Image

ആലപ്പുഴയില്‍ 26 പാടശേഖരങ്ങളില്‍ മടവീഴ്ച: 27 കോടിയുടെ നഷ്ടം

Published on 21 October, 2021
 ആലപ്പുഴയില്‍ 26 പാടശേഖരങ്ങളില്‍  മടവീഴ്ച: 27 കോടിയുടെ നഷ്ടം
ആലപ്പുഴ: ജില്ലയില്‍ ഇതുവരെ 26 പാടശേഖരങ്ങളിലാണ് മടവീഴ്ചയുണ്ടായത്. 27. 02 കോടിയുടെ കൃഷി നാശം സംഭവിച്ചു. 11 ബ്ലോക്കുകളിലായി 2769.37 ഹെക്ടര്‍ പാടത്താണ് മടവീണത്. 14,033 കര്‍ഷകരെയാണ് ഇതു ബാധിച്ചത്. എറ്റവും കൂടുതല്‍ മടവീഴ്ചയുണ്ടായത് ഹരിപ്പാട് ബ്ലോക്കിലാണ്. 730.38 ഹെക്ടര്‍ പാടശേഖരങ്ങളിലെ നെല്‍കൃഷിയാണ് നശിച്ചത്.

കായംകുളം ബ്ലോക്കില്‍ 607.60, ചാരുംമൂട് 534.99, ചെങ്ങന്നൂര്‍ 448.99, അമ്ബലപ്പുഴ 208.60 ഹെക്ടര്‍ എന്നിങ്ങനെയാണ് കൃഷി നാശമുണ്ടായത്. വിളവെടുക്കാറായതും പുഞ്ചകൃഷിക്ക് ഒരുക്കിയതുമായ പാടങ്ങളിലേയ്ക്ക് വെള്ളം കവിഞ്ഞ് കയറുകയാണ്. പല പാടങ്ങളിലും ദിവസങ്ങളായി വിളവെത്തിയ നെല്ല് വെള്ളത്തിലാണ്. വെളിയനാട് കൃഷിഭവന് കീഴിലെ 470 ഏക്കര്‍ വരുന്ന തൈപ്പറമ്ബ് തെക്ക് പാടശേഖരത്തെ മോട്ടോര്‍തറയുടെ പെട്ടിമട തള്ളിപ്പോയതിനെ തുടര്‍ന്ന് രണ്ടാമതും മടവീണു.

പാടശേഖരത്തിന്റെ കിഴക്കേ ബണ്ടിലെ മണലിത്തറ മോട്ടോര്‍തറയാണ് തള്ളിപ്പോയത്. ഒരാഴ്ച മുമ്ബ് ബണ്ടിന്റെ ഒരു ഭാഗം തകര്‍ന്നതിനെ തുടര്‍ന്ന് മടവീണിരുന്നു. അന്ന് കര്‍ഷകരും നാട്ടുകാരും ചേര്‍ന്നാണ് മടകുത്തി പാടശേഖരം മുങ്ങാതെ രക്ഷപ്പെടുത്തിയത്. ആറ് മോട്ടോറുകളുള്ളതില്‍ രണ്ടെണ്ണമാണ് ഒലിച്ചുപോയത്. പാടശേഖരങ്ങളുടെ പുറം ബണ്ട് ശക്തിപ്പെടുത്താതാണ് മടവീഴ്ചയ്ക്ക് പ്രധാന കാരണം. സര്‍ക്കാര്‍ പല തവണ പ്രഖ്യാപനം നടത്തിയെങ്കിലും ബണ്ട് സംരക്ഷണം നടപ്പാകുന്നില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക