Image

ഇന്ത്യക്ക് ചരിത്ര നേട്ടം ; നൂറ് കോടി ഡോസ് വാക്‌സിന്‍ വിതരണം ചെയ്തു

ജോബിന്‍സ് Published on 21 October, 2021
ഇന്ത്യക്ക് ചരിത്ര നേട്ടം ; നൂറ് കോടി ഡോസ് വാക്‌സിന്‍ വിതരണം ചെയ്തു
വാക്‌സിന്‍ വിതരണത്തില്‍ ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യ. രാജ്യത്ത് ഇതുവരെ നൂറ് കോടി ഡോസ് കോവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണം ചെയ്തു. 278 ദിവസം കൊണ്ടാണ് രാജ്യം ഈ നേട്ടം സ്വന്തമാക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ആര്‍എംഎല്‍ ആശുപത്രിയില്‍ നേരിട്ടെത്തി ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിച്ചു. 

100 കോടി ഡോസ് വാക്‌സിന്‍ പിന്നിട്ടതിന്റെ ഭാഗമായി വലിയ ആഘോഷ പരിപാടികള്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തും. ബിജെപി നേതാക്കള്‍ വാക്‌സിന്‍ വിതരണ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിക്കും. ഇപ്പേള്‍ വരെ (IST 11:16 AM)   1,00,02,20,711 ഡോസ് വാക്‌സിനുകളാണ് വിതരണം ചെയ്തത്. ഇതില്‍ 70,83,88,485 ആദ്യ ഡോസും 29,18,32,226 രണ്ടാം ഡോസ് വാക്‌സിനുകളുമാണ് ഉള്‍പ്പെട്ടിരിക്കുന്നത്. :

രാജ്യത്താകമാനം 74,583 സര്‍ക്കാര്‍ കേന്ദ്രങ്ങളിലും 2,187 സ്വകാര്യ ആശുപത്രികളിലുമായാണ് വാക്‌സിനേഷന്‍ പുരോഗമിക്കുന്നത്. സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ പൂര്‍ണ്ണായും സൗജന്യമായാണ് വാക്‌സിനേഷന്‍ നടക്കുന്നത്. 

ഇന്ത്യയില്‍ വികസിപ്പിച്ച കോവാക്‌സിനും ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുടെ ടെക്‌നോളജിയില്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കുന്ന കോവിഷീല്‍ഡും റഷ്യന്‍ വാക്‌സിനായ സ്പുട്‌നിക്ക് വാക്‌സിനുമാണ് ഇന്ത്യയില്‍ പ്രധാനമായും വിതരണം ചെയ്യുന്നത്. അസ്ട്രാസെനക്കയുടെ ഇന്ത്യന്‍ പതിപ്പാണ് കോവിഷീല്‍ഡ്. 

വാക്‌സിന്‍ വിതരണത്തിന്റെ ആദ്യഘട്ടത്തില്‍ വാക്‌സിന്‍ കയറ്റുമതി ചെയ്യുകയും രാജ്യത്ത് വാക്‌സിന്‍ ക്ഷാമം രൂക്ഷമാവുകയും ചെയ്തപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ഏറെ പഴികേട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ നടക്കുന്ന ദ്രുതഗതിയിലുള്ള വാക്‌സിനേഷന്‍ സര്‍ക്കാരിന് നേട്ടമായിരിക്കുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക