Image

ഈ മനോഹര തീരത്തുവരുമോ ഇനിയൊരു ജൻമം കൂടി (നൈന മണ്ണഞ്ചേരി)

Published on 26 October, 2021
ഈ മനോഹര തീരത്തുവരുമോ ഇനിയൊരു ജൻമം കൂടി (നൈന മണ്ണഞ്ചേരി)
ഒക്ടോബർ 27. മലയാളത്തിന്റെ ഗന്ധർവ്വ ഗാനരചയിതാവിന്റെ വേർപാടിന് ഒരു വർഷം കൂടി. കഴിഞ്ഞ വർഷം രാഘവപ്പറമ്പിൽ പോയിരുന്നു. പ്രിയ കവിയുടെ ഓർമ്മകൾ പങ്കുവെക്കാൻ. എല്ലാ വർഷവും തുലാം പത്തിന് പ്രശസ്തരും അല്ലാത്തവരുമായ എല്ലാ കവികളും കാവ്യാർച്ചനയ്ക്കായി അവിടെ ഒത്തു കൂടാറുണ്ടല്ലോ? കോവിഡിന്റെ നിയന്ത്രണങ്ങളിൽ ആഘോഷങ്ങൾ പരിമിതപ്പെടുത്തുമ്പോൾ വയലാർ അനുസ്മരണവും പതിവു പോലെ വിപുലമാകില്ല. എങ്കിലും എല്ലാ ആഘോഷങ്ങൾക്കുമപ്പുറം മലയാളികളുടെ മനസ്സിൽ വയലാർ തീർത്ത ഒരു സ്ഥാനമുണ്ടല്ലോ, അത് എല്ലാ ആഘോഷങ്ങൾക്കുമപ്പുറമാണ്.
 
നേരിട്ട് കാണാനുള്ള ഭാഗ്യമുണ്ടായില്ലെങ്കിലും അദ്ദേഹത്തിന്റെ പ്രിയ പുത്രൻ ശർത്ചന്ദ്ര വർമ്മയുമായി പരിചയപ്പെടാനും പല പരിപാടികളിലും ഒന്നിച്ച് പങ്കെടുക്കാനും കഴിഞ്ഞത് സന്തോഷകരമാണ്. അദ്ദേഹം അമ്പലപ്പുഴ കുഞ്ചൻ സ്മാരക സമിതിയുടെ പ്രസിഡന്റായിരിക്കുമ്പോഴാണ്  കുഞ്ചൻ പ്രബന്ധപുരസ്ക്കാരം എനിക്ക് ലഭിച്ചത്. അന്ന് ശരത് സാറിന്റെ സാന്നിദ്ധ്യത്തിൽ അത് ഏറ്റുവാങ്ങാനും അദ്ദേഹത്തോടൊപ്പം ചേർത്തല വരെ കാറിൽ ഒന്നിച്ചു വരുവാനും കഴിഞ്ഞത് ഇപ്പോഴും മറക്കാത്ത ഓർമ്മയായി മനസ്സിൽ നിൽക്കുന്നു.
 
 
അന്ന് അച്ഛനെപ്പറ്റി, മലയാളികൾ മനസ്സിലേറ്റിയ ആ കവിതകളെയും അനശ്വരമായ ഗാനങ്ങളെയും കുറിച്ച്, അപ്പോൾ താൻ  എഴുതിക്കൊണ്ടിരിക്കുന്ന  മുസ്ലിം പശ്ചാത്തലത്തിലുള്ള  ചലച്ചിത്ര ഗാനത്തെപ്പറ്റി..വളരെ കാര്യങ്ങൾ അദ്ദേഹം സംസാരിച്ചു. ആ ഗാനവും ഹിറ്റാവുമെന്ന് ഞാൻ പറഞ്ഞു. കാരണം ‘’എന്റെ ഖൽബിലെ വെണ്ണിലാവിനെപ്പറ്റിയും സുഗന്ധ പൂരിതമായ അത്തറിനെപ്പറ്റിയുമൊക്കെ എഴുതി ഹിറ്റാക്കിയ  ആളല്ലേ, എത്രയോ അനശ്വര ഗാനങ്ങളിലൂടെ മലയാളികളെ കോരിത്തരിപ്പിച്ച ഗാനചക്രവർത്തിയുടെ മകൻ, ആ പ്രതിഭ ഇല്ലാതിരിക്കുമോ? അച്ഛന്റെ പാരമ്പര്യം നിലനിർത്താൻ ധൈര്യസമേതം മുന്നോട്ടു വന്ന ആ മകന് എല്ലാ ഭാവുകങ്ങളും നേരണം. ധൈര്യ സമേതം എന്ന് മനപ്പൂർവ്വം തന്നെ പറഞ്ഞതാണ്.
 
കാരണം എല്ലാ എഴുത്തുകാരുടെയും മക്കൾക്ക് അതിനുള്ള ധൈര്യം ഉണ്ടാകണമെന്നില്ല, ഇനി ധൈര്യമുണ്ടായാൽ തന്നെ പ്രതിഭ ഉണ്ടായിക്കൊള്ളണമെന്നില്ല. വൈക്കം മുഹമ്മദ് ബഷീറിന്റെ മരണ ശേഷം ഒരിക്കൽ വയലാലിൽ വീട്ടിൽപോകാനിടയായപ്പോൾ അദ്ദേഹത്തിന്റെ മക്കളായ ഷാഹിനയോടും അനീസിനോടും  ഈ ചോദ്യം ചോദിച്ചിട്ടുണ്ട്.  അവർ പറഞ്ഞ മറുപടി ഇതായിരുന്നു, ഞങ്ങൾ ആദ്യമൊക്കെ കഥകൾ എഴുതുമായിരുന്നു, പിന്നെ അത് നിർത്തി. കാരണം എന്തെഴുതിയാലും പ്രശസ്തനായ ബേപ്പൂർ സുൽത്താന്റെ സൃഷ്ടികളോട് താരതമ്യം ചെയ്താണ് ആളുകൾ വിലയിരുത്തുന്നത്. അതു കൊണ്ട് ആ സാഹസം വേണ്ടെന്ന് വെച്ചു.
 
അന്ന് അനീസ് ബഷീർ പറഞ്ഞ മറ്റൊരു കാര്യം കൂടിയുണ്ട്. ഒരു കുടുംബത്തിൽ ഒരു ജീനിയസ്സേ ഉണ്ടാകൂ എന്നാണ് പറയുന്നത്. പലപ്പോഴും അതു ശരിയാണെകിലും ഇവിടെ അച്ഛന്റെ   മേഖലയായ ചലച്ചിത്ര ഗാന രംഗത്ത് തന്റെതായ സംഭാവന ചെയ്യാൻ ശരത്തിന് കഴിഞ്ഞിട്ടുണ്ട്.
 
ഒരിക്കൽ എന്റെ ഗുരുവും മലയാളത്തിന്റെ ആക്ഷേപ ഹാസ്യ ചക്രവർത്തിയുമായ ചെമ്മനം ചാക്കോ സാറിനോട് സംസാരിക്കുമ്പോൾ പറഞ്ഞു,സാറിന്റെ ഒരു കവിത ഞാൻ കോളേജിൽ പഠിക്കുമ്പോൾ ‘’കുങ്കുമം’’ ആഴ്ച്ചപ്പതിപ്പിൽ വായിച്ചിട്ടുണ്ട്. വയലാറിന്റെ ‘’ആത്മാവിലൊരു ചിത’’യെ അനുകരിച്ചു കൊണ്ട് എഴുതിയ കവിത. അപ്പോഴാണ് ആ കവിതയുടെ കാര്യം വീണ്ടും ചെമ്മനം ഓർത്തത്. ഞാൻ അതിന്റെ തുടക്കം ഓർമ്മയിൽ നിന്ന് ചൊല്ലി കേൾപ്പിച്ചു
 
,’’കുട്ടനുറങ്ങിക്കിടക്കുന്നു നിശ്ചലം, പൊട്ടിച്ചിരികൾ വയലാറു വിട്ടു പോയ്..
വന്നവർ വന്നവർ വിങ്ങിക്കരം കൂപ്പി, നിന്നകലുന്നു നിഴലുകൾ പോലവേ…’’
 
എത്ര ഓർത്തിട്ടും ബാക്കി വരികൾ എനിക്കു കിട്ടിയില്ല. എത്രയോ വർഷങ്ങൾ മുമ്പ് ആലപ്പുഴ എസ്.ഡി.കോളേജ് ലൈബ്രറിയിൽ നിന്നും വായിച്ച് കടലാസിൽ പകർത്തി എഴുതി കൊണ്ടു നടന്നു പഠിച്ച വരികൾ. അന്ന് ചെമ്മനം   എന്നോട് പറഞ്ഞു, അത് മുഴുവനായി എവിടെ നിന്നെങ്കിലും സംഘടിപ്പിച്ചു തരണം. എന്റെ പഴയ ശേഖരത്തിൽ അന്നു മുതൽ ഞാൻ അന്യേഷിക്കാൻ തുടങ്ങിയെങ്കിലും ആ കവിത മാത്രം കിട്ടിയില്ല. ഒടുവിൽ 2018ലെ പ്രളയകാലത്തിനിടയ്ക്ക് ചെമ്മനവും കടന്നു പോയെങ്കിലും ആ വാക്ക് പാലിക്കാൻ പറ്റിയില്ലല്ലോ എന്ന ദുഖം ബാക്കിയാകുന്നു.
 
കാലങ്ങളെത്ര കടന്നു പോയെങ്കിലും മലയാളത്തിലെ പ്രിയപ്പെട്ട വിപ്ളവ ജനകീയ ഗായികയും എന്റെ നാട്ടുകാരിയുമായ പി.കെ.മേദിനിച്ചേച്ചി പാടിയ മധുരമായ ആ വരികൾ ഇപ്പോഴും മുഴങ്ങുന്നു,’’ഒരു കുറി പിന്നെയും വരിക നീ മലയാള കവിത തൻ കരിമുകിൽ മുത്തേ’’ എന്ന ആ പ്രശസ്ത ഗാനത്തിന്റെ അവസാനം പറയുന്നതു പോലെ,’’നീ കൂടിയുണ്ടായിരുന്നെങ്കിൽ, മറ്റെങ്ങു നീ ഇവിടെത്തന്നെയില്ലേ..’’ അതെ, മലയാളികളുടെ മനസ്സിൽ തിളങ്ങുന്ന നക്ഷത്രമായി വയലാർ എപ്പോഴും ഇവിടെ തന്നെയുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക