Image

ദുരന്തഭൂമിയില്‍ നിന്നും മാധ്യമ പ്രവര്‍ത്തകന്റെ കണ്ണ് നനയിക്കുന്ന അനുഭവ കുറിപ്പ്

ജോബിന്‍സ് Published on 18 October, 2021
ദുരന്തഭൂമിയില്‍ നിന്നും മാധ്യമ പ്രവര്‍ത്തകന്റെ കണ്ണ് നനയിക്കുന്ന അനുഭവ കുറിപ്പ്
കാലം തെറ്റിയെത്തിയ മഴ വിശ്വരൂപം പൂണ്ട് സംഹാര താണ്ഡവമാടിയപ്പോള്‍ കൊക്കയാര്‍, എന്തായാര്‍ പ്രദേശങ്ങള്‍ കണ്ണീര്‍പ്പുഴയാവുകയായിരുന്നു. തൊട്ടുമുമ്പു വരെ ഒപ്പമുണ്ടായിരുന്ന ഉറ്റവരേയും ഉടയവരേയും നഷ്ടപ്പെട്ടവരുടെ സങ്കടക്കടലിന്റെ ആഴം എത്രത്തോളമെന്ന് നേരിട്ടു കണ്ടവരാണ് പ്രതിസന്ധികളെ അതിജീവിച്ച് ജീവന്‍ പണയം വച്ച് രക്ഷാപ്രവര്‍ത്തകര്‍ക്കൊപ്പം ഇവിടെ നിന്നും വാര്‍ത്തകള്‍ പുറം ലോകത്തെത്തിച്ച മാധ്യമപ്രവര്‍ത്തകര്‍.

ഇത്തരം സ്ഥലങ്ങളില്‍ നിന്നും മാധ്യമപ്രവര്‍ത്തകര്‍ക്കുണ്ടാകുന്ന അനുഭവങ്ങളും കരളലിയിക്കുന്നതായിരിക്കും. ഞൊടിയിടയില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്കിടയില്‍ ജോലിയുടെ ഭാഗമായി പ്രവര്‍ത്തിക്കേണ്ടി വരുന്നവരാണ് മാധ്യമ പ്രവര്‍ത്തകര്‍.  കൊക്കയാറ്റിലെ ദുരന്ത സ്ഥലത്ത് റിപ്പോര്‍ട്ടിംഗില്‍ ഉണ്ടായിരുന്ന ന്യൂസ് -18 ചാനലിന്റെ സീനിയര്‍ റിപ്പോര്‍ട്ടര്‍ എം.എസ്. അനീഷ്‌കുമാര്‍ ദുരന്ത സ്ഥലത്ത് തനിക്കുണ്ടായ ഒരുനുഭവമാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.

ഉരുള്‍ പൊട്ടലില്‍ ഭാര്യയും രണ്ട് മക്കളും സഹോദരിയുടെ രണ്ട് മക്കളും നഷ്ടപ്പെട്ട സിയാദ് എന്ന വ്യക്തിയെ അഭിമുഖീകരിക്കേണ്ടി വന്നപ്പോളത്തെ മാനസീകാവസ്ഥയാണ് അനീഷ് കുമാര്‍ തന്റെ ഹൃസ്വമായ കുറിപ്പിലൂടെ പങ്കുവച്ചിരിക്കുന്നത്. 

അനീഷ് കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ  പൂര്‍ണ്ണരൂപം


കൊക്കയാറില്‍ ആദ്യ ലൈവ്' തുടങ്ങുമ്പോള്‍ സിയാദ് അരികിലുണ്ടായിരുന്നു... അയല്‍വാസി, സിയാദിന്റെ കുടുംബത്തിനുണ്ടായ ദുരന്തത്തേക്കുറിച്ച് ലൈവില്‍  സങ്കടപ്പെട്ടു. ഭാര്യയും രണ്ടു മക്കളും മണ്ണില്‍.. ഒപ്പം സഹോദരിയുടെ രണ്ടും മക്കളും.. കനത്ത മഴ,കാല് മൂടുന്ന ചെളി, അടുത്ത വീട്ടില്‍ അല്‍പ്പ നേരം ഇരുന്നു. വീട്ടിലെ ചേച്ചി കട്ടന്‍ കാപ്പി തന്നു. കാപ്പി മൊത്തുന്നതിനിടയില്‍ സിയാദിന്റെ ചോദ്യം.... നിങ്ങള്‍ ഒരുപാട്  അപകടവും ഉരുള്‍പൊട്ടലുമൊക്കെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടല്ലോ അല്ലേ? ഞാന്‍ മറുപടി നല്‍കി ഉണ്ട്.

അടുത്ത ചോദ്യം ഒരു ദിവസം കഴിഞ്ഞാലും മണ്ണില്‍ നിന്നും ജീവനോടെ ആളുകളെ കിട്ടാറില്ലേ? അയാള്‍ കാണാതെ കണ്ണു തുടച്ച് ഞാന്‍ പറഞ്ഞു... ഉണ്ട്. ഉടന്‍ അടുത്ത ചോദ്യം ഇവിടെ ഡോക്ടേഴ്‌സും മരുന്നുമൊക്കെ ഉണ്ടല്ലോ അല്ലേ... ഞാന്‍ പറഞ്ഞു ഉണ്ട്..... അല്ല പിള്ളാരെ എത്തിയ്ക്കുമ്പോള്‍ ചികിത്സ വൈകരുത് അവശരായിയ്ക്കും അതാണ്.... എന്റെ രണ്ടു മക്കളെയും ഞാനോര്‍ത്തു....പിന്നീട് ഉച്ചതിരിയുവോളം സിയാദിനെ കാണാതെ ഞാന്‍ മാറി നടന്നു.... ഉച്ചതിരിഞ്ഞ് അയാളെയും അവിടെ കണ്ടില്ല... രണ്ടു മക്കളും ഭാര്യയുമായി സിയാദ് എപ്പഴോ പോയിരുന്നു....

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക