Image

ജീവനതാളത്തിന്റെ നിശബ്ദമാത്രകൾ (മായ കൃഷ്ണൻ)

Published on 22 October, 2021
ജീവനതാളത്തിന്റെ നിശബ്ദമാത്രകൾ (മായ കൃഷ്ണൻ)
ജീവിതയാഥാർഥ്യങ്ങളുടെ കറുത്ത ഭൂമികകളാണ് കെ. സുരേന്ദ്രനെന്ന എഴുത്തുകാരന്റെ പഥ്യപ്പെട്ട എഴുത്തിടം. മനുഷ്യമനസ്സിന്റെ സങ്കീർണാവസ്ഥകളിലേക്ക് അക്ഷരങ്ങൾ വഴിനടന്നതോടെ, അദ്ദേഹം എഴുതിയതൊക്കെയും മനോവിശകലനങ്ങളായിമാറി. നിത്യപരിചിതങ്ങളെങ്കിലും അറിയാത്തമട്ടിൽ, നാം ധൃതിപിടിച്ച് തള്ളിമാറ്റി ഒഴിവാക്കിക്കളയുന്ന, ശരീരത്തിന്റെയും മനസ്സിന്റെയും വഴികൾ.. പ്രണയത്തിന്റെയും പരിഭവങ്ങളുടെയും വഴികൾ,... ജീവൽ -മൃതി സംഘട്ടനങ്ങൾ...  
                     
ദാസ് എന്ന കവി നായകനായും മായ നായികയായും പ്രത്യക്ഷപ്പെടുന്ന, "മരണം ദുർബലം "എന്ന നോവൽ, മനഃശാസ്ത്രപരമായ വായനക്ക് ഏറെ സാധ്യതയുള്ളതാണ്. അച്ഛനും രണ്ട് പെണ്മക്കളുമടങ്ങുന്ന കുടുംബത്തിലേക്ക്, ഒരു മഴക്കാലസന്ധ്യയിൽ തീർത്തും അവിചാരിതമായി കടന്നുവരുന്ന ദാസിലൂടെയാണ് നോവൽ പുരോഗമിക്കുന്നത്. മായ, അവളെക്കാൾ ഏറെ പ്രായമുള്ളവളും അവളെ പോറ്റമ്മയെപ്പോലെ വളർത്തിക്കൊണ്ടുവന്നവളുമായ ചേച്ചി രാധക്കൊച്ചമ്മ, അവരുടെ അച്ഛൻ എന്നിവരടങ്ങുന്ന തികച്ചും ശാന്തമായ കുടുംബാന്തരീക്ഷം ദാസിന്റെ പ്രവേശത്തോടെ മാറ്റിമറിക്കപ്പെടുന്നു. കവിതയിലും രാഷ്ട്രീയത്തിലും ജീവിതത്തിലും തന്റേതായ ഉറച്ച നിലപാടുകളുണ്ട് മായയ്ക്ക്. ദാസിനോടുള്ള പരിചയം പിന്നീട് മറ്റു മാനങ്ങളിലേക്ക് കടന്നുകയറുന്നതും അവളുടെ ഈ നിലപാടുകൾ കൊണ്ടുതന്നെ. പരിചയം, സൗഹൃദം, പരസ്പരാങ്ഗീകരണം, ബഹുമാനം, ആരാധന, വിധേയത്വം, സ്നേഹം, പ്രണയം എന്നിങ്ങനെ തുടർന്ന ഒരു വഴിയായിരുന്നു ദാസിന്റേതും മായയുടേതും. അവരുടേതായ ലോകത്തിലേക്ക് മറ്റാർക്കും പ്രവേശമുണ്ടായിരുന്നില്ല. ദാസിന്റെ ജീവിതത്തിലേക്ക് പല സ്ത്രീകൾ കടന്നുവന്നിട്ടും താൻ ഉപേക്ഷിതയായെന്ന നിരാശ മായയിൽ ഉണ്ടാവുന്നില്ലെന്നത്, വായനക്കാരിൽ ആശ്ചര്യമുണ്ടാക്കുന്ന വസ്തുതയാണ്. മായക്ക് മാതൃതുല്യയായ രാധക്കൊച്ചമ്മ മനോരോഗിണിയാവുന്നതും ആത്മഹത്യ ചെയ്യുന്നതും ദാസ് കാരണമാണെന്നറിഞ്ഞിട്ടും പിന്നീട് യശോദയെ ദാസ് ജീവിതസഖിയാക്കിയിട്ടും മായക്ക് ദാസിൽനിന്നു പിൻവാങ്ങാനാവുന്നില്ല. കഥാന്ത്യംവരെ പ്രകൃതിപുരുഷരായി അവർ ചേർന്നുതന്നെ നിൽക്കുന്നു !
          
കടും പനിച്ചൂടിന്റെതായ ഒരു ഉൾവിറയൽ ഈ കൃതി നമുക്ക് സമ്മാനിക്കും. പ്രണയത്തിന്റേതല്ലാത്ത മറ്റേതു പുതപ്പാൽ പുതച്ചാലും അടങ്ങാത്ത ജ്വരാവേഗം.. മനുഷ്യപ്രണയത്തിന്റെ ചിരപുരാതനവും വ്യവസ്ഥാപിതവുമായ എല്ലാ നിയമങ്ങളെയും ഈ കൃതി തകർത്തെറിയുന്നു. ദാസിന്റെ പ്രണയം ഏതു ബന്ധനത്തെയും പൊട്ടിച്ചെറിയാൻ പ്രാപ്തിയുള്ളതാണ്. അയാളെ സംബന്ധിച്ചിടത്തോളം ഒരാൾ അവനവനോട് നിറവേറ്റേണ്ടതായ സത്യമത്രെ പ്രണയം !മായയെന്ന പെൺകുട്ടിയിൽ ഒരേസമയം കാമിനിയെയും മാതാവിനെയും, പ്രകൃതിയെയും മരണത്തെയും അയാൾ ദർശിക്കുന്നു.. ക്രൂരയെന്നും ഓമനയെന്നും അവളെയയാൾ മേൽവിലാസപ്പെടുത്തുന്നു.
                      
ഒരു പുരുഷന് എങ്ങനെ ഒരു സ്ത്രീയിൽ സർവ്വാധിപത്യം സ്ഥാപിക്കാനാവുമെന്നതിലുപരി, എങ്ങനെ പരിപൂർണമായൊരു സ്ത്രീപുരുഷലയനം സാധ്യമാവുമെന്നതാണ് ദാസ് -മായ ബന്ധം വ്യക്തമാക്കുന്നത്. പ്രായം, ബന്ധങ്ങൾ, ശാരീരികപ്പൊരുത്തം എന്നിവയെല്ലാം പ്രണയത്തിന്റെ മാനദണ്ഡങ്ങളാണെന്ന പൊതുധാരണയെയാണ് ഈ കൃതി മാറ്റിയെഴുതുന്നത്. മനസ്സിലേക്കുള്ള പ്രണയപ്രവേശം ശരീരത്തിലൂടെയാണെന്നാണ് പൊതുധാരണ. ഈ കൃതിയാകട്ടെ, ആത്മാവിൽനിന്നും ശരീരത്തിന്റെ ഓരോ ജീവാണുവിലേക്കുമുള്ള ഉരുൾപൊട്ടലാണ് പ്രണയമെന്നു കുറിക്കുന്നു. മായ ഒരു കേവലവ്യക്തിയെന്നതിൽക്കവിഞ്ഞു ഒരു പുരുഷായുസ്സിന്റെ അർത്ഥപൂർണിമയാണ് ദാസിന്. ഒരു വിവാഹബന്ധത്തിലൂടെ സ്വന്തമാക്കുകയല്ല മറിച്ചു താനറിയുന്ന ഓരോ സ്ത്രീയിലും മായയെ കാണുകയാണയാൾ ചെയ്യുന്നത്. യശോദയിലുണ്ടാവുന്ന കുഞ്ഞുങ്ങൾ മായയുടേതാണെന്നാണ് അയാളുടെ ഭാഷ്യം. മറ്റെല്ലാ സ്ത്രീബന്ധങ്ങൾക്കുശേഷവും മായ പരാശക്തീവൈഭവത്തോടെ അയാളിൽ നിറയുന്നു....
           
എല്ലാ ഭൗതികനേട്ടങ്ങളെയും പൈതൃകസ്വത്തിനെയും പ്രണയത്തിനായി ത്യജിക്കാൻ മായയെ നിർബന്ധിക്കുകയും സ്വയമേവ അങ്ങനെ ചെയ്യുകയുമാണ് ദാസ്. അവകാശവാദങ്ങളില്ലാത്ത, നിസ്വാർത്ഥവും നിർമമവുമായ സ്നേഹം. എല്ലാ ജാടകളും ലജ്ജകളും സംശയങ്ങളും കുറവുകളും പരസ്പരം പൂരിപ്പിക്കുമ്പോൾ മാത്രമേ സ്ത്രീപുരുഷപ്രണയം ഉത്തമപരകോടിയിൽ എത്തുന്നുള്ളൂ. ഇത്തരത്തിൽ പരസ്പരപൂരകവും അനന്യവുമായ പ്രണയത്തിനുമുന്നിൽ മരണം പോലും ദുർബലമാവുന്നു.....


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക