Image

തെറ്റൊന്നും ചെയ്തിട്ടില്ല ; മനസ്സ് തുറന്ന് അനുപമയുടെ അച്ഛന്‍

ജോബിന്‍സ് Published on 25 October, 2021
തെറ്റൊന്നും ചെയ്തിട്ടില്ല ; മനസ്സ് തുറന്ന് അനുപമയുടെ അച്ഛന്‍
മകളുടെ കുഞ്ഞിനെ തട്ടിയെടുത്ത് ദത്ത് നല്‍കിയെന്ന ആരോപണം പേറുന്ന വ്യക്തിയാണ് സിപിഎം പേരൂര്‍ക്കട ലോക്കല്‍ കമ്മിറ്റിയംഗം എസ് ജയ ചന്ദ്രന്‍ . എന്നാല്‍ താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും തന്റെ കുടുംബത്തെ വലിയൊരു അപമാനത്തില്‍ നിന്നും രക്ഷിക്കാനാണ് ശ്രമിച്ചതെന്നും ജയചന്ദ്രന്‍ പറഞ്ഞു. 
 
ഒരു മലയാളം ഓണ്‍ലൈന്‍ മാധ്യമത്തോടൊണ് ജയചന്ദ്രന്‍ മനസ്സ് തുറന്നത്. കുഞ്ഞിനെ ദത്ത് നല്‍കിയത് അനുപമയുടെ സമ്മതത്തോടൊണെന്നും അദ്ദേഹം വെളിപ്പെടുത്തി. അനുപമയ്ക്ക് മികച്ച വിദ്യാഭ്യാസം നല്‍കിയിരുന്നുവെന്നും ഏറെ സ്‌നേഹവും ലാളനയും പിന്തുണയും നല്‍കിയാണ് മകളെ വളര്‍ത്തിയതെന്നും ജയചന്ദ്രന്‍ പറഞ്ഞു. ഡിഗ്രി  അവസാന വര്‍ഷം പഠിച്ചുകൊണ്ടിരുന്നപ്പോഴാണ് മകള്‍ അജിത്തുമായി അടുക്കുന്നതെന്നും എന്നിട്ടും കോളേജില്‍ പോകുന്നതില്‍ നിന്ന് തടഞ്ഞില്ലെന്നും മകള്‍ തെറ്റൊന്നും ചെയ്യില്ലെന്ന് ഉറപ്പുള്ളത് കൊണ്ടാണ് ഇങ്ങനെ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. 
 
ഏത് വെല്ലുവിളികളേയും നേരിടാന്‍ സാധിക്കത്തക്കവിധം ഏറെ സ്വാതന്ത്യത്തോടെയും ധൈര്യത്തോടെയുമാണ് മകളെ വളര്‍ത്തിയതെന്നും ജയചന്ദ്രന്‍ പറഞ്ഞു. ഉത്തരവാദിത്വമുള്ള പിതാവെന്ന നിലയില്‍ ആരും ചെയ്യുന്നത് പോലെ അജിത്തിനെ കുറിച്ച് അന്വേഷിച്ചെന്നും അപ്പോഴാണ് അജിത്ത് വിവാഹിതനാണെന്നും മറ്റൊരു കുടുംബം തകര്‍ത്താണ് വിവാഹിതയായ നസിയയെ വിളിച്ചിറക്കി വിവാഹം കഴിച്ചതെന്ന് മനസ്സിലായതെന്നും ജയചന്ദ്രന്‍ പറഞ്ഞു. 
 
തന്റെ മകളുമായും അജിത്ത് പ്രണയം നടിക്കുകയായിരുന്നുവെന്നും ഇത് അനുപമയ്ക്ക് പറഞ്ഞ് മനസ്സിലാക്കി കൊടുക്കാന്‍ ശ്രമിച്ചിട്ട് നടന്നില്ലെന്നും ജയചന്ദ്രന്‍ പറഞ്ഞു.  മൂത്തമകളുടെ വിവാഹത്തിന് മാസങ്ങള്‍ക്കുമുമ്പാണ് ഇളയമകള്‍ വിവാഹം കഴിക്കാതെ ഗര്‍ഭിണിയായ വിവരം അറിഞ്ഞതെന്നും താന്‍ തകര്‍ന്നുപോയെന്നും സകല ധൈര്യവും സംഭരിച്ചാണ് പിടിച്ച് നിന്നതെന്നും ജയചന്ദ്രന്‍ പറഞ്ഞു. 
 
വിവാഹ ശേഷം കുഞ്ഞിനെ ശിശുക്ഷേമ സമിതിയെ ഏല്‍പ്പിക്കാമെന്ന് ഒറ്റക്കെട്ടായാണ് എല്ലാവരും തീരുമാനിച്ചതെന്നും വിവാഹത്തിലൂടെ അല്ലാതെ കുഞ്ഞുണ്ടായതിന്റെ മാനക്കേടൊഴിവാക്കാന്‍ അനുപമയും അതാഗ്രഹിച്ചെന്നും ജയചന്ദ്രന്‍ പറഞ്ഞു. 2019 ഒക്ടോബര്‍ 22 നാണ് കുഞ്ഞിനെ അമ്മ തൊട്ടിലില്‍ ഉപേക്ഷിച്ചതെന്നും അദ്ദേഹം പറഞ്ഞു. 
 
അന്ന് അനുപമ കുഞ്ഞിനെ നോക്കാന്‍ പറ്റിയ അവസ്ഥയിലല്ലായിരുന്നുവെന്നും അങ്ങനെ ചെയ്തില്ലായിരുന്നുവെങ്കില്‍ മൂത്തമകളുടെ വിവാഹം നടക്കില്ലായിരുന്നുവെന്നും ജയചന്ദ്രന്‍ പറഞ്ഞു. അന്നൊക്കെ ഈ അജിത് എവിടെയായിരുന്നുവെന്നും അദ്ദേഹം ചോദിച്ചു. 
 
2021 ഏപ്രീലിലാണ് അനുപമ കുട്ടിയെ അന്വേഷിച്ച് തന്റെ അടുക്കലെത്തിയതെന്നും ശിശുക്ഷേമ സമിതിയെ സമീപിക്കാന്‍ താന്‍ പറഞ്ഞെന്നും ജയചന്ദ്രന്‍ പറഞ്ഞു. കുഞ്ഞിനെ അനുപമയ്ക്ക് തിരികെ കിട്ടുന്നതില്‍ തനിക്ക് എതിര്‍പ്പില്ലെന്നും അത് നിയമപരമായ കാര്യങ്ങളാണെന്നും ജയചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക