Image

90 ശതമാനം സീറ്റിലും വനിതകളെ മത്സരിപ്പിച്ചാലും കോണ്‍ഗ്രസ് രക്ഷപ്പെടില്ലന്ന് റീത്ത ബഹുഗുണ ജോഷി

Published on 20 October, 2021
 90 ശതമാനം സീറ്റിലും വനിതകളെ മത്സരിപ്പിച്ചാലും കോണ്‍ഗ്രസ് രക്ഷപ്പെടില്ലന്ന് റീത്ത ബഹുഗുണ ജോഷി
ലക്‌നോ| അടുത്ത വര്‍ഷം വരാനിരിക്കുന്ന യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടി 40 ശതമാനം സീറ്റിലും സ്ത്രീകളെ മത്സരിപ്പിക്കുമെന്ന പ്രിയങ്ക ഗാന്ധിയുടെ പ്രസ്താവനയെ പരിഹസിച്ച്‌ റീത്ത ബഹുഗുണ ജോഷി. 40 ശതമാനം അല്ല 90 ശതമാനം സീറ്റിലും വനിതകളെ മത്സരിപ്പിച്ചാലും കോണ്‍ഗ്രസ് രക്ഷപ്പെടാന്‍ പോവുന്നില്ലെന്ന് മുന്‍ യുപി കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റും പ്രയാഗ്രാജില്‍ നിന്നുള്ള നിലവിലെ ബി ജെ പി എംപിയുമായ റീത്ത ബഹുഗുണ ജോഷി പറഞ്ഞു. സ്ത്രീകള്‍ക്ക് ഒരിക്കലും ഒരു ബഹുമാനവും നല്‍കാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസില്‍ സ്ത്രീകളോട് ബഹുമാനം ഉണ്ടായിരുന്നെങ്കില്‍ 18 വര്‍ഷത്തോളം പാര്‍ട്ടി സേവിച്ച ശേഷം ഞാന്‍ പാര്‍ട്ടി വിടുകയില്ലായിരുന്നു. മറ്റ് പല മുതിര്‍ന്ന നേതാക്കളും പ്രവര്‍ത്തകരും നിരാശയോടെ കോണ്‍ഗ്രസിനെ ഉപേക്ഷിച്ചിട്ടുണ്ടല്ലോ. യുപിയില്‍ കോണ്‍ഗ്രസ് തോല്‍ക്കുമെന്ന കാര്യം ഉറപ്പാണെന്നും റീത്ത പറഞ്ഞു.

2017 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 403 അംഗ നിയമസഭയില്‍ സമാജ്വാദി പാര്‍ട്ടിയുമായി സഖ്യത്തില്‍ മത്സരിക്കുമ്ബോഴും കോണ്‍ഗ്രസിന് 7 സീറ്റുകള്‍ മാത്രമാണ് നേടാനായത്. ഈ തെരഞ്ഞെടുപ്പില്‍ ഈ സീറ്റുകള്‍ പോലും നിലനിര്‍ത്തുന്ന കാര്യം സംശയകരമാണെന്നും റീത്ത ബഹുഗുണ ജോഷി വ്യക്തമാക്കി.

കഴിഞ്ഞ ദിവസമായിരുന്നു 40 ശതമാനം സ്ത്രീ സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് രംഗത്ത് ഇറക്കുമെന്ന പ്രഖ്യാപനവുമായി പ്രിയങ്ക ഗാന്ധി രംഗത്തെത്തിയത്. ഇത് ദേശീയ തലത്തില്‍ വലിയ ചര്‍ച്ചയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക