Image

മു​ണ്ട​ക്ക​യം കു​ട്ടി​ക്ക​ലി​ല്‍ ഉരുള്‍പൊട്ടല്‍: 13 പേ​രെ കാ​ണാ​തായി, മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തി

Published on 16 October, 2021
മു​ണ്ട​ക്ക​യം കു​ട്ടി​ക്ക​ലി​ല്‍ ഉരുള്‍പൊട്ടല്‍: 13 പേ​രെ കാ​ണാ​തായി, മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തി
തിരുവനന്തപുരം: കനത്ത മഴയില്‍ കോട്ടയം ജില്ലയിലെ കൂട്ടിക്കല്‍ പ്ലാപ്പള്ളിയില്‍ ഉരുള്‍പൊട്ടല്‍. 13 പേരെ കാണാതായതായും മൂന്ന്​ വീടുകള്‍ ഒലിച്ചുപോയതായും വിവരമുണ്ട്​.

കുടുങ്ങിയവരെ രക്ഷപ്പെടുത്താന്‍ വ്യോമസേനയുടെ സഹായം ജില്ല ഭരണകൂടം തേടിയിട്ടുണ്ട്​. കോട്ടയം നഗരത്തു നിന്നും 57 കിലോമീറ്റര്‍ അപ്പുറത്തുള്ള മല​മ്ബ്രദേശമാണ്​ പ്ലാപ്പള്ളി.  ശക്തമായ മലവെള്ളപ്പാച്ചിലാണ് ഉണ്ടായിരിക്കുന്നത്. അതുകൊണ്ടുതന്നെ സൈന്യത്തിന്റെ സഹായം തേടയിരിക്കുകയാണ് ജില്ലാ ഭരണ കൂടം. 

പലയിടത്തും ദുരിതാശ്വാസ ക്യാമ്ബുകള്‍ തുറന്നു. പത്തനംതിട്ടയില്‍ വീണ്ടും നാശം വിതച്ചിരിക്കുകയാണ് കനത്ത മഴ. 12 മണിക്കൂറിനിടെ 10 സെ.മീ മഴ പെയ്തതായാണ് വിവരം. പത്തനംതിട്ടയിലെ പ്രധാന അണക്കെട്ടുകളെല്ലാം നിറഞ്ഞുകവിഞ്ഞു. അടുത്ത 24 മണിക്കൂറില്‍ അതീവ ജാഗ്രത പുലര്‍ത്താന്‍ പൊതുജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളോടും സന്നദ്ധ സംഘടനകളോടും സന്നദ്ധരാകാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രളയ സമാനമാണ് പല ജില്ലകളും.

പാലക്കാട്ടും മഴ ശക്തമായി. മലമ്ബുഴ ഡാമിന്റെ നാല് ഷട്ടറുകള്‍ അഞ്ച് സെന്റീമീറ്റര്‍ തുറന്നു.

പത്തനംതിട്ട മലയാലപ്പുഴ മുസല്യാര്‍ കോളജിന് സമീപം വലിയ ഉരുള്‍പൊട്ടല്‍ ഉണ്ടായതിനെ തുടര്‍ന്ന് വ്യാപക കൃഷിനാശമുണ്ടായി. കുമ്ബഴയിലെ താഴ്ന്ന പ്രദേശങ്ങള്‍ പൂര്‍ണമായും വെള്ളത്തിലായി. കുമ്ബഴ മലയാലപ്പുഴ റോഡിലേയ്ക്ക് വെള്ളം കയറി. റാന്നിയില്‍ ജലനിരപ്പ് ഉയര്‍ന്നു. വലിയതോട് കവിഞ്ഞ് റാന്നി ഇട്ടിയപ്പാറ ബസ് സ്റ്റാന്‍ഡിന് സമീപത്തേയ്ക്ക് വെള്ളം കയറുകയാണ്.

പുനലൂര്‍ മൂവാറ്റുപുഴ റോഡില്‍ മാമുക്ക് ജംങ്ങ്ഷനിലും വെള്ളം കയറി. മഴവെള്ളം ഒഴുകി പോകാനാകാതെ പത്തനംതിട്ടയിലെ കെ.എസ്.ആര്‍.ടി.സി ഗാരേജ് വെള്ളത്തിനടിയിലായി. പന്തളം കുടശനാടില്‍ കാര്‍ തോട്ടിലേയ്ക്ക് മറിഞ്ഞു. ഡ്രൈവര്‍ രക്ഷപ്പെട്ടു. ഏഴംകുളം അറുകാലിക്കല്‍ ഭാഗത്ത് മരം വീണ് വീട് തകര്‍ന്നു. അടൂരില്‍ വൈദ്യുതി നിലച്ചു.

വകയാര്‍, മുറിഞ്ഞകല്‍ എന്നിവിടങ്ങളിലെ റോഡുകളിലേയ്ക്കും വെള്ളം കയറിതുടങ്ങി. ആളപായം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തില്ല. കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ജല വൈദ്യുതി പദ്ധതിയായ ശബരിഗിരിയുമായി ബന്ധപ്പെട്ട കക്കി, ആനത്തോട് ഡാമുകളില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു. പമ്ബാ ത്രിവേണിയില്‍ ജലനിരപ്പ് ഉയരുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. മഴ കൂടുതല്‍ ശക്തമായാല്‍ എല്ലാ ഡാമുകളും തുറക്കാനാണ് ആലോചിക്കുന്നത്.

അതേ സമയം 2018ലെ സമാന സാഹചര്യമില്ലെന്ന് റവന്യു മന്ത്രി കെ. രാജന്‍ വ്യക്തമാക്കി.


പൊതുജനങ്ങള്‍ക്കുള്ള മുന്നറിയിപ്പ്


അതിതീവ്രമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ നിര്‍ദേശങ്ങള്‍ അനുസരിച്ച്‌ മാറിത്താമസിക്കേണ്ട ഇടങ്ങളില്‍ പൊതുജനം സഹകരിക്കേണ്ടതാണ്.
വിവിധ തീരങ്ങളില്‍ കടലാക്രമണം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തില്‍ മാറി താമസിക്കണം. മല്‍സ്യബന്ധനോപധികള്‍ സുരക്ഷിതമാക്കി വെക്കണം.
അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ സുരക്ഷയെ മുന്‍കരുതി മാറി താമസിക്കാന്‍ തയ്യാറാവേണ്ടതാണ്.

സ്വകാര്യ-പൊതു ഇടങ്ങളില്‍ അപകടവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങള്‍/പോസ്റ്റുകള്‍/ബോര്‍ഡുകള്‍ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങള്‍ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകള്‍ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തേണ്ടതാണ്.
ദുരിതാശ്വാസ ക്യാമ്ബുകളിലേക്ക് മാറേണ്ടുന്ന ഘട്ടങ്ങളില്‍ പൂര്‍ണ്ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം.
ദുരന്ത സാധ്യത മേഖലയിലുള്ളവര്‍ ഒരു എമെര്‍ജന്‍സി കിറ്റ് അടിയന്തരമായി തയ്യാറാക്കി വെക്കേണ്ടതാണ്. കിറ്റ് തയ്യാറാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ എന്ന ലിങ്കില്‍ ലഭിക്കും.

ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും നദികള്‍ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടുള്ളതല്ല.
ജലാശയങ്ങള്‍ക്ക് മുകളിലെ മേല്‍പ്പാലങ്ങളില്‍ കയറി കാഴ്ച കാണുകയോ സെല്ഫിയെടുക്കുകയോ കൂട്ടം കൂടി നില്‍ക്കുകയോ ചെയ്യാന്‍ പാടുള്ളതല്ല.
അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവര്‍ അണക്കെട്ടുകളില്‍ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുന്‍കൂട്ടി കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയും അധികൃതരുടെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച്‌ ആവശ്യമെങ്കില്‍ മാറിത്താമസിക്കുകയും വേണം.

മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂര്‍ണ്ണമായി ഒഴിവാക്കുക.

കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ശക്തമായ കാറ്റില്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികള്‍ എന്ന ലിങ്കില്‍ നിന്ന് ലഭ്യമാണ്

റെഡ്, ഓറഞ്ച്, മഞ്ഞ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ച ജില്ലകളില്‍ എങ്ങനെയാണ് മുന്നൊരുക്കങ്ങള്‍ നടത്തേണ്ടതെന്നും ഏത് തരത്തിലാണ് അലെര്‍ട്ടുകളെ മനസ്സിലാക്കേണ്ടത് എന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഓറഞ്ച് പുസ്തകം 2021 ല്‍ വിശദീകരിക്കുന്നുണ്ട്. അത് ഈ ലിങ്കില്‍ ലഭ്യമാണ്.
കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പില്‍ മാറ്റങ്ങള്‍ വരുത്തുന്നതനുസരിച്ച്‌ അലെര്‍ട്ടുകളില്‍ മാറ്റം വരാവുന്നതാണ്. ദുരന്ത നിവാരണ അതോറിറ്റിയുടെ ഫേസ്ബുക്ക്, ട്വിറ്റെര്‍ പേജുകളും പരിശോധിക്കുക.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക