Image

ആനന്ദം (കഥ: രമണി അമ്മാൾ)

Published on 19 October, 2021
ആനന്ദം (കഥ: രമണി അമ്മാൾ)
വയറ്റിൽ കിടക്കുന്നത് പെൺകുഞ്ഞുതന്നെ,
വരദ ഉറപ്പിച്ചു.
കാരണം അവളുടെ അമ്മയും
കുഞ്ഞമ്മമാരുമൊക്കെ 
പ്രസവിച്ചത്  പെണ്മക്കളെ മാത്രമാണ്...പിന്നെയും ആരൊക്കെയോ... അമ്മയുടെ കുടുംബത്തിൽ ആൺപ്രജകൾ കുറവായിരുന്നു.. 
ഒരാൺതരി വയറ്റിൽ കുരുത്തില്ലല്ലോ എന്ന സങ്കടം  മരിക്കുന്നതുവരെ
അമ്മയ്ക്കുണ്ടായിരുന്നു...
തനിക്കു
പെൺകുഞ്ഞുമതി..
മുന്നോട്ടുന്തിയ വലിയ വയർ കാണുമ്പോഴോക്കെ വടക്കേലെ നാണിയമ്മ പറയും.. ."കൊച്ചേ നിന്റെ വയറ്റിലുളളതൊരു കൊമ്പനാണ്.." 
വരദയ്ക്കപ്പോൾ ചിരിവരും..
ലേബർറൂമിലേക്കു കൊണ്ടുപോകുമ്പോൾ ഒറ്റ പ്രാർത്ഥനയേ ഉണ്ടായിരുന്നുളളൂ..
ഒരുപാടു ബുദ്ധിമുട്ടിക്കാതെ പെട്ടെന്ന് കാര്യം കഴിഞ്ഞു കിട്ടണേയെന്ന്...
ഡോക്ടർ പറഞ്ഞിരുന്ന ഡേറ്റ് ഇന്നായിരുന്നു..
ഹോസ്പ്പിറ്റൽ വളരെയടുത്തായതുകൊണ്ട് പെയിൻ
തുടങ്ങിക്കഴിഞ്ഞാണ്
വീട്ടിൽനിന്നിറങ്ങിയത്.. 
ഹോസ്പ്പിറ്റൽ ക്വാർട്ടേഷ്സിലാണ് ഡോക്ടറുടെ താമസം..
ചെക്കപ്പിനുശേഷം പറഞ്ഞു..
"കുഴപ്പമൊന്നുമില്ല.."
സമയമാകുമ്പോൾ തന്നെ വിളിച്ചാൽ മതിയെന്ന് സിസ്റ്റേഴ്സിനോട് പറഞ്ഞിട്ട് ഡോക്ടർ പോയി..
പുറത്ത് തകൃതിയായ മഴ.
ഉച്ചമുതലേ വിങ്ങിനിൽക്കുകയായിരുന്നു..  രാത്രിയാവാൻ നില്ക്കാതെ മഴക്കുമുന്നേ വന്ന് അഡ്മിറ്റായതു നന്നായി... ഇടവിട്ടിടവിട്ടു മാത്രമുണ്ടായിരുന്ന പെയിൻ 
പടർന്നേറുകയാണ്...
സിസ്റ്റർ വന്നു നോക്കി...  "ഡോക്ടറെ വിളിക്കാറായിട്ടില്ല.." 
വായിച്ചുകൊണ്ടിരുന്ന മാസിക വീണ്ടും കയ്യിലെടുത്ത് അവർ വായനയിൽ മുഴുകി.. 
ഞാനിതെത്ര കണ്ടിരിക്കുന്നുവെന്ന ഭാവത്തിൽ..
വിളിക്കു കാത്തിരിക്കാതെതന്നെ ഡോക്ടറെത്തി.. കുളിയൊക്കെ കഴിഞ്ഞ്
ചൂരിദാറിട്ടു വന്നു കണ്ടപ്പോൾ തീരെ ചെറുപ്പം..
ഒരുപാടു വേദനതിന്ന സുഖപ്രസവം..
വേദനകളുടെ തിരിച്ചറിവിൽ, പാതിമയക്കത്തിലായിരുന്ന
തന്നെ വിളിച്ചുണർത്തി...
സിസ്റ്റർ പറഞ്ഞു..
"ആൺകുട്ടിയാണു കേട്ടോ..."
വിശ്വസിക്കാൻ കഴിഞ്ഞില്ല.."കാണട്ടേ.."
അവർ ചിരിച്ചുകൊണ്ടതു കാട്ടിത്തന്നു...
അമ്മ ആഗ്രഹിച്ചപോലെ ഒരു കൊച്ചുമകൻ..
നേരം വെളുക്കാൻ ഇനിയുമുണ്ടു സമയം.
ലേബർറൂമിനു പുറത്ത് ഭർത്താവും, നാണിയമ്മയും ചേച്ചിയുമൊക്കെയുണ്ടാവും..
കുഞ്ഞിനെ ഒരുനോക്കു കാണിക്കാൻ അവരുടെയടുത്തേക്ക്..."കണ്ടോ..ഞാൻ പറഞ്ഞപോലെ....
ആൺകുഞ്ഞ്.." കയ്യിൽ വാങ്ങിയതും  നാണിയമ്മയാണെന്നു തോന്നി..അവരുടെ സന്തോഷം ഉച്ചത്തിലായതു വരദ കേട്ടു..
"അല്പംകൂടി കഴിയട്ടെ..
റൂമിലേക്കു കൊണ്ടുവരാം.." 
തന്റെ കുടുംബത്തിലെ ആദ്യത്തെ ആൺതരി...അമ്മയുണ്ടായിരുന്നെങ്കിൽ ഒരുപാടു
സന്തോഷിച്ചേനെ...
കുഞ്ഞിന്റെ പിഞ്ചുമുഖം കവിളിനോടു ചേർത്തുവച്ചപ്പോൾ ഇത്രയും മൃദുലമായ സ്പർശം, ഈ ലോകത്ത് ഏറ്റവും മനോഹരമായ കാഴ്ച മറ്റൊന്നുമുണ്ടാവില്ലായെന്നു മനസ്സിലാക്കിത്തന്നു.
എല്ലാ വേദനയും മറക്കാൻ ഈ സന്തോഷം മതി..തന്റെ സ്വന്തം കുഞ്ഞ് ..
ആണായാലും പെണ്ണായാലും ...

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക