Image

ജാതിയ പരാമര്‍ശം ; യുവരാജ്‌സിംഗിനെ അറസ്റ്റ് ചെയ്‌തെന്ന് റിപ്പോര്‍ട്ടുകള്‍

ജോബിന്‍സ് Published on 18 October, 2021
ജാതിയ പരാമര്‍ശം ;  യുവരാജ്‌സിംഗിനെ അറസ്റ്റ് ചെയ്‌തെന്ന് റിപ്പോര്‍ട്ടുകള്‍
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടെന്ന് റിപ്പോര്‍ട്ടുകള്‍. എന്‍ഡിടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ജാതിയ പരാമര്‍ശം നടത്തിയെന്ന പരാതിയെ തുടര്‍ന്നാണ് അറസ്റ്റെന്നാണ് വിവരം. ഹരിയാനാ സീനിയര്‍ പോലീസ് ഓഫീസര്‍ നികിത ഗെഗ്ലോട്ടിനെ ഉദ്ധരിച്ചാണ് എന്‍ഡിടിവിയുടെ റിപ്പോര്‍ട്ട്. 

എന്നാല്‍ യുവരാജിന്റെ സഹായി ഇക്കാര്യം നിഷേധിച്ചു. അതേ സമയം യുവരാജ് സിംഗ് സുരക്ഷാ ജീവനക്കാരടക്കമുള്ള സഹായികളുമായി പോലീസ് സ്‌റ്റേഷനില്‍ ഹാജരായതായുള്ള റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. യുവരാജിനെതിരെ നേരത്തെ തന്നെ ജാതിയ പരാമര്‍ശത്തിന്റെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. 

2020 ജൂണിലായിരുന്നു പരാതിക്കടിസ്ഥാനമായ സംഭവം ഉണ്ടായത്. മറ്റൊരു ഇന്ത്യന്‍ ക്രിക്കറ്റ് താരമായ യൂസ്വേന്ദ്ര ചഹലിന്റെ  ടിക് ടോക് വീഡിയോകളെക്കുറിച്ച ഇന്‍സ്റ്റഗ്രാമില്‍ യുവരാജും രോഹിത് ശര്‍മ്മയും സംസാരിക്കവെ യുവരാജ് ജാതിയമായി അപമാനിച്ചു സംസാരിച്ചു എന്നാണ് കേസ്. 

ഇത് വിവാദമായതോടെ അബദ്ധത്തില്‍ സംഭവിച്ചതാണെന്നും ആര്‍ക്കെങ്കിലും വേദനയുണ്ടായിട്ടുണ്ടെങ്കില്‍ ഖേദിക്കുന്നുവെന്നും യുവരാജ് സോഷ്യല്‍ മീഡിയയിലൂടെ പറഞ്ഞിരുന്നു. സംഭവത്തില്‍ ഹരിയാനയിലെ ഒരു ദളിത് ആക്ടിവിസ്റ്റായിരുന്നു യുവരാജിനെതിരെ പരാതി നല്‍കിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക