Image

മുഖ്യമന്ത്രിയും സര്‍ക്കാരും സ്തുതിപാഠകരുടെ നടുവില്‍: വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്

Published on 21 October, 2021
മുഖ്യമന്ത്രിയും സര്‍ക്കാരും സ്തുതിപാഠകരുടെ നടുവില്‍: വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്
കോട്ടയം: പ്രളയദുരന്തം കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ തികഞ്ഞ പരാജയമാണെന്ന വിമര്‍ശനം ആവര്‍ത്തിച്ച്‌ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അറബിക്കടലിലുണ്ടായ ന്യൂനമര്‍ദ്ദം കേരളത്തില്‍ വന്‍നാശം വിതയ്ക്കുമെന്ന് വ്യക്തമായിട്ടും റെഡ് അലര്‍ട്ട് പ്രഖ്യാപിക്കാന്‍ വൈകിയെന്നും ഉരുള്‍പൊട്ടലുണ്ടായ കൊക്കയാറില്‍ അപകടം നടന്ന് 21 മണിക്കൂറിന് ശേഷം മാത്രമാണ് രക്ഷാപ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ സംവിധാനം എത്തിയതെന്നും അദ്ദേഹം ആരോപിച്ചു. കോട്ടയത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സതീശന്‍.

'രണ്ടാം തവണ അധികാരത്തില്‍ വന്നതോടെ ഒരു തരത്തിലുള്ള വിമര്‍ശനവും അംഗീകരിക്കാന്‍ പറ്റാത്ത നിലയിലാണ് സര്‍ക്കാരുള്ളത്. സ്തുതിപാഠകരുടെ നടുവിലാണ് മുഖ്യമന്ത്രി. സംസ്ഥാനത്തെ ദുരന്തനിവാരണ അതോറിറ്റി ഒരു പരാജയമാണെന്നാണ് വസ്തുതകളുടെ അടിസ്ഥാനത്തില്‍ ഞങ്ങള്‍ പറഞ്ഞത്. അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം കേരളതീരത്തേക്കാണ് നീങ്ങുന്നതെന്ന് നാസയും ഇന്ത്യന്‍ കാലാവസ്ഥാ ഏജന്‍സികളും വ്യക്തമായി പറഞ്ഞിരുന്നു. അതി തീവ്രമഴയിലേക്കാണ് പോകുന്നതെന്ന് വ്യക്തമായിട്ടും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചില്ല. ശക്തമായ മഴയുണ്ടായ ശേഷം ഉച്ചയ്ക്ക് ഒരു മണിക്കാണ് മഴ മുന്നറിയിപ്പ് വരുന്നത്. 2018 ല്‍ പ്രളയം രൂക്ഷമായി ബാധിച്ച പ്രദേശങ്ങളിലെ ജനപ്രതിനിധികളാണ് ഞങ്ങള്‍. പുഴകളില്‍ ഒരടി വെള്ളം ഉയര്‍ന്നാല്‍ എവിടെയൊക്കെ കേറും, രണ്ടടി ഉയര്‍ന്നാല്‍ എവിടെയൊക്കെ പ്രശ്നമാകും എന്ന് ഞങ്ങള്‍ വിവിധ ഏജന്‍സികളെ കൊണ്ട് പഠിച്ചു വച്ചിരിക്കുകയാണ്. ഇതൊന്നും സര്‍ക്കാര്‍ ചെയ്തതല്ല. സര്‍ക്കാര്‍ ഒന്നും ചെയ്തില്ല' -സതീശന്‍ പറഞ്ഞു.

'മഹാപ്രളയത്തിന് ശേഷം എന്തു പഠനമാണ് നടത്തിയത്.നെതര്‍ലാന്‍ഡില്‍ പോയി തിരിച്ചു വന്നിട്ട് റൂം ഫോര്‍ റിവര്‍ എന്നു പറഞ്ഞത് മുഖ്യമന്ത്രിയാണ്. എന്നിട്ട് ആ നിലയില്‍ എന്ത് നടപടിയാണ് മുഖ്യമന്ത്രി എടുത്തത്. പ്രളയ മുന്നറിയിപ്പ് സംവിധാനം ശാസ്ത്രീയമായി പുനസംഘടിപ്പിക്കുകയും ശക്തിപ്പെടുത്തുകയും വേണമെന്ന് പലതവണ ആവശ്യപ്പെട്ടതാണ്. നാല് വര്‍ഷമായിട്ടും പാഠം പഠിച്ചില്ല. ഇതിനെക്കുറിച്ച്‌ എന്തെങ്കിലും ചോദിച്ചാല്‍ രാജ്യദ്രോഹികളും ദേശദ്രോഹികളുമാവുന്ന അവസ്ഥയാണ്. മോദിയുടെ അതേ ലൈനാണ് ഇവിടെയും. രാവിലെ പത്ത് മണിക്ക് കൊക്കയാറില്‍ മലയിടിഞ്ഞു. അന്നത്തെ ദിവസം എന്തെങ്കിലും ഒരു രക്ഷാപ്രവര്‍ത്തനം അവിടെ നടന്നോ. പിറ്റേ ദിവസം രാവിലെയാണ് അവിടെ രക്ഷാപ്രവര്‍ത്തനം നടന്നത്. ഉരുള്‍പൊട്ടലുണ്ടായ ശേഷമുള്ള 21 മണിക്കൂറില്‍ ഒന്നും ചെയ്യാന്‍ സര്‍ക്കാരിനായില്ല. പിന്നെന്തിനാണ് ഇവിടെയൊരു സര്‍ക്കാര്‍, എന്തു ദുരന്തനിവാരണ സംവിധാനമാണ് ഇവിടെയുള്ളത്'- പ്രതിപക്ഷ നേതാവ് ചോദിച്ചു. നേരത്തേ ആവശ്യപ്പെട്ടെങ്കിലും സഹകരണബാങ്കുകളില്‍ പോലും മൊറട്ടോറിയം കൊണ്ടു വരാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇപ്പോഴാണ് തയ്യാറായതെന്നും അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക