Image

ശാന്തി (കവിത- ശിവൻ തലപ്പുലത്ത്‌)

Published on 20 October, 2021
ശാന്തി (കവിത- ശിവൻ തലപ്പുലത്ത്‌)
ശാന്തമായ കാലൊച്ചയോടെ
ഇരുണ്ട ഇടവഴിയിലൂടെ
തെന്നിത്തെറിക്കുന്ന
വരണ്ട കാൽ പാദങ്ങൾ

ഇപ്പോഴും കാവൽപുരകൾ
അശ്രദ്ധ മൗനത്തിന്റെ ഈരടികൾ കാതോർത്ത് പാതിയുറക്കത്തിൽ ഞെട്ടി എഴുന്നേറ്റ് പിൻവിളികൾക്കു കാതോർക്കുന്നുണ്ട്.

വാക്കുകൾ
കാത്തിരുന്ന സ്വപ്നത്തിന്റെ അടുത്തെത്താതെ കിതപ്പാറ്റാൻ കിണഞ്ഞു ശ്രമിക്കുകയാണ്

ഇരുൾ പടർപ്പിൽ പതിയിരുന്നു കത്തിക്ക് മൂർച്ചക്കൂട്ടുന്ന
വായ്തല പോയ അരിവാളുകൾ

ഇനിയും തീരാത്ത യാത്രയിൽ
മുങ്ങി തീരുന്ന മോഹങ്ങൾ
കരൾ പിടച്ചിലിന്റെ
രൗദ്രരോദനത്തിൽ
പിടഞ്ഞു മരിക്കുന്നു.

വാതോരാത്ത വാക്കിന്റെ വീര്യത്തിൽകലങ്ങി മറിഞ്ഞു പിടയുന്ന പാതിച്ചത്ത
പരൽ മീനുകൾ

ഇന്നിന്റെ യാത്രയിൽ
വഴി മുട്ടിയ വിങ്ങലുകൾ
വിഫലമോഹങ്ങളുടെ
ചൂട്ടു വെളിച്ചമായി
കൊള്ളിയാൻ
യാത്ര തുടങ്ങിയിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക