Image

മുല്ലപ്പെരിയാര്‍ അണക്കെട്ടിനു ഘടനാപരമായ ബലക്ഷയം, തകര്‍ച്ചാസാധ്യത തള്ളിക്കളയാനാകില്ല: യു.എന്‍

Published on 24 October, 2021
 മുല്ലപ്പെരിയാര്‍ അണക്കെട്ടിനു ഘടനാപരമായ ബലക്ഷയം, തകര്‍ച്ചാസാധ്യത തള്ളിക്കളയാനാകില്ല: യു.എന്‍
വാഷിംഗ്ടണ്‍: മുല്ലപ്പെരിയാര്‍ അണക്കെട്ടിനു ഘടനാപരമായ ബലക്ഷയമുണ്ടെന്നും തകര്‍ച്ചാസാധ്യത തള്ളിക്കളയാനാകില്ലെന്നും ഐക്യരാഷ്ട്ര സംഘടനാ യൂണിവേഴ്‌സിറ്റിയുടെ റിപ്പോര്‍ട്ട്.  1979ലും 2011ലുമുണ്ടായ ചെറിയ ഭൂചലനങ്ങള്‍ മൂലം അണക്കെട്ടില്‍ വിള്ളലുകളുണ്ടായിട്ടുണ്ട്. അണക്കെട്ടിലെ ചോര്‍ച്ചയും ആശങ്കയുണ്ടാക്കുന്നു. 125 വര്‍ഷം മുന്‍പ് നിര്‍മാണത്തിന് ഉപയോഗിച്ച സാങ്കേതികവിദ്യ നിലവിലുള്ള നിര്‍മാണച്ചട്ടങ്ങളുമായി തട്ടിച്ചുനോക്കിയാല്‍ കാലഹരണപ്പെട്ടതാണ്.

അണക്കെട്ടു തകര്‍ന്നാല്‍ കേരളത്തിലെ 35 ലക്ഷം പേരെ ബാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇടുക്കി ഉള്‍പ്പെടെയുള്ള ജില്ലകളില്‍ തുടര്‍ച്ചയായുണ്ടാകുന്ന അതിതീവ്ര മഴയും മിന്നല്‍പ്രളയവും ഉരുള്‍പൊട്ടലും മൂലം മുല്ലപ്പെരിയാര്‍ ഉള്‍പ്പെടെയുള്ള അണക്കെട്ടുകളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്ക വീണ്ടും ഉയരുന്നതിനിടെയാണ് യുഎന്‍ യൂണിവേഴ്‌സിറ്റിയുടെ റിപ്പോര്‍ട്ട് പുറത്തുവന്നത്.

യുഎന്‍ യൂണിവേഴ്‌സിറ്റിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ വാട്ടര്‍, എന്‍വയണ്‍മെന്റ് ആന്‍ഡ് ഹെല്‍ത്ത് ആണ് ലോകത്തിലെ പഴക്കം ചെന്ന ഡാമുകളുടെ സുരക്ഷാ ഭീഷണിയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ഇന്ത്യ, യുഎസ്, ഫ്രാന്‍സ്, കാനഡ, ജപ്പാന്‍, സാംബിയ, സിംബാബ്വെ എന്നീ രാജ്യങ്ങളിലെ പഴക്കം ചെന്ന ഡാമുകളെക്കുറിച്ചാണു പഠനം നടത്തിയത്.

മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട് കേരളവും തമിഴ്‌നാടുമായുള്ള തര്‍ക്കവും നിയമപോരാട്ടവും റിപ്പോര്‍ട്ടിലുണ്ട്. 1895ല്‍ അണക്കെട്ട് നിര്‍മിക്കുമ്പോള്‍ 50 വര്‍ഷത്തെ ആയുസ്സാണ് നിശ്ചയിച്ചിരുന്നത്.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക