Image

വിഷം തീണ്ടിയ അരിയാഹാരികളുടെ മേഘസ്‌ഫോടനം അഥവാ മൈക്കുകള്‍ വിദ്യാര്‍ത്ഥികളാവുന്നൂ(കവിത : പി.ഡി ജോര്‍ജ്, നടവയല്‍)

പി.ഡി ജോര്‍ജ്, നടവയല്‍ Published on 25 October, 2021
  വിഷം തീണ്ടിയ അരിയാഹാരികളുടെ മേഘസ്‌ഫോടനം അഥവാ മൈക്കുകള്‍ വിദ്യാര്‍ത്ഥികളാവുന്നൂ(കവിത : പി.ഡി ജോര്‍ജ്, നടവയല്‍)
കടുവകള്‍ കാടുവിട്ടിറങ്ങിയോ?

മേഘസ്‌ഫോടനമോ?

കവലകള്‍ തോറും

ഉരുള്‍ പൊട്ടല്‍ പോലെ

സര്‍വവും പിഴുതെറിഞ്ഞൊഴുകുന്നൂ,

മുഷ്ടി ചുഴറ്റിയും,

തുപ്പലെമ്പാടും ധൂളിച്ചും,

പല പല കൊടികള്‍,

കെട്ടിയ വേദികളില്‍

മഹാപ്രളയമായൊഴുകുന്നൂ,

മലയാള സ്‌പേസ്ഷട്ടില്‍ പോല്‍

ചങ്കു പ്രസംഗങ്ങള്‍.

കോവിഡിന്നു മതിലാകേണ്ട മാസ്‌ക്കുകളെ

താടയ്ക്കു കെട്ടിയ തുണിക്കഷണമാക്കി,

ശവമഞ്ചപ്പെട്ടിയില്‍  നിന്ന്

കുതറിയെത്തിയ ചീര്‍ത്തദേഹങ്ങള്‍ പോലെ,

നേതാക്കള്‍, പ്രബോധകര്‍, സമുദ്ധാരകരാകുന്നൂ,

മഹാപ്രളയമായൊഴുകുന്നൂ

മലയാള സ്‌പേസ് ഷട്ടില്‍ പോല്‍

ചങ്കു പ്രസംഗങ്ങള്‍.

മടുപ്പേതുമില്ലാതെ

മൈക്കുകള്‍ വിദ്യാര്‍ത്ഥികളാവുന്നൂ.

മേലനങ്ങാപ്പണി ചെയ്യുമനുയായികള്‍

കുംഭകള്‍ തലോടുന്നൂ;

കൊടി നിറഭേദങ്ങള്‍ നോക്കി ഭര്‍ത്സിക്കൂന്നൂ,

മഹാപ്രളയമായൊഴുകുന്നൂ

മലയാള സ്‌പേസ്ഷട്ടില്‍ പോല്‍

ചങ്കു പ്രസംഗങ്ങള്‍

ഓണം വാണ മലയാളനാടിന്നും പേറുന്നൂ

പെരുംകാലവര്‍ഷം പോലീ

ഘോരഘോര കരാളരാത്ര ഭര്‍ത്സനങ്ങള്‍!

രാജ്യം നന്നാകാന്‍,

മൈക്കുകള്‍ വിദ്യാര്‍ത്ഥികളാവുന്നൂ,

അത്ഭുത സംരംഭകത്വം

 

ഖദറേ, കാവിയേ, ചോരച്ചാലില്‍

മുക്കിയ ചേലകളേ, പച്ചപ്പനം

തത്ത കുപ്പായങ്ങളേ, വാഴ്ക!

നരകജീവിതമിതു മറക്കാന്‍:

വോട്ടെടുപ്പുകാലങ്ങള്‍, സ്ത്‌റീപീഡനങ്ങള്‍,

ഈന്തപ്പഴങ്ങള്‍, മലദ്വാര സ്വര്‍ണ്ണവേട്ടകള്‍,

പ്രണയക്കുരുക്കുകള്‍, പാറമടകള്‍,

ഫ്‌ളാറ്റുകള്‍, മാദ്ധ്യമ വിചാരണകള്‍,

ചാനല്‍ ചര്‍ച്ചകള്‍, അവധി ദിനങ്ങള്‍,

ചാരായ സമൃദ്ധികള്‍,  മനുഷ്യ മതിലുകള്‍,

പെട്‌റോള്‍ത്തുള്ളികള്‍, ഗ്യാസ്സുകുറ്റികള്‍

ട്‌റോളുകള്‍, മലര്‍ന്നു തുപ്പും സിനിമകള്‍, 

ആന മയില്‍ കുരങ്ങുകള്‍,

നമുക്കു പോരേ, നാമിന്നും

വിഷം തീണ്ടിയ അരിയാഹാരികളല്ലോ?

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക