര ധനസഹായം സര്‍കാര്‍ അനുവദിച്ചിരുന്നു. ഇതനുസരിച്ച്‌ 1,33,800 പേര്‍ക്ക് ധനസഹായം ലഭ്യമാക്കിയിട്ടുണ്ട്.

 കോവിഡ് ബാധിച്ച പ്രവാസികള്‍ക്ക് 10,000/ രൂപ വീതം ധനസഹായം അനുവദിച്ചിട്ടുണ്ട്. ഇത് നാളിതുവരെയായി 181 പേര്‍ക്ക് നല്‍കിയിട്ടുണ്ട്. പ്രവാസി പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ക്ക് കോവിഡ് രണ്ടാം തരംഗത്തില്‍ സര്‍കാര്‍ ധനസഹായമായി 1,000/ രൂപ വീതം 18,278 പേര്‍ക്ക് അനുവദിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരിച്ചെത്തിയ പ്രവാസികളില്‍ 12.67 ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു എന്നാണ് കോവിഡ് പോര്‍ടലിലെ കഴിഞ്ഞദിവസം വരെയുള്ള വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. ഇവരെ പുനരധിവസിപ്പിക്കുന്നതിനും തൊഴില്‍ സംരംഭക പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നതിനും 2021 - 22 ലെ ബഡ്ജറ്റില്‍ 50 കോടിരൂപ വകയിരുത്തിയിട്ടുണ്ട്.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക