Image

വിദേശ യാത്രക്കാർക്ക് നവംബർ 8 മുതൽ നിയന്ത്രണങ്ങൾ നീക്കും: വൈറ്റ് ഹൗസ്

Published on 16 October, 2021
വിദേശ യാത്രക്കാർക്ക് നവംബർ 8 മുതൽ  നിയന്ത്രണങ്ങൾ നീക്കും: വൈറ്റ് ഹൗസ്
വാഷിംഗ്ടൺ: പ്രതിരോധ കുത്തിവയ്പ്പ്  പൂർണമായി സ്വീകരിച്ച വിദേശ യാത്രക്കാർക്ക് നവംബർ 8 മുതൽ   യാത്രാ നിയന്ത്രണങ്ങൾ നീക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.

കോവിഡ് -19 മഹാമാരിയെ  തുടർന്ന്  2020 മാർച്ച് മുതൽ  അനിവാര്യമല്ലാത്ത യാത്രകൾക്ക് വിദേശികൾക്ക്  നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ആദ്യമായി ചൈനയിൽ നിന്നുള്ള വിമാന യാത്രക്കാർക്ക് 2020 ജനുവരിയിൽ അന്നത്തെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിലക്ക്  ഏർപ്പെടുത്തി. തുടർന്ന്  പല ഘട്ടങ്ങളിലായി കോവിഡ് നിരക്ക് ഉയരുന്നതിനനുസൃതമായി മറ്റു വിദേശ രാജ്യങ്ങളെയും വിലക്കി.

പൂർണമായും പ്രതിരോധ കുത്തിവയ്പ് എടുത്ത വിദേശ പൗരന്മാർക്ക് നവംബർ ആദ്യം കാനഡയിലെയും  മെക്സിക്കോയിലെയും ഫെറികളിലൂടെയും  കരമാർഗ്ഗത്തിലൂടെയും യു എസിൽ പ്രവേശിക്കാനാകുമെന്ന്   വൈറ്റ് ഹൗസ് ചൊവ്വാഴ്ച പ്രഖ്യാപിച്ചു. 

യുഎസ് റെഗുലേറ്റർമാരോ ലോകാരോഗ്യ സംഘടനയോ അംഗീകരിച്ച കോവിഡ്  വാക്സിൻ സ്വീകരിച്ച  അന്താരാഷ്ട്ര സന്ദർശകർക്കാണ്  അമേരിക്ക അമേരിക്ക പ്രവേശനം അനുവദിക്കുന്നത്.

കാനഡയിൽ നിന്നോ മെക്സിക്കോയിൽനിന്നോ അമേരിക്കയിലേക്ക് പ്രവേശിക്കുന്നതിൽ നിന്ന് കുത്തിവയ്പ് എടുക്കാത്ത സന്ദർശകർക്ക് വിലക്ക് തുടരും.

ഓഗസ്റ്റ് 9 മുതൽ അത്യാവശ്യ  യാത്രകൾക്കായി പൂർണ്ണമായും വാക്സിനേഷൻ ലഭിച്ച  യുഎസ് സന്ദർശകർക്ക് കാനഡ പ്രവേശനാനുമതി നൽകിയിരുന്നു.

നവംബർ ആദ്യം അമേരിക്ക 33 രാജ്യങ്ങളിൽ നിന്നുള്ള വിമാന യാത്രക്കാർക്കുള്ള നിയന്ത്രണങ്ങൾ നീക്കുമെന്ന് സെപ്റ്റംബർ 20 ന് വൈറ്റ് ഹൗസ് പ്രഖ്യാപിച്ചിരുന്നു. ആ സമയത്ത് കൃത്യമായ തീയതി വെളിപ്പെടുത്തിയിരുന്നില്ല.

നവംബർ 8 മുതൽ ഫ്രാൻസ്, ജർമ്മനി, ഇറ്റലി, സ്പെയിൻ, സ്വിറ്റ്സർലൻഡ്, ഗ്രീസ്, യൂറോപ്പ്, ബ്രിട്ടൻ, അയർലൻഡ്, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങളിലെയും  യൂറോപ്പിലെ 26 ഷെങ്കൻ  രാജ്യങ്ങളിലെയും  പൂർണമായും വാക്സിനേഷൻ സ്വീകരിച്ച വിദേശികൾക്ക്  വിമാനമാർഗം   അമേരിക്കയിൽ  പ്രവേശിക്കാനാകും. ദക്ഷിണാഫ്രിക്ക, ഇറാൻ, ബ്രസീൽ എന്നീ രാജ്യങ്ങളിൽ 14 ദിവസത്തിനുള്ളിൽ താമസിച്ച വിദേശികൾക്ക്  യുഎസിൽ പ്രവേശിക്കാനാകില്ല.

മറ്റ്  രാജ്യങ്ങളിൽ നിന്നും വരുന്ന വിദേശ പൗരന്മാർക്ക്, വാക്സിനേഷൻ സ്വീകരിച്ചതിന്റെ രേഖ കൈവശമുണ്ടെങ്കിലേ വിമാനയാത്രാനുമതി നൽകൂ എന്നും  വൈറ്റ് ഹൗസ് കഴിഞ്ഞ മാസം പറഞ്ഞിരുന്നു.
കൂടാതെ സമീപകാലത്തെ കോവിഡ്  പരിശോധനഫലം നെഗറ്റീവായതിന്റെ തെളിവ് കാണിക്കേണ്ടതുണ്ട്. 

കരഗതാഗതത്തെ  ആശ്രയിക്കുന്ന  വിദേശികൾക്ക് , സമീപകാലത്തെ പരിശോധനാഫലത്തിന്റെ രേഖ  കാണിക്കേണ്ടതില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക