Image

മോന്‍സന്‍ തട്ടിപ്പ് കേസില്‍ ഡിജിപിയുടെ മൊഴിയെടുത്തു ; പോലീസ് ക്ലബ്ബില്‍ മോന്‍സന്‍ തങ്ങിയത് വിഐപിയായി

ജോബിന്‍സ് Published on 26 October, 2021
മോന്‍സന്‍ തട്ടിപ്പ് കേസില്‍ ഡിജിപിയുടെ മൊഴിയെടുത്തു ; പോലീസ് ക്ലബ്ബില്‍ മോന്‍സന്‍ തങ്ങിയത് വിഐപിയായി
മോന്‍സന്‍ പുരാവസ്തുക്കളുടെ പേരില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ സംസ്ഥാന ഡിജിപി അനില്‍കാന്തിന്റെ മൊഴി ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തി. ചരിത്രത്തിലാദ്യമായണ് ഒരു തട്ടിപ്പ് കേസില്‍ ഡിജിപി ചോദ്യം ചെയ്യപ്പെടുന്നത്. അനില്‍ കാന്ത് ഡിജിപി ആയതിന് ശേഷം മോന്‍സണ്‍ വന്നു കാണുകയും ഉപഹാരം നല്‍കുകയും ചെയ്തിരുന്നു. 

മോന്‍സനും അനില്‍ കാന്തും ഒന്നിച്ചുള്ള ചിത്രങ്ങളും പുറത്തു വന്നിരുന്നു. ഇതേ തുടര്‍ന്നാണ് അനില്‍ കാന്തിന്റെ മൊഴിയെടുക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്. മോന്‍സനെതിരെ തട്ടിപ്പ് കേസില്‍ അന്വേഷണം നടക്കുകയും മോന്‍സന്‍ തട്ടിപ്പുകാരനാണെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടും ഉണ്ടായിരുന്ന ഘട്ടത്തിലായിരുന്നു ഡിജിപിയുമായാ കൂടിക്കാഴ്ച നടത്തിയതെന്നതാണ് ഗൗരവകരം. 

എന്നാല്‍ പ്രവാസി സംഘടനയുടെ ഭാരവാഹിയെന്ന നിലയിലാണ് മോന്‍സന്‍ വന്നുകണ്ടതെന്നാണ് ഡിജിപി ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിരിക്കുന്നത്. പാസ്‌പോര്‍ട്ട് പോലും ഇല്ലാത്തയാള്‍ എങ്ങനെ പ്രവാസി സംഘടനയുടെ ഭാരവാഹിയാകും എന്നതാണ് അപ്പോളും അവശേഷിക്കുന്ന ചോദ്യം. 

ഇതിനിടെ ഇന്റലിജന്‍സ്, വിജിലന്‍സ് സംവിധാനങ്ങളെല്ലാമുള്ള സംസ്ഥാന പോലീസിനെ കബളിപ്പിച്ച് പോലീസ് ക്ലബ്ബുകളില്‍ വിഐപിയായി മോന്‍സന്‍ താമസിച്ചിട്ടുണ്ടെന്ന വിവരവും പുറത്ത് വന്നു. ഐജി ലക്ഷ്മണയുടെ അതിഥിയായിട്ടായിരുന്നു കാക്കിയുടെ കാവലില്‍ മോന്‍സന്റെ സുഖവാസം. ഇക്കാര്യത്തില്‍ ഐജി ലക്ഷമണയുടേയും പോലീസ് ക്ലബ്ബിലെ ജീവനക്കാരുടേയും മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക