Image

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ഞായറാഴ്ച (ജോബിന്‍സ്)

ജോബിന്‍സ് Published on 24 October, 2021
വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ഞായറാഴ്ച (ജോബിന്‍സ്)
തിരുവനന്തപുരത്ത്  അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ വകുപ്പ് തല അന്വേഷണം ഊര്‍ജിതം. ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജു ഖാനെ വനിത ശിശുവികസന ഡയറക്ടര്‍ വിളിച്ചുവരുത്തി. പൂജപ്പുരയിലുള്ള വനിതാ  ശിശുവികസന ഡയറക്ടറുടെ ഓഫീസിലെത്തിയ ഷിജു ഖാന്റെ മൊഴി രേഖപ്പെടുത്തി. ഇതിനിടെ കേസില്‍ പ്രതിപ്പട്ടികയില്‍ ചേര്‍ക്കപ്പെട്ടിട്ടുള്ളവര്‍ കോടതിയില്‍ മുന്‍ജാമ്യത്തിന് അപേക്ഷ നല്‍കി. 
**********************************
പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സന്‍ മാവുങ്കലിന്റെ  കൈവശം തിമിംഗലത്തിന്റെ അസ്ഥികളുമെന്ന് സംശയം. എട്ടടി നീളമുള്ള എല്ലുകളാണ് വനംവകുപ്പ് കണ്ടെടുത്തത്. വാഴക്കാലയിലെ മോന്‍സന്റെ സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് അസ്ഥികള്‍ കണ്ടെടുത്തത്. മോന്‍സെനെതിരായ പോക്‌സോ കേസില്‍ മോന്‍സന്റെ പേഴ്‌സണല്‍ ക്യാമറാമാനേയും അറസ്റ്റ് ചെയ്തു.
****************************
ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിയുമായി ബന്ധപ്പെട്ട കേസില്‍ വന്‍ ട്വിസ്റ്റ്. ഷാറൂഖ് ഖാനില്‍ നിന്ന് പണം തട്ടാനുള്ള ശ്രമങ്ങളാണ് നടന്നതെന്നും എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയ്ക്ക് ഇതില്‍ പങ്കുണ്ടെന്നും കേസിലെ സാക്ഷിയായ പ്രഭാകര്‍ സെയ്ല്‍ ആരോപിച്ചു. കേസിലെ മറ്റൊരു സാക്ഷിയായ ഗോസാവിക്കും ഇതില്‍ പങ്കുണ്ടെന്നാണ് ആരോപണം. ഇവര്‍ക്കിടയില്‍ 18 കോടിയുടെ കൈക്കൂലി ഇടപാട് നടന്ന കാര്യവും തനിക്ക് അറിയാമെന്ന് പ്രഭാകര്‍ സെയ്ല്‍ പറഞ്ഞു. എന്‍സിബി ഓഫീസില്‍ വച്ച്  ആര്യന്‍ ഖാനെ കൊണ്ട് ആരെയൊക്കെയോ ഫോണില്‍ വിളിപ്പിക്കുന്ന വീഡിയോയും പ്രഭാകര്‍ പങ്കുവെച്ചിട്ടുണ്ട്.
*****************************
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 137 അടിയിലേക്ക് ഉയരുന്നു. പുതിയ കണക്ക് പ്രകാരം 136.88 അടിയാണ് ജലനിരപ്പ്. 136 അടിയില്‍ എത്തിയപ്പോള്‍ തമിഴ് നാട് ആദ്യ അറിയിപ്പ് കേരളത്തിന് നല്‍കിയിരുന്നു. 138 അടിയായാല്‍ രണ്ടാമത്തെ അറിയിപ്പും 140 അടിയില്‍ ആദ്യ മുന്നറിയിപ്പും 141 അടിയില്‍ രണ്ടാമത്തെ മുന്നറിയിപ്പും 142 അടിയില്‍ മൂന്നാമത്തെയും അവസാനത്തെയും മുന്നറിയിപ്പ് തമിഴ്‌നാട് നല്‍കും. അതേസമയം വൃഷ്ടി പ്രദേശങ്ങളില്‍ മഴ കുറഞ്ഞിട്ടുണ്ട്.
***************************
കനത്ത സുരക്ഷാ വലയത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കാശ്മീരില്‍ മൂന്നു ദിവസത്തെ സന്ദര്‍ശനം നടത്തുന്നതിനിടയിലും ഭീകരാക്രമണം. കാശ്മീരില്‍ ഭീകരാക്രമണങ്ങള്‍ തുടര്‍ക്കഥായ പശ്ചാത്തലത്തിലാണ് അമിത് ഷാ കാശ്മീര്‍ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചത്. ഇതിനിടയിലും ഭീകരര്‍ ആക്രമണം നടത്തിയത് സുരക്ഷാ ഏജന്‍സികളെ ഞെട്ടിച്ചിരിക്കുകയാണ്. രണ്ട് ആക്രമണങ്ങള്‍ ഉണ്ടായതായാണ് വിവരം. ഷോപ്പിയാനില്‍ ഒരു തദ്ദേശിയന്‍ കൊല്ലപ്പെന്നാണ് റിപ്പോര്‍ട്ടുകള്‍. പൂഞ്ചില്‍ നടന്ന ആക്രമണത്തില്‍ ഒരു ജവാനും രണ്ട് പോലീസുകാര്‍ക്കും പരിക്കേറ്റതായാണ് വിവരം.
***********************************
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ കാശ്മീര്‍ സന്ദര്‍ശനം തുടരുന്നു. ജമ്മു കശ്മീരില്‍ അതിര്‍ത്തി നിര്‍ണ്ണയവും തിരഞ്ഞെടുപ്പും സംസ്ഥാന പദവി പുനഃസ്ഥാപിക്കലും ഉടന്‍ ഉണ്ടാകുമെന്ന് അമിത് ഷാ പറഞ്ഞു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടി പുനസ്ഥാപിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
**********************************
കാശ്മീരില്‍ ഭീകരാക്രമണങ്ങള്‍ തുടര്‍ക്കഥയാകുന്ന പശ്ചാത്തലത്തില്‍ പാകിസ്ഥാന് മുന്നറിയിപ്പുമായി ഇന്ത്യന്‍ സൈനീക മേധാവി ബിപിന്‍ റാവത്ത്. ക്ഷമ പരീക്ഷിക്കരുതെന്നാണ് പാകിസ്ഥാനോട് ഇന്ത്യന്‍ കരസേനാ മേധാവി പറഞ്ഞത്. കാശ്മീരില്‍ പാകിസ്ഥാന്‍ നിഴല്‍ യുദ്ധം നടത്തുകയാണെന്നും ഇവിടെ സമാധാനം പുലരുന്നത് പാകിസ്ഥാന് അസ്വസ്ഥത നല്‍കുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇനിയും ഇത്തരത്തിലുള്ള അക്രമണങ്ങള്‍ തുടര്‍ന്നാല്‍ കാശ്മീരില്‍ വീണ്ടും കടുത്ത നിയന്ത്രണങ്ങളേര്‍പ്പെടുത്തേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. 
*******************************************
ക്രിസ്ത്യന്‍ പള്ളികളുടെ കണക്കെടുപ്പ് നടത്തുന്നതില്‍ കര്‍ണാടക സര്‍ക്കാരിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് എന്ന സംഘടനയാണ് ഹര്‍ജി നല്‍കിയത്. സര്‍വേ തടയണമെന്നും നടപടി ഭരണഘടനാ ലംഘനമാണെന്നും ഹര്‍ജിയില്‍ പറയുന്നു. കര്‍ണാടകയില്‍ നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമം കൊണ്ടുവരാനൊരുങ്ങവേയാണ് ക്രിസ്ത്യന്‍ പള്ളികളുടെ കണക്കെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയത്.
**************************************
അടുത്ത വര്‍ഷം കണ്ണൂരില്‍ നടക്കുന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനുള രാഷ്ട്രീയ പ്രമേയത്തിന്റെ രൂപരേഖയെ കുറിച്ച് സിപിഎം പിബി ചര്‍ച്ച ചെയ്തതായി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി . അതേ സമയം കോണ്ഡഗ്രസുമായുള്ള സഖ്യത്തെ കേരളത്തില്‍ നിന്നുള്ള പിണറായി വിജയന്‍ അടക്കമുള്ള നേതാക്കള്‍ ശക്തമായി എതിര്‍ത്തതായുള്ള വാര്‍ത്തകള്‍ അദ്ദേഹം തള്ളിക്കളഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക