Image

കേരളത്തില്‍ ഒരു പെട്ടിക്കട തുടങ്ങാന്‍ പോലും ആഗ്രഹിക്കുന്നില്ലന്ന് അന്‍വര്‍

Published on 16 October, 2021
കേരളത്തില്‍ ഒരു പെട്ടിക്കട തുടങ്ങാന്‍ പോലും ആഗ്രഹിക്കുന്നില്ലന്ന് അന്‍വര്‍
മലപ്പുറം: കേരളം താന്‍ പൂര്‍ണമായും വിട്ടുവെന്ന് പി.വി അന്‍വര്‍ എംഎല്‍എ. ഇവിടെ ഒരു പെട്ടിക്കട പോലും തുടങ്ങാന്‍ പാടില്ലെന്ന് തീരുമാനിച്ചവനാണ് താനെന്ന് അന്‍വര്‍ പറഞ്ഞു. ഈ മണ്ണില്‍ രാഷ്‌ട്രീയവും വ്യക്തിത്വവും പാര്‍ട്ടിയോടുള്ള ആത്മാര്‍ത്ഥതയും നിലനിര്‍ത്തി പ്രവര്‍ത്തിക്കണമെങ്കില്‍ ഒരു കച്ചവടവും ഇവിടെ പാടില്ലെന്നാണ് തന്റെ തീരുമാനമെന്ന് അന്‍വര്‍ പറഞ്ഞു. ആഫ്രിക്കയിലെ സിയാറ ലിയോണില്‍ നിന്നെത്തിയ ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അന്‍വര്‍.

കോണ്‍ഗ്രസുകാര്‍ ടോര്‍ച്ചടിച്ച്‌ നോക്കേണ്ടത് തന്നെ തിരഞ്ഞ് നോക്കിക്കൊണ്ടല്ല. എഐസിസി ആസ്ഥാനത്തേയ്‌ക്കാണ് ടോര്‍ച്ചടിക്കേണ്ടത്. കെ.സി വേണുഗോപാലിന്റെ നേതൃത്വത്തില്‍ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിനെ തകര്‍ത്തുകൊണ്ടിരിക്കുകയാണ്. കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ബിജെപി ഏല്‍പ്പിച്ച ഏജന്റായി പ്രവര്‍ത്തിക്കുകയാണ് കെസി വേണുഗോപാലെന്നും അന്‍വര്‍ ആരോപിച്ചു.

പരനാറികളായിട്ടുള്ള ചില ആളുകള്‍ ഇവിടെയുണ്ട്. എംഎല്‍എ ആയി കഴിഞ്ഞാല്‍ അല്ലെങ്കില്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ വന്നാല്‍ എന്ത് തെമ്മാടിത്തരവും പറയാമെന്നാണ് ഇവരുടെ തോന്നല്‍. അതെല്ലാം കേട്ട് സഹിക്കണം എന്ന ധാരണ ചില ആളുകള്‍ക്കുണ്ട്. ഇങ്ങോട്ട് കാണിക്കുന്ന സംസ്‌കാരത്തിന്റെ ഒരു പരിധി വരെ നമ്മളൊക്കെ ക്ഷമിക്കും. അത് പരിധിവിട്ടാല്‍ അതിനനുസരിച്ച്‌ മറുപടി കൊടുക്കാന്‍ വ്യക്തിപരമായി താന്‍ ബാദ്ധ്യസ്ഥാനാണെന്നും അന്‍വര്‍ വ്യക്തമാക്കി.

ബിസിനസ് ആവശ്യത്തിന് തുടരെ നാട്ടില്‍ നിന്നും പോവുന്ന പിവി അന്‍വര്‍ നിയമസഭയിലെത്താത്തത് കഴിഞ്ഞ ദിവസങ്ങളില്‍ ചര്‍ച്ചയായിരുന്നു. എംഎല്‍എക്കെതിരെ നടപടി എടുക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുകയുമുണ്ടായി. കഴിയില്ലെങ്കില്‍ പണി മതിയാക്കി പോകാന്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞിരുന്നു. 15ാം കേരള നിയമസഭ 29 ദിവസങ്ങള്‍ ചേര്‍ന്നപ്പോള്‍ പി.വി അന്‍വര്‍ വെറും അഞ്ച് ദിവസം മാത്രമാണ് ഹാജരായതെന്ന് സെക്രട്ടറിയേറ്റ് നല്‍കിയ വിവരാവകാശ രേഖയിലൂടെ പുറത്തുവന്നിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക