Image

കപടസദാചാരത്തിന്റെ തടവറയിൽ ജീവിതം ഹോമിക്കുന്ന മലയാളികൾ - സർഗ്ഗവേദിയിൽ സംവാദം

പി. ടി. പൗലോസ്  Published on 25 October, 2021
കപടസദാചാരത്തിന്റെ തടവറയിൽ ജീവിതം ഹോമിക്കുന്ന മലയാളികൾ - സർഗ്ഗവേദിയിൽ സംവാദം

ഒക്ടോബർ 17 ലെ മനോഹര സായാഹ്നം. ന്യുയോര്‍ക്ക് കേരളാ സെന്ററിന്റെ പ്രകാശപൂരിതമായ മെയിന്‍ഹാളില്‍ സർഗ്ഗവേദിയുടെ മറ്റൊരദ്ധ്യായത്തിന് തിരശീല ഉയർന്നു. കേരളാ സെന്റർ  പ്രസിഡന്റ് അലക്സ് എസ്തപ്പാൻ അദ്ധ്യക്ഷനായി .  പി. ടി. പൗലോസിന്റെ സ്വാഗതപ്രസംഗത്തോടെ പരിപാടികൾക്ക് തുടക്കമായി.

ഡിട്രോയിറ്റിൽ നിന്നും അതിഥിയായെത്തിയ പ്രമുഖ സ്വതന്ത്രചിന്തകനും എഴുത്തുകാരനുമായ ജെയിംസ് കുരീക്കാട്ടിൽ ആയിരുന്നു മുഖ്യപ്രഭാഷകൻ. 'മതാതീത മൂല്യങ്ങളുടെ കവിതകളും സദാചാരത്തർക്കങ്ങളുടെ കഥകളും' ആയിരുന്നു പ്രസംഗവിഷയം. 

ഏതാണ്ട് അഞ്ചോളം സ്വന്തം കവിതകൾ ചൊല്ലിക്കൊണ്ട് പ്രസ്തുത കവിതകളെയും 'മല്ലുക്ലബ്ബിലെ സദാചാരത്തർക്കങ്ങൾ' എന്ന തന്റെ കഥാസമാഹാരത്തിലെ കഥകളെയും ആസ്പദമാക്കി അദ്ദേഹം സ്വതന്ത്രചിന്തയുടെ ചില ദർശനങ്ങൾ അവതരിപ്പിക്കുകയുണ്ടായി. ആദ്യം ചൊല്ലിയ 'എന്റെ ഫിലോസഫി' എന്ന കവിതയിലൂടെ തന്നെ എന്റെ മതം, എന്റെ ജാതി, എന്റെ ഭാഷ, എന്റെ ഭക്ഷണം, എന്റെ പുരാണങ്ങൾ, എന്റെ ഇതിഹാസങ്ങൾ, എന്റെ സംസ്കാരം എന്നു പറഞ്ഞുകൊണ്ട് എന്റെയാണ് എല്ലാത്തിലും മികച്ചതെന്ന് കരുതുന്ന വിഭാഗീയത / സങ്കുചിത ചിന്തകൾക്കപ്പുറം കടന്ന് എല്ലാ മതങ്ങളെയും എല്ലാ ഭാഷകളെയും എല്ലാ സംസ്കാരങ്ങളെയും ഉൾക്കൊള്ളാൻ കഴിയുന്ന വിശ്വമാനവികതയിലേക്ക് ഉയരാനാണ്‌ ഓരോ മനുഷ്യനും ശ്രമിക്കേണ്ടത് എന്നും അപ്പോഴാണ് മനുഷ്യജീവിതം അർത്ഥപൂർണ്ണമാകുന്നത് എന്നും ജെയിംസ് പറയുകയുണ്ടായി. 

ചില കപടസദാചാരങ്ങളുടെ തടവറയിൽ, സ്വയം ജീവിക്കാൻ കഴിയാതെ മറ്റുള്ളവരെ അവരുടെ ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ചു ജീവിക്കാൻ അനുവദിക്കാതെ ജീവിതം ഹോമിച്ചുതീർക്കുന്ന ഒരു വിഭാഗമാണ് മലയാളി സമൂഹം. മനുഷ്യന്റെ ഏറ്റവും വലിയ സർഗ്ഗസൃഷ്ടിയായ ദൈവസങ്കല്പങ്ങൾ യാഥാർഥ്യം ആണെന്ന് കരുതുകയും അതിനെ പ്രാർത്ഥിച്ചും പുകഴ്ത്തിയും ജീവിതത്തിന്റെ കൊച്ചു കൊച്ചു ആഗ്രഹങ്ങൾ നേടിയെടുക്കാൻ ശ്രമിക്കുന്നതിനിടെ സ്വയമായി ജീവിക്കാൻ മറന്നുപോകുന്ന അല്ലെങ്കിൽ അതിനു സാധിക്കാതെ വരുന്ന മലയാളിസമൂഹത്തെയാണ് നാം കാണുന്നത്. മതങ്ങളിൽ പറയുന്ന ഏതാനും ചില മൂല്യങ്ങൾ അനുസരിക്കുന്നത് മാത്രമല്ല; മനുഷ്യനിൽ സഹജമായിട്ടുള്ള ധാർമ്മികതയെയും അതിന്റെ മൂല്യങ്ങളെയും അറിവും വിവേകവും കൊണ്ട് പരിപോഷിപ്പിക്കുകയും കൂടുതൽ പരിഷ്‌കൃതം ആയ  ഒരു  സമൂഹത്തെ രൂപപ്പെടുത്താൻ ശ്രമിക്കുകയും ആണ് നാം ചെയ്യേണ്ടത്. അപ്പോൾ വെറുപ്പും വിദ്വേഷവും ഇല്ലാത്ത സഹജീവിസ്നേഹവും സമാധാനവും ഉണ്ടാകുകയും ചെയ്യും-ജെയിംസ്  ചൂണ്ടിക്കാട്ടി

തുടർന്നു സംസാരിച്ച മനോഹർ തോമസ് ജെയിംസ് കുരീക്കാട്ടിലിന്റെ കാഴ്ചപ്പാടുകളോട് പൂർണ്ണമായി യോജിക്കുകയായിരുന്നു. നല്ലവരായി ജീവിക്കാൻ ഈശ്വരവിശ്വാസി ആകണമെന്ന് നിർബന്ധമില്ലെന്നും ഉള്ളിൽ നന്മയുണ്ടായാൽ മതിയെന്നും മനോഹർ പറഞ്ഞു. മതാതീതമായ ആത്മീയത നല്ലതുതന്നെ. 

എന്നാലും മതത്തെ കുറ്റം പറയാനാകില്ല എന്നായിരുന്നു കോരസണ്‍ വർഗീസിന്റെ അഭിപ്രായം. ധാർമ്മികത ഇല്ലെങ്കിൽ സമൂഹത്തിന്റെ പോക്ക് അപകടത്തിലേക്ക് ആയിരിക്കും. അതുകൊണ്ട് എഴുത്തുകാരനും ധാർമ്മികതയുടെ കാവൽക്കാരൻ ആയിരിക്കണം എന്നും കോരസണ്‍ കൂട്ടിച്ചേർത്തു. 

ജയൻ കെ.സി തന്റെ പ്രസംഗത്തിൽ  മലയാളികൾ ഏതാണ്ട് നൂറു ശതമാനം സാക്ഷരരാണെങ്കിൽത്തന്നെ ജാതി മത ചിന്തകളും കപടദേശീയതയും ഭയാനകമായ വളർച്ചയിൽ എത്തിയിരിക്കുന്നുവന്നു ചൂണ്ടിക്കാട്ടി. എന്നാലും പുതിയ ചിന്തകളും വിപ്ലവകരമായ കാഴ്ചപ്പാടുകളുമായി ഒരു വിഭാഗം യുവതലമുറ ജനാധിപത്യത്തിന്റെ പാതയിലൂടെ നീങ്ങാൻ ശ്രമിക്കുന്നത് ആശ്വാസകരമാണെന്നുകൂടി ജയൻ പറഞ്ഞു.

അടുത്തതായി സംസാരിച്ചത് കെ. കെ. ജോൺസൺ ആയിരുന്നു. ഭാരതത്തിന്റെ മണ്ണിൽ എറിഞ്ഞ ദേശീയതയുടെയും വർഗീയതയുടെയും വിത്തുകൾ മുളപൊട്ടി വിഷമുള്ളുകളായി വളർന്ന്  അധികാരത്തിലെത്തി. അവർ ജനങ്ങൾക്ക് ഭീഷണിയായി ഭരണത്തിൽ തുടരുന്നു. സാംസ്കാരികമായി ഒന്നിക്കാൻ അമേരിക്കൻ മലയാളികളും തയ്യാറല്ല. ഇവിടെ ആദ്യം എത്തിയപ്പോൾ എല്ലാവർക്കും പൊതുവായ ആവശ്യങ്ങൾ ആയിരുന്നു. അത് നേടിയപ്പോൾ മതത്തിന്റെയും സമ്പത്തിന്റെയും അടിസ്ഥാനത്തിൽ വിഭാഗീയ ചിന്തകൾ വളർന്നു എന്ന് ജോൺസൺ പറഞ്ഞു. 

മതാധിപത്യ രാജ്യങ്ങൾ ഒരിടത്തും നന്നായിട്ടില്ല എന്നായിരുന്നു മാത്യു വാഴപ്പിള്ളിയുടെ അഭിപ്രായം. ഇന്ത്യയേക്കാൾ സ്വതന്ത്രമായി ജീവിക്കാൻ അമേരിക്കയിൽ സാധിക്കുമെന്നുകൂടി മാത്യു   ചേർത്തുപറഞ്ഞു. മതാതീത സമൂഹത്തിലും ശാന്തിയും സമാധാനവും ഇല്ല എന്നായിരുന്നു അലക്സ് എസ്തപ്പാന്റെ അഭിപ്രായം. മതങ്ങൾ മാത്രമല്ല കുഴപ്പക്കാർ എന്നും സഹജീവികളോട് അനുകമ്പയുള്ള മാനവികതയിൽ അധിഷ്ഠിതമായ ഭരണ സംവിധാനമാണ് ലോകത്ത് ആവശ്യമെന്നും അലക്സ് അഭിപ്രായപ്പെട്ടു.

രാജു തോമസ്, റെജീസ്  നെടുങ്ങാടപ്പിള്ളി, സന്തോഷ് പാലാ എന്നിവരും  സംസാരിച്ചു. തുടർന്ന് ജെയിംസ് കുരീക്കാട്ടിലിനും യോഗത്തിൽ സന്നിഹിതരായിരുന്ന ജയിംസിന്റെ കുടുംബത്തിനും സദസ്സിനും നന്ദി പറഞ്ഞുകൊണ്ട് സ്‌നേഹവിരുന്നോടെ ഒരു സർഗ്ഗസായാഹ്നം പൂർണ്ണമായി.

കപടസദാചാരത്തിന്റെ തടവറയിൽ ജീവിതം ഹോമിക്കുന്ന മലയാളികൾ - സർഗ്ഗവേദിയിൽ സംവാദം
Join WhatsApp News
abdul punnayurkulam 2021-10-26 08:55:39
Good to see Sargavedhi inviting an independent thinker from Detroit.
Be the good leaven ! 2021-10-26 14:23:43
' The Christian ideal has not been tried and found lacking , it has been found difficult and left untried ' - Those words from the brilliant mind and heart of G.K Chesterton with enough truth and humility in him to lead him eventually to The Church , seeing The Light as to where The Remedy is for the sinfulness and weakness in hearts and nations . Leading / cursing persons to go the way of the wide easy path of carnal fears and lies and rebellious self will as opposed to the efforts of those , even if in an imperfect manner to point to The Light - an indication of the spirit of despair in the lives of many who propose same , as a dangerous leaven ; may The Blood and Water help to wash off same , to bring hope and trust in The One who can do so !
ചോറിങ്ങും ... 2021-10-26 22:33:43
ചോറിങ്ങും കൂറങ്ങുമായി കഴിയുന്ന ചിലർക്ക് മാത്രമേ സത്യം പറയുമ്പോൾ ആക്ഷേപമായി തോന്നു. എന്തിനാണ് ഇങ്ങനെയുള്ളവർ ഈ രാജ്യത്തേക്ക് വരുന്നത്?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക