ഇനി പോലീസിന് പൊതുമരാമത്ത് വകുപ്പില്‍ നിന്നും വിവിരങ്ങള്‍ ലഭിക്കണമെങ്കില്‍ പണമടച്ചുള്ള അപേക്ഷ നല്കി കാത്തിരിക്കണമെന്ന വിചിത്ര ഉത്തരവുമായി ആഭ്യന്തര വകുപ്പ്. പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഉത്തരവ്.
പൊതുമുതല്‍ നശിപ്പിച്ചതുമായി ബന്ധപ്പെട്ട നാശനഷ്ടങ്ങളുടെ കണക്കെടുക്കുന്ന കാര്യത്തിലാണ് ഇപ്പോള്‍ ഉത്തരവിറങ്ങിയിരിക്കുന്നത്. പൊതുമുതല്‍ നശിപ്പിച്ച കേസുണ്ടായാല്‍ പ്രതികള്‍ തത്തുല്യമായ തുക കെട്ടിവച്ചശേഷമാണ് ജാമ്യത്തിലിറങ്ങേണ്ടത്. ഇതാനായി നഷ്ടത്തിന്റെ കണക്കെടുത്ത് പോലീസിന് നല്‍കേണ്ടത് പൊതുമരാമത്ത് വകുപ്പാണ്.
ഇത്രയും നാള് പോലീസ് നല്കുന്ന നോട്ടീസിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത് ലഭിച്ചിരുന്നത്. എന്നാല്‍ ഇനി പൊതുമരാമത്ത് വകുപ്പിനോട് ആജ്ഞ വേണ്ട അപേക്ഷ മതി എന്ന നിലപാടാണ് ആഭ്യന്തര വകുപ്പിനും പൊതുമരാമത്ത് വകുപ്പിനും. അപേക്ഷ നല്കിയാല് മാത്രം പോര പണവുമടയ്ക്കണം. ഉത്തരവിനെതിരെ പോലീസില്‍ പ്രതിഷേധം ശക്തമാണ്.