Image

വിദേശ മെഡിക്കല്‍ ബിരുദധാരികളോട് വീണ്ടും ഇന്റേണ്‍ഷിപ്പ്‌ ആവശ്യപ്പെടരുതെന്ന് കോടതി

Published on 26 October, 2021
വിദേശ മെഡിക്കല്‍ ബിരുദധാരികളോട് വീണ്ടും ഇന്റേണ്‍ഷിപ്പ്‌ ആവശ്യപ്പെടരുതെന്ന് കോടതി
കൊച്ചി: വിദേശത്തുനിന്ന് മെഡിക്കല്‍ ബിരുദം നേടി അവിടെ ഒരു വര്‍ഷത്തെ ഇന്റേണ്‍ഷിപ്പ്‌ പൂര്‍ത്തിയാക്കിയവര്‍ക്ക് ഇന്ത്യയില്‍ പ്രാക്ടീസ് ചെയ്യാനുള്ള രജിസ്‌ട്രേഷന്‍ അനുവദിക്കുന്നത് തടയാനാവില്ലെന്ന് ഹൈകോടതി. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ ആക്ടില്‍ പരാമര്‍ശിക്കുന്ന എല്ലാ യോഗ്യതയും ഉള്ള വിദേശ മെഡിക്കല്‍ ബിരുദധാരി പ്രാക്ടീസിന് വേണ്ടി പെര്‍മനന്റ് രജിസ്‌ട്രേഷന് അപേക്ഷ നല്‍കിയാല്‍ വീണ്ടുമൊരു ഇന്‍േറണ്‍ഷിപ്പിന് നിര്‍ബന്ധിക്കാതെ അനുവദിക്കണമെന്നും ജസ്റ്റിസ് പി. ബി. സുരേഷ്‌കുമാര്‍ ഉത്തരവിട്ടു.

ദുബൈയിലെ മെഡിക്കല്‍ കോളജില്‍നിന്ന് ബിരുദം നേടിയശേഷം കേരളത്തിലെത്തി പ്രാക്ടീസ് നടത്താന്‍ രജിസ്‌ട്രേഷന്‍ അനുവദിക്കണമെങ്കില്‍ വീണ്ടും ഇന്‍േറണ്‍ഷിപ് ചെയ്യണമെന്ന സംസ്ഥാന മെഡിക്കല്‍ കൗണ്‍സില്‍ (ട്രാവന്‍കൂര്‍ -കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍) നിലപാടിനെതിരെ തിരുവനന്തപുരം മണക്കാട് സ്വദേശിനി സാദിയ സിയാദ് നല്‍കിയ ഹര്‍ജി അനുവദിച്ചാണ് സിംഗിള്‍ബെഞ്ചിന്റെ ഉത്തരവ്.

2019ല്‍ ദുബൈ മെഡിക്കല്‍ കോളജ് ഫോര്‍ ഗേള്‍സില്‍ നിന്നാണ് ഹര്‍ജിക്കാരി മെഡിക്കല്‍ ബിരുദമെടുത്തത്. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ ആക്ട് (ഐ.സി.എ) സെക്ഷന്‍ 13(4ബി) പ്രകാരമുള്ള യോഗ്യത സര്‍ട്ടിഫിക്കറ്റ് അഡ്മിഷന്‍ എടുത്തപ്പോള്‍ ഇല്ലായിരുന്നെങ്കിലും പിന്നീട് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയില്‍ അപേക്ഷ നല്‍കിയതിനെ തുടര്‍ന്ന് ലഭിച്ചു. ബിരുദം ലഭിച്ചശേഷം ഒരു വര്‍ഷം ദുബൈ ഹെല്‍ത്ത് അതോറിറ്റിക്ക് കീഴിലെ വിവിധ ആശുപത്രികളില്‍ ഇന്‍േറണ്‍ഷിപ് ചെയ്തു.

ദുബൈ ആരോഗ്യ അതോറിറ്റി നടത്തുന്ന ലൈസന്‍സിങ് പരീക്ഷയും ഇന്ത്യയില്‍ പ്രാക്ടീസ് നടത്താനുള്ള യോഗ്യതയായ ഐ.സി.എ ആക്ട് പ്രകാരമുള്ള സ്‌ക്രീനിങ് ടെസ്റ്റും ഇതിനിടെ പാസായി. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് കേരളത്തില്‍ പ്രാക്ടീസ് നടത്താന്‍ പ്രൊവിഷനല്‍ രജിസ്‌ട്രേഷന് വേണ്ടി സംസ്ഥാന മെഡിക്കല്‍ കൗണ്‍സിലിന് അപേക്ഷ നല്‍കിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക