Image

കൊക്കയാറില്‍ മരിച്ചവരില്‍ നാലുപേര്‍ കുട്ടികള്‍; മൃതദേഹങ്ങള്‍ കെട്ടിപ്പിടിച്ച നിലയില്‍

Published on 17 October, 2021
കൊക്കയാറില്‍ മരിച്ചവരില്‍ നാലുപേര്‍ കുട്ടികള്‍; മൃതദേഹങ്ങള്‍ കെട്ടിപ്പിടിച്ച നിലയില്‍

തൊടുപുഴ: കൊക്കയാറില്‍ കുത്തിയൊലിച്ചെത്തിയ പാറയും വെള്ളവും ഏഴ് വീടുകളാണ് തകര്‍ത്തത്. ദുരന്തത്തില്‍പ്പെട്ടവരില്‍ അഞ്ചുപേരും കുട്ടികള്‍. കുട്ടികളെല്ലാവരും പത്ത് വയസില്‍ താഴെയുള്ളവരും. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് കാണാതായവരില്‍ ആറ് പേരുടെ മൃതദേഹങ്ങള്‍കൂടി ഇന്ന് കണ്ടെത്തിയത്. നാല് കുട്ടികളുടേയും ഒരു സ്ത്രീയുടേയും ഒരു പുരുഷന്റേയും മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത്.  ഷാജി ചിറയില്‍ (57), ചേരിപ്പുറത്ത് സിയാദിന്റെ ഭാര്യ ഫൗസിയ (28), മകന്‍ അമീന്‍ സിയാദ് (10), മകള്‍ അംന സിയാദ് (7), കല്ലുപുരയ്ക്കല്‍ ഫൈസലിന്റെ മക്കളായ അഫ്സാന്‍ ഫൈസല്‍ (8), അഹിയാന്‍ ഫൈസല്‍ (4) എന്നിവരുടെ മൃതദേഹങ്ങളാണ് 
ഞായറാഴ്ച കണ്ടെത്തിയത്. ബന്ധുവിന്റെ വിവാഹത്തിനെത്തിയതായിരുന്നു ഫൗസിയയും മക്കളായ അമീനും അമ്നയും. ഫൗസിയയുടെ സഹോദരന്റെ മക്കളാണ് അഫ്സാനും അഹിയാനും.. 


രണ്ട് മണിയോടെ മണ്ണില്‍ പുതഞ്ഞ കുട്ടികളുടെ മൃതദേഹങ്ങള്‍ ഓരോന്നായി കണ്ടെടുക്കുമ്പോള്‍ രണ്ട്  കുട്ടികള്‍ പരസ്പരം കെട്ടിപ്പിടിച്ച നിലയിലായിരുന്നു. കല്ലുപുരയ്ക്കല്‍ വീട്ടില്‍ ഫൈസലിന്റെ മക്കളായ അഖിയാന്‍ ഫൈസല്‍, അഫ്സാന്‍ ഫൈസല്‍ എന്നിവരുടെ മൃതദേഹങ്ങളാണ് കെട്ടിപ്പുണര്‍ന്ന നിലയില്‍ കണ്ടെത്തിയത്. ഇതിന് പിന്നാലെയാണ് അംന സിയാദിന്റെ മൃതദേഹം കണ്ടെത്തിയത്. തൊട്ടുപിന്നാലെ ഫൗസിയയുടേയും അമീന്റേയും മൃതദേഹങ്ങള്‍ കണ്ടെത്തി. 


മുണ്ടക്കയത്തിന് സമീപം മണിമലയാറ്റില്‍ നിന്നാണ് ഷാജി ചിറയിലിന്റെ മൃതദേഹം കണ്ടെത്തിയത്. മൂന്ന് വയസുകാരനായ സച്ചു ഷാഹിലിനെയാണ് ഇവിടെ നിന്ന് കണ്ടാത്താനുള്ളത്. ഇത് സംബന്ധിച്ച് കൃത്യമായ വൃക്തത നല്‍കാന്‍ കുടുംബത്തിലുള്ളവര്‍ക്കും കഴിഞ്ഞിട്ടില്ല. കുട്ടി വീട്ടിലായിരുന്നു ഉണ്ടായിരുന്നതെന്നും അതല്ല, ഓട്ടോയില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു എന്നും പറയുന്നുണ്ട്. ഒഴുക്കില്‍പെട്ട് കാണാതായ ആന്‍സി സാബുവിന്റെ മൃതദേഹവും ഇതുവരെ കിട്ടിയിട്ടില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക